യുവേഫ നേഷൻസ് ലീഗ്: നെതർലൻഡ്സിനെ കീഴടക്കി ക്രൊയേഷ്യ ഫൈനലിൽ
text_fieldsയുവേഫ നേഷൻസ് ലീഗ് ഫുട്ബാളിൽ ആതിഥേയരായ നെതർലാൻഡ്സിനെ കീഴടക്കി ക്രൊയേഷ്യ ഫൈനലിൽ. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ക്രൊയേഷ്യൻ വിജയം.
34ാം മിനിറ്റിൽ ഡോനിയൽ മലെനിലൂടെ നെതർലൻഡ്സാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. എന്നാൽ, 55ാം മിനിറ്റിൽ സൂപ്പർ താരം ലൂക മോഡ്രിച്ചിനെ കോഡി ഗാപ്കൊ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ആന്ദ്രെ ക്രമാരിച് വലയിലെത്തിച്ചതോടെ ക്രൊയേഷ്യ തുല്യതയിലെത്തി. 72ാം മിനിറ്റിൽ മാരിയോ പസാലിച്ചിലൂടെ ലീഡും നേടി. വിജയമുറപ്പിച്ച ക്രൊയേഷ്യൻ വലയിൽ ഇഞ്ചുറി സമയത്തിന്റെ ആറാം മിനിറ്റിൽ നോവ ലാങ് പന്തെത്തിച്ചതോടെ ഗാലറിയിൽ ആരവമുയർന്നു.
നിശ്ചിത സമയത്ത് 2-2ന് തുല്യത പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എന്നാൽ, എക്സ്ട്രാ ടൈമിൽ ക്രൊയേഷ്യയുടെ മിന്നുന്ന പ്രകടനത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പകരക്കാരനായെത്തിയ ബ്രൂണോ പെറ്റ്കോവിച് 98ാം മിനിറ്റിൽ അവരെ മുന്നിലെത്തിക്കുകയും ചെയ്തു. കളി തീരാൻ നാല് മിനിറ്റ് മാത്രം ശേഷിക്കെ ടിറേൽ മലാസിയ ബോക്സിൽ പെറ്റ്കോവിച്ചിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൂക മോഡ്രിച് ക്രൊയേഷ്യൻ വിജയം ആധികാരികമാക്കി.
അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ക്രൊയേഷ്യയുടെ രണ്ടാമത്തെ ഫൈനലാണ് നേഷൻസ് ലീഗിലേത്. 2018ലെ ലോകകപ്പിലാണ് ഇതിന് മുമ്പ് ഫൈനലിലെത്തിയത്. എന്നാൽ, അന്ന് ഫ്രാൻസിനോട് രണ്ടിനെതിരെ നാല് ഗോളിന് കീഴടങ്ങുകയായിരുന്നു. ഇന്ന് നടക്കുന്ന സ്പെയിൻ-ഇറ്റലി മത്സരത്തിലെ വിജയി കളാകും ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ക്രൊയേഷ്യയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.