വെംബ്ലിയിലേക്ക് റയൽ; ബൈ ബൈ ബയേൺ
text_fieldsമഡ്രിഡ്: ബയേൺ മ്യൂണിക്കിനെ രണ്ടാംപാദ സെമിയിൽ 2-1ന് പരാജയപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്ന് റയൽ മഡ്രിഡ്. ഹൊസേലുവിന്‍റെ ഇരട്ടഗോളാണ് റയലിനെ വിജയത്തിലെത്തിച്ചത്. ഒന്നാംപാദത്തിൽ ഇരുടീമും 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ, ഇരുപാദങ്ങളിലുമായി 4-3ന് റയലിന് ജയം. ജൂൺ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ റയൽ മഡ്രിഡ് ബൊറൂസ്സിയ ഡോർട്മുണ്ടുമായി ഏറ്റുമുട്ടും.
സ്വന്തം തട്ടകമായ സാൻഡിയാഗോ ബെർണാബ്യൂവിൽ നടന്ന ഇന്നലത്തെ വാശിയേറിയ മത്സരത്തിൽ അവസാന മിനിറ്റുകളിൽ പിറന്ന ഇരട്ടഗോളാണ് റയലിനെ ഫൈനലിലേക്ക് നയിച്ചത്. ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാംപകുതിയിൽ ഇരുടീമും പൊരുതിക്കളിച്ചു. റയലിനെ ഞെട്ടിച്ചുകൊണ്ട് 68ാം മിനിറ്റിൽ അൽഫോൻസോ ഡേവീസിന്‍റെ ഗോളിലൂടെ ബയേൺ മുന്നിലെത്തി. ഹാരി കെയ്നിന്റെ ഒരു ഡയഗണൽ പാസ് സ്വീകരിച്ചായിരുന്നു ഈ ഗോൾ. താരത്തിന്റെ ചാമ്പ്യൻസ് ലീഗ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.
81ാം മിനിറ്റിൽ സബ്ബായി എത്തിയാണ് ഹൊസേലു റയലിനെ വിജയത്തിലേക്ക് നയിച്ചത്. 88ാം മിനിറ്റിൽ ഹൊസേലുവിന്‍റെ ആദ്യ ഗോളിലൂടെ റയൽ സമനില പിടിച്ചു. വിനീഷ്യസിന്‍റെ അനായസം കൈക്കലാക്കാവുന്ന ഒരു ഷോട്ട് ഗോളി നൂയറിന്റെ കയ്യിൽ നിന്ന് വഴുതി. ഹൊസേലു ആ അവസരം മുതലെടുത്ത് ഫിനിഷ് ചെയ്തു. സ്കോർ 1-1.
ഇൻജുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ തന്‍റെ രണ്ടാംഗോളും നേടി ഹൊസേലു റയലിന്‍റെ ജയം ഉറപ്പിച്ചു. ആദ്യം ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിൽ അത് ഗോളാണെന്ന് വിധിച്ചു. ഇതോടെ 2-1ന് റയലിന് വിജയം. പി.എസ്.ജിയെ തകർത്തെത്തിയ ഡോർട്മുണ്ടാണ് ഫൈനലിൽ എതിരാളികൾ.
പി.എസ്.ജിയെ സെമിയിൽ ഇരുപാദങ്ങളിലും തകർത്താണ് ബൊറൂസ്സിയ ഡോർട്മുണ്ട് ഫൈനലിലെത്തിയത്. ബെർലിനിൽ നടന്ന ആദ്യ പാദത്തിലും പാരീസിൽ നടന്ന രണ്ടാംപാദത്തിലും 1-0ന് (ഇരുപാദത്തിലുമായി 2-0) ജർമൻ ക്ലബ് ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.