അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ഇന്ന് ഫ്രാൻസ് Vs ജർമനി പോരാട്ടം
text_fieldsസുറാകാർത്ത (ഇന്തോനേഷ്യ): കൗമാര കാൽപന്തുകളിയുടെ വിശ്വരാജാക്കന്മാരെ തീരുമാനിക്കുന്ന പോരാട്ടത്തിന് സുറാകാർത്തയിലെ മനാഹൻ കളിമൈതാനം ശനിയാഴ്ച വേദിയാവും. മുൻ ചാമ്പ്യന്മാരായ ഫ്രാൻസും കന്നിക്കിരീടം തേടുന്ന ജർമനിയും തമ്മിലാണ് ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് ഫൈനൽ മത്സരം. അപരാജിതരായി കലാശക്കളിക്ക് യോഗ്യത നേടിയവരാണ് ഇരു ടീമും.
സെമി ഫൈനലിൽ ജർമനി ഷൂട്ടൗട്ടിൽ അർജന്റീനയെ തോൽപിച്ചപ്പോൾ മാലിയെ 3-1ന് തകർത്താണ് ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചത്. 2001ൽ കിരീടം നേടിയ ഫ്രഞ്ച് സംഘം 2019ൽ മൂന്നാം സ്ഥാനക്കാരായിരുന്നു. 1985ൽ റണ്ണറപ്പായതാണ് ജർമനിയുടെ മികച്ച പ്രകടനം. ഈ വർഷം നടന്ന അണ്ടർ 17 യൂറോ ഫൈനലിന്റെ ആവർത്തനമാണ് ലോകകപ്പ് കിരീട മത്സരം. കൃത്യം ആറുമാസം മുമ്പ് നടന്ന കളിയിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ച് ജർമനിയാണ് ചാമ്പ്യന്മാരായത്.
ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കർ പാരിസ് ബ്രണ്ണർ നയിക്കുന്ന ജർമൻ സംഘം ഗ്രൂപ് എഫ് ജേതാക്കളായിരുന്നു. പ്രീ ക്വാർട്ടറിൽ യു.എസിനെ 3-2നും ക്വാർട്ടറിൽ സ്പെയിനിനെ 1-0ത്തിനും വീഴ്ത്തി. ആക്രമണമാണ് ജർമനിയുടെ കരുത്ത്. ബ്രണ്ണർ അർജന്റീനക്കെതിരെ ഇരട്ട ഗോൾ നേടിയാണ് ടീമിനെ മുന്നിൽനിന്ന് നയിച്ചത്. ഗ്രൂപ് ഇയിൽ ഒരു ഗോളും വഴങ്ങാതെ മൂന്നിൽ മൂന്നും ജയിച്ച് കടന്ന ഫ്രാൻസ് ഷൂട്ടൗട്ടിലേക്ക് നീണ്ട പ്രീ ക്വാർട്ടറിൽ സെനഗാളിനെയും ക്വാർട്ടറിൽ ഉസ്ബകിസ്താനെ 1-0ത്തിനും തോൽപിച്ചു.
ജീൻ ലൂക് വനുചിയുടെ കുട്ടികൾ ഈ ലോകകപ്പിൽ ആദ്യമായി ഗോൾ വഴങ്ങുന്നത് സെമിയിലാണ്. സ്ട്രൈക്കർ മാതിസ് ലംബോർഡും മിഡ്ഫീൽഡർ ഇസ്മായിൽ ബൂണബും ക്വാർട്ടറിലും ഫൈനലിലും പുറത്തെടുത്ത മികവ് മുൻനിർത്തി പരിശീലകൻ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഇക്കുറി ക്വാർട്ടറിലും റണ്ണറപ് മെക്സികോ പ്രീ ക്വാർട്ടറിലും മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.