ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, ഹംഗറി; മരണഗ്രൂപ്പിലെ എല്ലാവരും മരിച്ചു
text_fieldsലണ്ടൻ: വെംബ്ലിയിൽ ഇംഗ്ലണ്ടിന് മുന്നിൽ രണ്ടുഗോളുകൾക്ക് ജർമനിയും മുട്ടുമടക്കിയതോടെ യൂറോകപ്പിലെ മരണഗ്രൂപ്പെന്നറിയപ്പെട്ടിരുന്ന 'എഫിലെ' എല്ലാ ടീമുകളും അകാല ചരമമടഞ്ഞു. ലോകചാമ്പ്യൻമാരെന്ന വമ്പുമായെത്തിയ ഫ്രാൻസ്, യൂറോ ചാമ്പ്യൻമാരായ പോർച്ചുഗൽ, നാലുതവണ ലോകചാമ്പ്യൻമാരായ ജർമനി, കറുത്തകുതിരകളാകാൻ കെൽപ്പുള്ള ഹംഗറി എന്നിവരായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പ് ജേതാക്കളാകുന്നവർ കിരീടം ഉയർത്തുമെന്ന് വരെ പ്രവചനങ്ങളുണ്ടായി.
എന്നാൽ പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിക്കുേമ്പാൾ ഒരു ടീമും ടൂർണമെൻറിൽ ശേഷിക്കുന്നില്ല. ഹംഗറി ഗ്രൂപ്പിൽ വീരമരണം പ്രാപിച്ചപ്പോൾ പോർച്ചുഗൽ ബെൽജിയത്തിനോട് ഏകപക്ഷീയമായ ഒരുഗോളിന് തോൽക്കുകയായിരുന്നു. ഫ്രാൻസിനെയാകട്ടെ, അപ്രതീക്ഷിതമായി സ്വിറ്റ്സർലൻഡ് അട്ടിമറിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 75ാം മിനിറ്റിലെ റഹീം സ്റ്റെർലിങ്ങിെൻറയും 86ാം മിനിറ്റിൽ ഹാരി കെയ്നിെൻറയും ഗോളുകളാണ് ജർമനിയെ തകർത്തത്.
പ്രതിരോധം വിട്ടുകളിക്കാതെയാണ് ഇരു ടീമുകളും തുടക്കം മുതൽ പന്തുതട്ടിത്തുടങ്ങിയത്. അഞ്ചു പ്രതിരോധ നിരക്കാരെ അണി നിരത്തി ടീം പ്രഖ്യാപിച്ചപ്പോഴേ ഇംഗ്ലണ്ട് നയം വ്യക്തമാക്കിയിരുന്നു. 15ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് തൊടുത്ത ഷോട്ട് ജർമൻ ഗോൾ കീപ്പർ മാനുവൽ ന്യൂയർ തടുത്തിട്ടു. 31ാം മിനിറ്റിൽ തിമോ വെർണർക്ക് ലഭിച്ച സുവർണാവസരം ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിെൻറ കാലുകളിലുടക്കി കടന്നുപോയി. 45ാം മിനിറ്റിൽ ഗോളിലേക്ക് നിറയൊഴിക്കാമായിരുന്ന അവസരം ഹാരികെയ്ൻ കളഞ്ഞു കുളിച്ചു. ആദ്യപകുതിയിൽ ഓർത്തിരിക്കാനുണ്ടായിരുന്നത് ഇത്രമാത്രം.
ഇടവേളക്ക് ശേഷമുള്ള ആദ്യ മിനിറ്റുകളും ആദ്യ പകുതിയുടെ ആവർത്തനമായിരുന്നു. 48ാം മിനിറ്റിൽ കൈൽ ഹാവർട്സിെൻറ തകർപ്പൻ ഷോട്ട് പിക്ഫോർഡ് ഞൊടിയിടക്കുള്ളിൽ തട്ടിയകറ്റി. 76ാം മിനിറ്റിൽ ലൂക് ഷായുടെ താണുപറന്ന ക്രോസ് സ്റ്റെർലിങ് വലയിലെത്തിക്കുകയായിരുന്നു. 80ാം മിനിറ്റിൽ അപ്രതീക്ഷിതമായി വീണുകിട്ടിയ സുവർണാവസരം തോമസ് മുള്ളർ പുറത്തേക്കടിച്ചതോടെ ജർമനിയുടെ വിധി തീരുമാനമായിരുന്നു. 86ാം മിനിറ്റിൽ ഗ്രീലിഷ് ബോക്സിന് മധ്യത്തിലേക്ക് നീട്ടിയ പന്തിന് തലവെച്ച് കെയ്ൻ വിജയമുറപ്പിച്ചു. അപ്പോഴേക്കും ഗാലറിയിൽ 1966ലെ വിജയഗീതം മുഴങ്ങിത്തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.