തരംതാഴാതെ എവർടൺ; ചെൽസിക്ക് സമനില
text_fieldsലണ്ടൻ: ഗ്രാൻഡ് ഫിനാലെക്കരികെ നിൽക്കുന്ന പ്രീമിയർ ലീഗിൽ നിർണായക അങ്കം ജയിച്ച് തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കി എവർടൺ. ക്രിസ്റ്റൽ പാലസിനെതിരെ രണ്ടു ഗോളിന് പിന്നിൽനിന്നശേഷം മൂന്നെണ്ണം മടക്കി കളി ജയിച്ചാണ് എവർടൺ അപകടമൊഴിവാക്കിയത്.
68 വർഷമായി പ്രീമിയർ ലീഗ് കളിക്കുന്ന ടീമായിട്ടും വൻ തോൽവികളുമായി പതനത്തിനരികെനിന്ന ശേഷമാണ് സ്വന്തം കളിമുറ്റമായ ഗൂഡിസൺ പാർക്കിൽ ഉജ്ജ്വല തിരിച്ചുവരവ്. ഫിലിപ് മാറ്റിറ്റ, ജോർഡൻ അയൂ എന്നിവരാണ് ക്രിസ്റ്റൽ പാലസിനെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചത്. ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ എവർടൺ പക്ഷേ, കൃത്യമായ ഇടവേളകളിൽ ഗോളടിച്ച് ജയം പിടിച്ചു. മൈക്കൽ കീൻ, റിച്ചാർലിസൺ, കാൽവെർട് ലെവിൻ എന്നിവരായിരുന്നു സ്കോറർമാർ. 1994, 1998 വർഷങ്ങളിലാണ് എവർടൺ സമാനമായി തരംതാഴ്ത്തൽ ഭീഷണിക്കരികെനിന്നശേഷം തിരിച്ചുകയറിയത്.
കരുത്തർ മാറ്റുരച്ച ചെൽസി-ലെസ്റ്റർ പോരിൽ ഓരോ ഗോളടിച്ച് ഇരു ടീമുകളും സമനില കാത്തു. സിറ്റി, ലിവർപൂൾ ടീമുകൾക്ക് പിറകിൽ മൂന്നാമതുള്ള ചെൽസിക്കെതിരെ ആറാം മിനിറ്റിൽ ഗോളടിച്ച് ലെസ്റ്ററാണ് സ്കോറിങ് തുടങ്ങിയത്. എന്നാൽ, സീസണിലെ നാലാം പ്രീമിയർ ലീഗ് ഗോളുമായി മാർകോസ് അലൻസോ നീലക്കുപ്പായക്കാരെ ഒപ്പമെത്തിച്ചു. അവസാന കളി തോറ്റാലും ടീമിന് ഗോൾ ശരാശരിയിൽ മൂന്നാംസ്ഥാനം നിലനിർത്താനായേക്കും. ടോട്ടൻഹാമാണ് നാലാമത്.
ഞായറാഴ്ച ലീഗിൽ എല്ലാ ടീമുകളും അവസാന മത്സരം കളിക്കും. ലിവർപൂളിനും സിറ്റിക്കും കിരീട സ്വപ്നങ്ങൾ സഫലമാക്കാനുള്ള പോരാട്ടമാകുമെങ്കിൽ മറ്റുള്ളവർക്ക് ജയത്തോടെ സീസൺ അവസാനിപ്പിക്കുകയെന്നതാണ് മോഹം. ഒരു പോയന്റ് കുറഞ്ഞ് രണ്ടാമതുള്ള ലിവർപൂളിന് അടുത്ത കളി ജയിച്ചാൽ പോരാ, സിറ്റി തോൽക്കുകയോ സമനിലയിലാകുകയോ വേണം. മറുവശത്ത്, വാറ്റ്ഫോഡ്, നോർവിച് എന്നിവ നിലവിൽ തരംതാഴ്ത്തപ്പെട്ടവയാണ്. ബേൺലി, ലീഡ്സ് എന്നിവ തുല്യ പോയന്റുമായി 17, 18 സ്ഥാനങ്ങളിൽ നിൽക്കുന്നു. ഇവയിൽ ഒരു ടീം പുറത്താകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.