അരങ്ങേറ്റം ‘കളറാക്കി’ എംബാപ്പെ! റയലിന് യുവേഫ സൂപ്പർ കപ്പ് കിരീടം; റെക്കോഡ്
text_fieldsവാഴ്‌സോ: യുവേഫ സൂപ്പർ കപ്പ് കിരീടം റയൽ മഡ്രിഡിന്. പോളണ്ടിലെ വാഴ്‌സോ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്‍റയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയാണ് സ്പാനിഷ് ക്ലബ് ആറാം തവണയും സൂപ്പർ കപ്പിൽ മുത്തമിട്ടത്.
വല കുലുക്കി ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ റയലിൽ അരങ്ങേറ്റം കളറാക്കി. 68ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. 59ാം മിനിറ്റിൽ യുറുഗ്വായ് താരം ഫെഡറികോ വാൽവെർദെയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്. കിരീട നേട്ടത്തോടെ പുതിയ സീസണ് തുടക്കമിടാനായതിന്‍റെ ആവേശത്തിലാണ് കാർലോ ആഞ്ചലോട്ടിയും സംഘവും. സൂപ്പർ കപ്പ് കിരീട നേട്ടത്തിൽ എ.സി മിലാനെയും ബാഴ്സലോണയെയും (അഞ്ച് കിരീടങ്ങൾ) മറികടന്ന് റെക്കോഡ് കുറിക്കാനും റയലിനായി. 2002, 2014, 2016, 2017, 2022 വർഷങ്ങളിലാണ് ക്ലബ് ഇതിനു മുമ്പ് സൂപ്പർ കപ്പ് കിരീടങ്ങൾ നേടിയത്.
ഇറ്റാലിയൻ ക്ലബിനെതിരെ ആദ്യ പകുതിയിൽ താളം കണ്ടെത്താനായില്ലെങ്കിലും ഇടവേളക്കുശേഷം സ്പാനിഷ് ചാമ്പ്യന്മാർ കളം നിറയുന്നതാണ് കണ്ടത്. ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ഇടതുവിങ്ങിൽനിന്ന് നൽകിയ ക്രോസ് വാൽവർദെക്ക് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എംബാപ്പെയെ കൃത്യമായി മാർക്ക് ചെയ്തതിനാൽ താരത്തിന് ആദ്യ പുകുതിയിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. എംബാപ്പെ എത്തിയതോടെ മധ്യനിരയിൽ അൽപം ഇറങ്ങിയാണ് ജൂഡ് ബെല്ലിങ്ഹാം കളിച്ചത്.
റോഡ്രിഗോയുടെ ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയതാണ് ആദ്യ പകുതിയിൽ റയലിന്‍റെ എടുത്തുപറയാനുള്ള ഗോൾ ശ്രമം. ബെല്ലിങ്ഹാമിന്‍റെ അസിസ്റ്റിലൂടെയാണ് എംബാപ്പെ റയലിനായി ആദ്യ മത്സരത്തിൽതന്നെ വലകുലുക്കിയത്. ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് നൽകിയ ഒരു മനോഹര ക്രോസ് താരം പ്രതിരോധ താരങ്ങൾക്കിടയിലൂടെ കൃത്യമായി തന്നെ ലക്ഷ്യത്തിലെത്തിച്ചു. ആഞ്ചലോട്ടിയൂടെ റയലിനൊപ്പമുള്ള കിരീട നേട്ടം ഇതോടെ 14 ആയി. മുൻ പരിശീലകൻ മിഗ്വൽ മുനോസും റയലിനൊപ്പം 14 കിരീടങ്ങൾ നേടിയിട്ടുണ്ട്.
ക്ലബിനായി ഒരുപാട് ഗോളുകൾ നേടാനുള്ള കഴിവ് എംബാപ്പെക്കുണ്ടെന്ന് മത്സരശേഷം ആഞ്ചലോട്ടി പ്രതികരിച്ചു. ഈ രാത്രി മനോഹരമായിരുന്നെന്നും ഈ നിമിഷത്തിനായാണ് താൻ വളരെക്കാലമായി കാത്തിരുന്നതെന്നുമാണ് എംബാപ്പെ മാധ്യമങ്ങളോട് പറഞ്ഞത്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും റയലിന് തന്നെയായിരുന്നു മുൻതൂക്കം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യുറോപ്പ് ലീഗ് ജേതാക്കളും തമ്മിലാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുക.
തിങ്കളാഴ്ച ആർ.സി.ഡി മല്ലോർക്കക്കെതിരെയാണ് റയലിന്‍റെ സീസണിലെ ആദ്യ ലാ ലീഗ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.