അബ്രമോവിച്ചിന്റെ ആസ്തികൾ യു.കെ മരവിപ്പിച്ചു; ചെൽസിയെ ഇനി വിൽക്കാനാവില്ല
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളായ ചെൽസിയുടെ ഉടമ റഷ്യൻ അതിസമ്പന്നൻ റോമൻ അബ്രമോവിച്ചിന്റെ ആസ്തികൾ ബ്രിട്ടൻ മരവിപ്പിച്ചു. ഇതോടെ, തിടുക്കപ്പെട്ട് ക്ലബ് വിറ്റഴിക്കാനുള്ള ശ്രമങ്ങൾക്ക് വിലക്ക് വീണു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടുള്ള പ്രതികരണമായാണ് നടപടി. റഷ്യൻ പ്രസിഡന്റ് പുടിന്റെ വിശ്വസ്തനായാണ് അബ്രമോവിച്ച് കണക്കാക്കപ്പെടുന്നത്. 2003ലാണ് ഇംഗ്ലീഷ് ക്ലബിന്റെ ഉടമസ്ഥതയിലാകുന്നത്.
വിലക്കു വീണെങ്കിലും താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും ശമ്പളത്തിനും ക്ലബ് നടത്തിപ്പിനും പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ടീമിന് കളികളുമായി മുന്നോട്ടുപോകാനാകും. മുമ്പ് വിറ്റഴിച്ച ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മൈതാനങ്ങളിൽ പ്രവേശനത്തിനും അനുമതിയുണ്ട്. പുതിയ ടിക്കറ്റ് വിൽപന പാടില്ല. സ്വന്തം മൈതാനത്തെ കാറ്ററിങ് സേവനങ്ങൾക്കും വിലക്കു വീഴും.
പുതിയ താരങ്ങളെ ടീമിലെടുക്കുന്നതും വിൽപന നടത്തുന്നതും വിലക്കിന്റെ പരിധിയിൽ വരും. ഉപരോധ സാധ്യത കണക്കിലെടുത്ത് ദിവസങ്ങൾക്ക് മുമ്പ് ചെൽസിയെ വിൽക്കാൻ സന്നദ്ധത അറിയിച്ച് അബ്രമോവിച്ച് രംഗത്തെത്തിയിരുന്നു. താൽപര്യപൂർവം ചിലർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, നടപടികൾ പൂർത്തിയാകും മുമ്പ് വിലക്ക് വീണതോടെ ഇനി കാത്തിരിക്കേണ്ടിവരും. ഉരുക്ക് അതികായരായ ഇവ്റാസ്, ഖനന കമ്പനി നോറിലെസ്ക് നിക്കെൽ തുടങ്ങിയവയിലും അബ്രമോവിച്ചിന് വൻ നിക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.