അർജൻറീനയുടെ എഴുതപ്പെടാത്ത സുവിശേഷം
text_fields(ന്യൂസ്വീക്ക് അർജൈൻറൻ എഡിഷൻ, നോട്ടീഷ്യസ് മാഗസിൻ, ക്രിട്ടിക്ക ദെ ലാ അർജൻറീന ദിനപത്രം എന്നിവയുടെ പത്രാധിപരായിരുന്ന പ്രമുഖ ലാറ്റിനമേരിക്കൻ മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ലേഖകൻ 'മാധ്യമ'ത്തിനുവേണ്ടി എഴുതുന്നു)
ഞങ്ങൾ അർജൻറീനക്കാർ ബഹുഭൂരിഭാഗവും ഒന്നിലും വിശ്വാസമുള്ളവരല്ല. എന്നാൽ, മറഡോണ ഞങ്ങളുടെ മതമായിരുന്നു. പലരും അയാളിൽ ജീവിതത്തിന് മാന്ത്രികതയുടെ മിന്നലൊളി നൽകിയ ദൈവത്തെ കണ്ടു. മറഡോണയുടെ ജീവിതം അദ്ദേഹത്തിെൻറ തന്നെ എഴുതപ്പെടാത്ത ബൈബിളായിരുന്നു. ബ്വേനസ് എയ്റിസിനു സമീപമുള്ള വില്ല ഫിയോറിത്തോ എന്ന ദരിദ്രപ്രദേശത്ത് 60 വർഷം മുമ്പ് പിറന്നുവീണ ഒരു റെബൽ. ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ, വെനിസ്വേലൻ നായകൻ ഊഗോ ചാവെസ് തുടങ്ങിയ റെബലുകളുടെ ഉറ്റ ചങ്ങാതി. ജീവിതത്തിൽ ഒരു കാൽപന്തുകളിക്കാരെൻറ കിനാവുകളിൽ തിളങ്ങിയ സ്ഥാനമാനങ്ങളെല്ലാം കീഴടക്കിയയൊരാൾ.
അദ്ദേഹത്തിന് എല്ലാം ഉണ്ടായിരുന്നു. എന്നാൽ, അവിടെ കുടികൊണ്ട ദിവ്യത്വം ദയനീയമായിരുന്നു എന്നു പറയണം. എവിടെയും തങ്ങിത്തടഞ്ഞു നിൽക്കേണ്ടതായിരുന്നില്ല ആ പ്രതിഭ. എന്നാൽ അത്യുന്നതിയുടെ മാനംമുെട്ട വളരുേമ്പാഴും അത് പലപ്പോഴും പാതാളത്തിെൻറ ആഴങ്ങളിലേക്കു കൂപ്പുകുത്തി. മയക്കുമരുന്ന്, മദ്യം, ലഹരിഗുളികകൾ, ദുർമേദസ്സ് ഒഴിവാക്കാനുള്ള വയറിെൻറ ശസ്ത്രക്രിയ, ഏറ്റവും ഒടുവിലെ മസ്തിഷ്ക ശസ്ത്രക്രിയ- ഇൗ ചുരുങ്ങിയ കാലയളവിൽ നിരവധി ഘട്ടങ്ങൾ താണ്ടി. ആ ഹൃദയം അതിെൻറ ശേഷിയുടെ 38 ശതമാനമാണ് പ്രവർത്തിച്ചിരുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും മറഡോണ എന്നെന്നും ജീവിക്കും എന്നാണ് ഞങ്ങൾ അർജൻറീനക്കാർ ധരിച്ചുപോയത്.
മറഡോണയുടെ കാൽ പതിഞ്ഞിടങ്ങളിലെല്ലാം തീപ്പൊരി പാറി. അതിൽ ജയാരവങ്ങളുടെയും വിവാദങ്ങളുടെയും കനലുകളെരിഞ്ഞു. അദ്ദേഹം വാതുറക്കുേമ്പാഴെല്ലാം മീഡിയ സ്തബ്ധമായി. രാഷ്ട്രീയക്കാർക്ക് ഉൾപ്പേടിയായി. മറ്റു കളിക്കാരുടെ മുട്ടുവിറച്ചു. അവസാന നാളുകളിൽ പോലും ആ പഴയ രീതി തുടർന്നു. പൊതുസ്വീകാര്യരെക്കുറിച്ച് തനിക്കു തോന്നിയത് വിളിച്ചുപറഞ്ഞു. ഒരിക്കലും അദ്ദേഹം ശാന്തനായി അമർന്നിരുന്നില്ല.
ഞങ്ങൾക്ക് അദ്ദേഹത്തെ പോലെ ഇനിയൊരാളില്ല. സാന്താഫെ പ്രവിശ്യയിലെ റൊസാരിയോ നഗരത്തിൽ ഒരു മറഡോണിയൻ ചർച്ച് തന്നെയുണ്ട്. അവിടത്തെ 'പുരോഹിതൻ' ഡീഗോയുടെ പേരിൽ നിരവധി പേരെ വേളികഴിച്ചു. അവരെന്തു പറഞ്ഞാലും മറഡോണ അത് ഗൗരവത്തിലെടുത്തു നിവർത്തിച്ചുകൊടുത്തിരുന്നു.
രോഗിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ ഇതര സ്ത്രീപങ്കാളികളുമായി വഴക്കിലായിരുന്ന മുൻഭാര്യയും കുടുംബാംഗങ്ങളെന്ന അവകാശവാദമുന്നയിച്ചു രംഗത്തുവന്ന അനൗദ്യോഗിക സന്തതികളുമൊക്കെയായി കുടുംബവഴക്കുകളുടെ കെട്ടുപാടുകൾ അദ്ദേഹത്തെ തകർത്തിരുന്നു. എങ്കിലും ഇൗ വാർത്ത അർജൻറീന പ്രതീക്ഷിച്ചതല്ല. നിരവധി ചാനലുകളിൽ അവതാരകർ കണ്ണീരൊലിപ്പിച്ചാണ് വാർത്ത പറഞ്ഞുതീർത്തത്. പ്രസിഡൻറ് ആൽബർേട്ടാ ഫെർണാണ്ടസ് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നു. സർക്കാറിെൻറ ഒൗദ്യോഗികമന്ദിരം കാസ റൊസാദയിൽ മൃതദേഹം സ്വീകരിക്കാനും അന്ത്യോപചാരത്തിനുമുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിരിക്കുന്നു. ജനലക്ഷങ്ങൾ അവിടെ അദ്ദേഹത്തിന് അന്ത്യമൊഴി പറയും.
കഴിഞ്ഞ വാരങ്ങളിൽ തലച്ചോറിൽ ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത സുഹൃത്തുക്കളുടെ കൂടെ കഴിഞ്ഞുവരുകയായിരുന്നു. 'ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ടോ ആവോ' -അവസാനത്തെ അഭിമുഖങ്ങളിലൊന്നിൽ ഡീഗോ കൈമലർത്തി. അമ്മയുടെ മരണശേഷം ഏറെ ഗൃഹാതുരനായിരുന്നു അദ്ദേഹം. വളരെക്കുറച്ചേ പിന്നീട് സംസാരിച്ചുള്ളൂ.
ജിംനേഷ്യ എസ്ഗ്രിഡ ദെ ലാ പലാത എന്ന ചെറിയൊരു സോക്കർ ക്ലബിെൻറ കോച്ചിേൻറതായിരുന്നു അവസാന വേഷം. ഇടയ്ക്കൊക്കെ വിരമിക്കുന്നുവെന്നു പ്രഖ്യാപിക്കും, പിന്നെയും ജോലിയിൽ തിരിച്ചെത്തും. അതാണ് മറഡോണ. നിരവധി ഗ്രീക്ക് ദൈവങ്ങളെ പോലെ ജീവിക്കുന്ന വൈരുധ്യം. തെരുവുകളിൽ പാവങ്ങളുടെ ദുരിതം കണ്ട് അദ്ദേഹം വേദനിച്ചു. മറുവശത്ത്, മയക്കുമരുന്നിനും പാഴ്വിനോദങ്ങൾക്കും വേണ്ടി ദശലക്ഷക്കണക്കിനു ഡോളറുകൾ ധൂർത്തടിച്ചു. കുടുംബമാണ് എല്ലാം എന്ന് എപ്പോഴും പറഞ്ഞു. എന്നാൽ, സ്വന്തം മക്കളുമായി പോലും കലമ്പിയായിരുന്നു ആ ജീവിതം.
കളിക്കളത്തിലെ ആ അതുല്യപ്രതിഭ സ്റ്റേഡിയങ്ങൾക്കുപുറത്ത് ഏകാന്തനും വഴക്കാളിയുമായി. എന്നാൽ ഒന്നുണ്ട്. എന്തു പറഞ്ഞാലും, എന്തു ചെയ്താലും അർജൻറീനക്കാർ അദ്ദേഹത്തെ അതുല്യമായി സ്നേഹിച്ചു. ആ പേരും മുഖവും ഒപ്പും അവർ സ്വന്തം ദേഹങ്ങളിൽ പച്ചകുത്തി. G10D (ദൈവം+ജഴ്സി നമ്പർ+ഡീഗോ) എന്നു പറഞ്ഞാൽ മതി, ആ മേൽവിലാസമായി.
അർജൻറീനക്ക് ഇത് ദുഃഖത്തിെൻറ ദിനങ്ങളാണ്. മറഡോണ പോയതോടെ അവർക്ക് മാന്ത്രികത നഷ്ടമായിരിക്കുന്നു. മഹാനായ കളിക്കാരനായി ലയണൽ മെസ്സി അവർക്കുണ്ട്. എന്നാൽ, ജനമനസ്സുകൾ കീഴടക്കുന്ന ആ ദിവ്യസ്പർശം മെസ്സിയിലില്ല. ജനം മെസ്സിയെ സ്നേഹിക്കുന്നു. എന്നാൽ, ദൂരെ സ്പെയിനിൽ ബാഴ്സലോണക്ക് കരിയർ സമർപ്പിച്ച അദ്ദേഹത്തെ തനി അർജൻറീനക്കാരനായി ഉൾക്കൊള്ളാൻ ആളുകൾക്കാവില്ല. മറഡോണയിൽ ഇൗ ദേശത്തിെൻറ ഡി.എൻ.എയുണ്ട്. ടാംഗോ നൃത്തത്തിെൻറ ഗൃഹാതുരത, വിമതത്വം, ദൈവദത്തമായ ടാലൻറ് -ഇതെല്ലാം കൂടിച്ചേർന്നതാണത്. മറഡോണ എന്ന എഴുതപ്പെടാത്ത ബൈബിൾ എല്ലാ നിലയിലും ഞങ്ങളുടെ സ്വന്തം ദേശത്തിെൻറ കഥയാണ്. എന്നാൽ ഇൗ വാരത്തിൽ ഇതാ അപ്രതീക്ഷിത ദുരന്തം വന്നണഞ്ഞിരിക്കുന്നു. ഇനിയെന്താകും കഥ? ആർക്കും അറിഞ്ഞുകൂടാ.
ഞങ്ങളുടെ രാജ്യത്തിനുമേൽ വിള്ളൽ വീണിരിക്കുന്നു. അത് നികത്താൻ ആർക്കും ഒന്നിനുമാവില്ല. കോവിഡ് മഹാമാരിയേക്കാൾ വലിയ വിപത്ത് വന്നുപതിച്ചപോലെ. ഇൗ രാജ്യത്തിന് അതിെൻറ മതം നഷ്ടമായിരിക്കുന്നു. ആ ദിവ്യത്വം പറന്നകന്നിരിക്കുന്നു. ഭൂമിയിൽ ഒരു പന്തിെൻറ കാൽവട്ടത്തിെൻറ പരിമിതിയിൽ അത്ഭുതങ്ങൾ വിരിയിച്ചുകൊണ്ട് നടന്ന കാലത്തെക്കാൾ വാനലോകത്തുനിന്ന് ഞങ്ങൾക്ക് വെളിച്ചമേകാൻ ആ വിസ്മയത്തിന് കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.