യുൾറിമെ; ലോകകപ്പിന്റെ തമ്പുരാൻ
text_fieldsയുൾറിമെയെ കുറിച്ച് വലിയ ധാരണയില്ലാത്തവർക്കും പെലെ യുൾറിമെ ട്രോഫിയുമായി നിൽക്കുന്ന ചിത്രം കണ്ട് പരിചയമുണ്ടാവും. ലോകകപ്പിന്റെ ആദ്യകാല ചരിത്രത്തിലേക്ക് ഊളയിടാത്തവർക്ക് കാര്യമായ പരിചയമില്ലാത്ത പേരായിരിക്കും യുൾറിമെയുടേത്. എന്നാൽ, ലോകകപ്പിനെ സംബന്ധിച്ചിടത്തോളം വിസ്മരിക്കാനാവാത്ത നാമമാണ് ഫ്രഞ്ചുകാരനായ യുൾറിമെയുടേത്. ഫിഫയുടെ മൂന്നാമത്തെ പ്രസിഡന്റാണ് യുൾറിമെ. 1921 മുതൽ 1954 വരെ അധ്യക്ഷ സ്ഥാനത്തിരുന്ന അദ്ദേഹത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ കാലം ഫിഫ പ്രസിഡന്റായിരുന്നതിന്റെ റെക്കോഡ്. 1919 മുതൽ 1942 ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റും യുൾറിമെ തന്നെയായിരുന്നു.
ലോകകപ്പ് തന്നെ യുൾറിമെയുടെ തലയിൽ വിരിഞ്ഞ ആശയമായിരുന്നു. ലോക ഫുട്ബാളിന്റെയും ഫിഫയുടെയും ജാതകം തിരുത്തിക്കുറിച്ച വിപ്ലവ ആശയമായിരുന്നു അത്. 1904ൽ ഫിഫ രൂപവത്കരിക്കുന്നതിനുപിന്നിൽ യുൾറിമെയുമുണ്ടായിരുന്നുവെങ്കിലും 1921ൽ അദ്ദേഹം അധ്യക്ഷ സ്ഥാനത്തെത്തിയതോടെയാണ് ലോക ഫുട്ബാൾ സംഘടനക്ക് ജീവൻവെച്ചത്. പിന്നീട് നീണ്ട 33 വർഷം ഫിഫയിൽ അപ്രമാദിത്തമായിരുന്നു. സ്ഥാനമേറ്റയുടൻ ലോക ഫുട്ബാൾ മേളക്കായി യുൾറിമെ ശ്രമം നടത്തിയെങ്കിലും അമച്വർ ഫുട്ബാൾ സംഘടനകളും പിയറി ഡി കുബർട്ടിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും അതിനെ എതിർത്തു. എന്നാൽ, 1930ൽ ഉറുഗ്വായിയിൽ ആദ്യ ലോകകപ്പ് സംഘടിപ്പിച്ച് യുൾറിമെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്തു. പിന്നീടുള്ള ഫുട്ബാൾ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. അടുത്ത മൂന്നു ലോകകപ്പുകൾ നടക്കുമ്പോഴും ഫിഫയുടെ അമരത്ത് യുൾറിമെ തന്നെയായിരുന്നു. അതിനിടെ, രണ്ടാം ലോക യുദ്ധം മൂലം രണ്ടു ലോകകപ്പുകൾ നടത്താനാവാതെ ഫിഫ പ്രതിസന്ധിയിലായപ്പോഴും യുൾറിമെ സംഘടന ഉലയാതെ കാത്തു.
അപാരമായ സംഘാടനശേഷിയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. 12ൽനിന്ന് ഫിഫ അംഗരാജ്യങ്ങളുടെ എണ്ണം 85ലെത്തിച്ചത് അദ്ദേഹമാണ്. 1928ൽ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നടന്ന ഫിഫ കോൺഗ്രസിലാണ് പ്രഥമ ലോകകപ്പ് സംഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. എന്നാൽ, ലോകകപ്പ് തെക്കേ അമേരിക്കൻരാജ്യമായ ഉറുഗ്വായിലാണ് എന്നത് പ്രതിസന്ധി സൃഷ്ടിച്ചു. എത്തിപ്പെടാൻ പ്രയാസമായതിനാൽ യൂറോപ്യൻ രാജ്യങ്ങളാരും പങ്കാളിത്തം ഉറപ്പുനൽകിയില്ല. എന്നാൽ, എല്ലാ യൂറോപ്യൻ ടീമുകളുമായും സംസാരിച്ച യുൾറിമെ ഒടുവിൽ നാലു ടീമുകളെ പങ്കെടുപ്പിക്കുന്നതിൽ വിജയിച്ചു. നാലു യൂറോപ്യൻ ടീമുകളടക്കം 13 രാജ്യങ്ങൾ പ്രഥമ ലോകകപ്പിൽ കളിച്ചു. ആദ്യ ലോകകപ്പിന്റെ വിജയം യുൾറിമെയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
ലോകകപ്പിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന യുൾറിമെയുടെ പേരിലായിരുന്നു ആദ്യകാല ലോകകപ്പ് ട്രോഫികൾ. 1970ൽ പെലെയും ബ്രസീലും മൂന്നാം ലോകകപ്പ് നേടിയതോടെ യുൾറിമെ ട്രോഫി എന്നെന്നേക്കുമായി അവർക്ക് സ്വന്തമായി. ഇതോടെയാണ് നിലവിലെ ട്രോഫി രൂപകൽപന ചെയ്യുന്നത്. 1956ൽ 82ാം വയസ്സിലാണ് യുൾറിമെ ഓർമയാവുന്നത്. 2004ൽ ഫിഫ ഓഡർ ഓഫ് മെറിറ്റ് നൽകി കാൽപന്തുമേളയുടെ ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.