പ്രതിരോധത്തോടൊപ്പം അക്രമണവും; ഇറ്റലി പഴയ ഇറ്റലിയല്ല
text_fieldsറോം: യൂറോപിലെ കൊമ്പന്മാർ സാക്ഷി.. ഇറ്റലി പഴയ ഇറ്റലിയല്ല. പ്രതിരോധത്തോടൊപ്പം അക്രമണ വീര്യവും കൂടിയ അസൂറിപ്പടയെ എല്ലാവരും കരുതിയിരിക്കണം. യൂറോ കപ്പ് ഗ്രൂപ് 'എ'യിൽ സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച് തുർച്ചയായ രണ്ടാം മത്സരത്തിലും മിന്നും ജയം നേടി ഇറ്റലി നോകൗട്ടിലേക്ക്. മധ്യനിര താരം മാന്വൽ ലൊകാടെല്ലി രണ്ടു ഗോളുകൾ നേടിയപ്പോൾ, ഗോളടിവീരൻ ഇമ്മൊബിലെയാണ് ഇറ്റലിയുടെ മൂന്നാം ഗോൾ നേടിയത്. ഇതോടെ രണ്ടു മത്സരത്തിൽ ആറു പോയൻറുമായി ഇറ്റലി പ്രീക്വാർട്ടറിൽ സീറ്റുറപ്പിച്ചു.
കളി തുടങ്ങി ആദ്യ അഞ്ചു മിനിറ്റും പന്ത് സ്വിറ്റ്സർലൻഡിന്റെ കൈവശമായിരുന്നു. എന്നാൽ, പതിയെ കളിയിലേക്ക് തിരിച്ചുവന്ന ഇറ്റലി പന്ത് പിടിച്ചെടുത്ത് പ്രത്യാക്രമണം തുടങ്ങി. രണ്ടു മിനിറ്റിനുള്ളിൽ രണ്ടുതവണ സ്വിറ്റ്സർലൻഡ് ബോക്സിൽ ഇറ്റലി പന്തെത്തിച്ചു. ഒരുതവണ അപകടം ഒഴിവാക്കിയത് സ്വിസ് ക്യാപ്റ്റൻ ഷാക്കയാണ്. പത്താം മിനിറ്റിൽ ഇമ്മൊബിലെയുടെ തകർപ്പൻ ഹെഡർ തലനാരിഴക്ക് പുറത്ത് പോയി.
പിന്നീടും ആധിപത്യം ഇറ്റലിക്കായിരുന്നു. അധികം വൈകാതെ കോർണർ കിക്കിൽ നിന്ന് ഇറ്റലി വലകുലുക്കിയെങ്കിലും ക്യാപ്റ്റൻ കെല്ലിനിയുടെ കൈയിൽ തട്ടിയതിന് വാറിൽ ഗോൾ നിഷേധിക്കപ്പെട്ടു. പക്ഷേ, ഇറ്റലിക്ക് സന്തോഷ ചിരിക്കായി ഏറെ കാത്തുനിൽക്കേണ്ടിവന്നില്ല. 26ാം മിനിറ്റിൽ ഒന്നാന്തരം കൗണ്ടർ അറ്റാക്കിൽ ഇറ്റലി സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ചു. ഡൊമനികോ ബെറാഡിയാണ് മിന്നൽ വേഗത്തിൽ ബോക്സിലേക്ക് വിങ്ങിലൂടെ കയറി പാസ് നൽകിയത്. കൃത്യ സമയത്ത് പൊസിഷനിലെത്തിയ മാന്വൽ ലെകാടെല്ലിക്ക് പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിടേണ്ട കാര്യം മാത്രമെയുണ്ടായുള്ളൂ.
ഇതോടെ, സ്വിറ്റ്സർലൻഡ് പതറി. പിന്നീട് എണ്ണമറ്റ അവസരങ്ങളാണ് ആദ്യ പകുതി പിരിയും മുെമ്പ ഇറ്റലി മെനഞ്ഞെടുത്തത്. രണ്ടാം പകുതിയും പന്തുവിട്ടുകൊടുക്കാതെ ഇറ്റലിയുടെ ആധിപത്യം നീണ്ടു. 52ാം മിനിറ്റിൽ സ്വിറ്റ്സലൻഡുകാരുടെ ഹൃദയും തകർത്ത് മാന്വൽ ലെകാടെല്ലി വീണ്ടും ഗോൾ നേടി. ഒടുവിൽ സ്ട്രൈക്കർ ഇമ്മൊബിലെയുടെ പവർഫുൾ ഷോട്ട് 89ാം മിനിറ്റിൽ ഗോളായതോടെ ഇറ്റലി വിജയം വർണാഭമാക്കി. അവസാനം വരെ പാസിങ് ഗെയിം തുടർന്നെങ്കിലും മുന്നേറ്റത്തിൽ മൂർച്ച കുറഞ്ഞതാണ് സിറ്റ്സർലൻഡിന് വിനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.