ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തിപ്പിലെ വീഴ്ച; ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകും
text_fieldsകഴിഞ്ഞ വർഷം പാരിസിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാനെത്തിയ ലിവർപൂൾ ആരാധകർക്കുനേരെയുണ്ടായ അതിക്രമത്തിൽ വീഴ്ച സമ്മതിച്ച് യുവേഫ. മത്സരം കാണാനെത്തിയ എല്ലാ ലിവർപൂൾ ആരാധകരുടെയും ടിക്കറ്റ് തുക മടക്കി നൽകുമെന്ന് യുവേഫ അറിയിച്ചു.
ലിവർപൂളും റയൽ മഡ്രിഡും തമ്മിലായിരുന്നു ഫൈനൽ. മത്സരത്തിൽ റയൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. എന്നാൽ, മത്സരം കാണാനെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ലിവർപൂൾ ആരാധകർക്ക് സ്റ്റേഡിയത്തിനു പുറത്ത് പൊലീസ് അതിക്രമം നേരിടേണ്ടി വന്നിരുന്നു. മത്സരം കാണാനായി പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസ് മൈതാനത്തിന് പുറത്ത് മണിക്കൂറുകൾ മുമ്പെത്തിയ ആരാധകരെ സുരക്ഷാ ജീവനക്കാർ തടഞ്ഞിട്ടു. ടിക്കറ്റുമായി എത്തിയ പലർക്കും ഗ്രൗണ്ടിൽ കയറാനായില്ല.
ഇത് സംഘർഷത്തിൽ കലാശിക്കുകയും പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെ 38 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്. കാഴ്ചക്കാരിൽ നിരവധി പേർ അന്ന് കവർച്ചക്കിരയായി. സംഘർഷത്തിനു കാരണം ലിവർപൂൾ ആരാധകരാണെന്ന് യുവേഫ തുടക്കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. വ്യാജ ടിക്കറ്റുകളുമായി എത്തിയവരാണ് പ്രശ്നക്കാരെന്നും ആരോപിച്ചിരുന്നു.
എന്നാൽ, സ്വതന്ത്ര അന്വേഷണ കമീഷൻ കഴിഞ്ഞമാസം സമർപ്പിച്ച റിപ്പോർട്ടിൽ പരിപാടിയുടെ നടത്തിപ്പുകാരായ യുവേഫയെ തന്നെയാണ് പ്രതിസ്ഥാനത്ത് നിർത്തിയത്. സംഘാടനത്തിലെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഫ്രഞ്ച് പൊലീസ് ലിവർപൂൾ ആരാധകർക്കുനേരെ മുൻവിധിയോടെയാണ് പെരുമാറിയതെന്നും 220 പേജ് വരുന്ന അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ലിവർപൂൾ ക്ലബിനോട് യുവേഫ ജനറൽ സെക്രട്ടറി തിയോഡർ തിയോഡറൈഡിസ് നിരുപാധികം മാപ്പുചോദിക്കുകയും ചെയ്തു.
തുടർന്നാണ് മത്സരം കാണാനായി ടിക്കറ്റെടുത്ത 19,618 ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകാൻ യുവേഫ തീരുമാനിച്ചത്. കൂടാതെ, സ്റ്റേഡിയത്തിൽ കയറാനാകാതെ വന്ന റയിൽ മഡ്രിഡ് ആരാധകർക്കും ടിക്കറ്റ് തുക തിരികെ നൽകും. പരസ്യമായും സ്വകാര്യമായും കിട്ടിയ പരാതികളും വിമർശനങ്ങളും ഞങ്ങൾ കണക്കിലെടുക്കുകയും സമഗ്രവും നീതിയുക്തവുമായ ഒരു സ്കീം ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും യുവേഫ ജനറൽ സെക്രട്ടറി പ്രതികരിച്ചു.
62 പൗണ്ട് മുതൽ 610 പൗണ്ട് വരെയാണ് ടിക്കറ്റ് നിരക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.