'ഇത് പ്രവർത്തിക്കാനുള്ള സമയം'; റഷ്യക്കെതിരെ ലോകകപ്പ് യോഗ്യത മത്സരം കളിക്കില്ലെന്ന് പോളണ്ടും സ്വീഡനും
text_fieldsവാർസോ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ഫുട്ബാൾ ലോകത്ത് നിന്ന് കൂടുതൽ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നു. റഷ്യക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ലോകകപ്പ് യോഗ്യത റൗണ്ട് പ്ലേഓഫ് മത്സരങ്ങൾ ബഹിഷ്കരിക്കാൻ പോളണ്ടും സ്വീഡനും തീരുമാനിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് പാരീസിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
'വാക്കുകൾക്കല്ല, പ്രവർത്തിക്കാനുള്ള സമയമാണിത്. യുക്രെയ്‌നെതിരെ റഷ്യൻ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാൽ പോളിഷ് ദേശീയ ടീം റഷ്യയ്‌ക്കെതിരായ പ്ലേ ഓഫ് മത്സരം കളിക്കാൻ ഉദ്ദേശിക്കുന്നില്ല'-പോളണ്ട് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സെസാറി കുലേസ ട്വീറ്റ് ചെയ്തു. ഫിഫയ്ക്ക് ഒരു സംയുക്ത പ്രസ്താവന കൊണ്ടുവരാൻ സ്വീഡൻ, ചെക്ക് റിപബ്ലിക്ക് ഫെഡറേഷനുകളുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അസോസിയേഷന്റെ തീരുമാനത്തെ പിന്തുണച്ച് ക്യാപ്റ്റനും ബയേൺ മ്യൂണിക് സൂപ്പര്‍ താരവുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും രംഗത്തെത്തി. 'ഇത് ശരിയായ തീരുമാനമാണ്. ഈ സാഹചര്യത്തില്‍ റഷ്യയുമായി ഒരു മത്സരം കിളിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല. റഷ്യന്‍ കളിക്കാരും ആരാധകരും ഇതിന് ഉത്തരവാദികളല്ല. പക്ഷേ ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല'-ലെവന്‍ഡോസ്‌കി ട്വീറ്റ് ചെയ്തു. അസോസിയേഷൻ തീരുമാനത്തെ പിന്തുണച്ച് പോളിഷ് താരങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
മാര്‍ച്ച് 24ന് മോസ്‌കോയിലായിരുന്ന റഷ്യ- പോളണ്ട് യോഗ്യതാ റൗണ്ട് മത്സരം നടക്കേണ്ടിയിരുന്നത്. അതേ ദിവസമായിരുന്നു യുക്രെയ്ൻ-സ്കോട്‍ലൻഡ് മത്സരം. റഷ്യ- പോളണ്ട് മത്സര വിജയിയായിരുന്നു മാർച്ച് 29ന് സ്വീഡനേയോ ചെക്ക് റിപബ്ലിക്കിനേയോ നേരിടേണ്ടിയിരുന്നത്. മത്സരം എവിടെ നടക്കുന്നുവെന്നത് പരിഗണിക്കാതെ തന്നെ റഷ്യയ്‌ക്കെതിരെ പ്ലേ ഓഫ് മത്സരം കളിക്കില്ലെന്ന് തീരുമാനിച്ചതായി സ്വീഡിഷ് ഫുട്ബാൾ അസോസിയേഷൻ (എസ്.വി.എഫ്.എഫ്) ശനിയാഴ്ച അറിയിച്ചു.
ഭരണസമിതി എക്സിക്യൂട്ടീവ് മീറ്റിങ്ങിന് പിന്നാലെയാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് മാറ്റിയതായി യുവേഫ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. റഷ്യൻ സർക്കാറിന് കീഴിലുള്ള കമ്പനിയായ ഗാസ്പ്രോമിന്റെ ഉടമസ്ഥതയിലുള്ള ക്രെസ്റ്റോസ്കി സ്റ്റേഡിയത്തിലായിരുന്നു കലാശപ്പോരാട്ടം നടക്കേണ്ടിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മേയ് 28ന് പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ മത്സരം അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.