നേഷൻസ് ലീഗിൽ ജർമനിക്കും ഡെൻമാർക്കിനും ജയം; നെതർലാൻഡ്സ് - സ്പെയിൻ മത്സരം സമനിലയിൽ
text_fieldsയുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഒന്നാം പാദത്തിൽ ഇറ്റലിക്കെതിരെ ജർമനിക്ക് ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമാണ് ജർമൻ പടയുടെ വമ്പൻ തിരിച്ചുവരവ്. സാൻഡ്രോ ടൊണാലി ഒമ്പതാം മിനിറ്റിൽ നേടിയ ഗോളിലൂടെ ഇറ്റലി ആദ്യ പകുതി സ്വന്തമാക്കി. എന്നാൽ ജർമനിക്കായി 49-ാം മിനിറ്റിൽ ടിം ക്ലെയിൻഡിയെൻസ്റ്റ് സമനില ഗോളും, 76-ാം മിനിറ്റിൽ ലിയോൺ ഗോററ്റ്സ്ക വിജയ ഗോളും സ്വന്തമാക്കി.
പോർച്ചുഗലിനെതിരെ രണ്ടാം പകുതിയിൽ നേടിയ ഒറ്റ ഗോളിന്റെ കരുത്തിലാണ് ഡെൻമാർക്ക് ജയം സ്വന്തമാക്കിയത്. 78-ാം മിനിറ്റിൽ റാസ്മസ് ഹോജ്ലുണ്ടാണ് വലകുലുക്കിയത്. മത്സരത്തിൽ ഏറിയ പങ്കും പന്തു കൈവശം വെക്കാനായെങ്കിലും പോർച്ചുഗൽ പടക്ക് ഗോൾ നേടാനായില്ല. സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ കളത്തിലിറങ്ങിയെങ്കിലും ഗോൾ നേടാനായില്ല.
നെതർലാൻഡ്സ് - സ്പെയിൻ മത്സരം സമനിലയിൽ അവസാനിച്ചു. ഒമ്പതാം മിനിറ്റിൽ നികോ വില്യംസിലൂടെ സ്പെയിൻ ആദ്യ ഗോൾ നേടി. എന്നാൽ 28-ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ ഓറഞ്ച് പട തിരിച്ചടിച്ചു. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റിൽ തിജ്ജാനി റെയ്ജിൻദേർസിലൂടെ നെതർലാൻഡ്സ് ലീഡ് നേടി. മത്സരം നെതർലൻഡ്സ് സ്വന്തമാക്കിയെന്ന് തോന്നിയ ഘട്ടത്തിൽ, ഇൻജുറി ടൈമിൽ മൈക്കൽ മറിനോ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ സമനിലയിലെത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.