ത്രില്ലർ പോരിനൊടുവിൽ സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി സ്പെയിൻ, ഡെന്മാർക്കിനെ തളച്ച് സെർബിയ
text_fieldsസാന്താക്രൂസ് (സ്പെയിൻ): യുവേഫ നാഷൻസ് ലീഗിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ സ്വിറ്റ്സർലാൻഡിനെ കീഴടക്കി സ്പെയിൻ. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് യുറോ ചാമ്പ്യന്മാരുടെ ജയം. അന്തിമവിസിലിന് തൊട്ടുമുൻപ് ലഭിച്ച പെനാൽറ്റിയാണ് സ്പെയിനിന് രക്ഷയായത്.
ജയത്തോടെ ലീഗ് എ ഗ്രൂപ്പ് 4 പട്ടികയിൽ 16 പോയിന്റുമായി സ്പെയിൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ കടന്നു. സ്പെയിനിലെ സാന്താക്രൂസ് എസ്റ്റാഡിയോ ഡി ടെനറിഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 32ാം മിനിറ്റിൽ യുവതാരം യെറെമി പിനോയാണ് സ്പെയിനിന് ആദ്യ ലീഡ് നൽകുന്നത്.
രണ്ടാം പകുതിയിൽ 63ാം മിനിറ്റിൽ ജോയൽ മോണ്ടെയ്റോ സ്വിറ്റ്സർലാഡിനെ ഒപ്പമെത്തിച്ചു(1-1). എന്നാൽ 68ാം മിനിറ്റിൽ ബ്രിയാൻ ഗിലിന്റെ ഗോളിലൂടെ സ്പെയിൻ വീണ്ടും ലീഡെടുത്തു (2-1). 85ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ സ്വിറ്റ്സർലാൻഡ് വീണ്ടും സ്കോർ തുല്യമാക്കി (2-2).പകരക്കാരനായി ഇറങ്ങിയ സ്വിസ് സ്ട്രൈക്കർ ആൻഡി സെക്വിരിയാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്.
എന്നാൽ സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിന് അവസാനം ഇഞ്ചുറി ടൈമിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് വിജയത്തിലെത്തിച്ചത്. ബ്രിയാൻ സരഗോസയാണ് സ്പെയിനിനായി വിജയഗോൾ കണ്ടെത്തിയത്.
നാഷൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ സെർബിയ- ഡെന്മാർക്ക് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മറ്റൊരു മത്സരത്തിൽ റൊമാനിയ സൈപ്രസിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്തു. ബൾഗേറിയ -ബലേറുസ് മത്സരം സമനിലയിൽ (1-1) പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.