യുവ അങ്കം ക്വാർട്ടറിലേക്ക്
text_fieldsദോഹ: വൻകരയുടെ യുവ ചാമ്പ്യന്മാരെ തേടിയുള്ള അണ്ടർ 23 ഏഷ്യൻ കപ്പിലെ പോരാട്ടം ക്വാർട്ടർ ഫൈനലിലേക്ക്. 16 ടീമുകളിൽനിന്നും കിരീട പ്രതീക്ഷയോടെയെത്തിയ ആസ്ട്രേലിയ, സീനിയർ ഏഷ്യൻ കപ്പിലെ ഫൈനലിസ്റ്റുകളായ ജോർഡൻ തുടങ്ങിയ ടീമുകൾ ഗ്രൂപ് റൗണ്ടിൽ തന്നെ പുറത്തായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ സൗദി അറേബ്യയും, ആതിഥേയരായ ഖത്തറും ഉൾപ്പെടെ എട്ടു പേർ രണ്ടു ദിനങ്ങളിലായി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബൂട്ടുകെട്ടും. മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. വൈകുന്നേരം അഞ്ചിന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഖത്തർ കരുത്തരായ ജപ്പാനെയാണ് നേരിടുന്നത്. ഗ്രൂപ് ‘ബി’യിൽനിന്നും ദക്ഷിണ കൊറിയക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്റെ വരവ്. ഇതേ ദിവസം, തന്നെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയ ഇന്തോനേഷ്യയെ നേരിടും. രാത്രി 8.30നാണ് മത്സരം. വെള്ളിയാഴ്ച മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും.
ഗ്രൂപ് റൗണ്ടിൽ സ്ഥിരതയാർന്ന പ്രകടനവുമായാണ് ഖത്തറിന്റെ കുതിപ്പ്. ആദ്യ രണ്ടു കളികളിൽ മികച്ച ജയം നേടിയവർ, എന്നാൽ അവസാന മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ടൂർണമെന്റിൽ ഒരു മത്സരവും തോൽക്കാതെയാണ് നിർണായക അങ്കത്തിനിറങ്ങുന്നതെന്ന് പോർചുഗീസുകാരനായ പരിശീലകൻ ഇലിഡിയോ വാലെ പറയുന്നു. ഓരോ മത്സര ശേഷവും ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ക്വാർട്ടർ ഉറപ്പിച്ചതോടെ, പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചായിരുന്നു ആസ്ട്രേലിയക്കെതിരെ ക്വാർട്ടർ കളിച്ചത്.
നിർണായക മത്സരത്തിന് ടീം അംഗങ്ങൾ ശാരീരികമായും മാനസികമായും സജ്ജമാണെന്ന് കോച്ച് പറഞ്ഞു. എതിരാളികളായ ജപ്പാൻ ശക്തരാണ്. എന്നാൽ, അവരുടെ മികവും ദൗർബല്യവും അറിഞ്ഞാണ് ഞങ്ങൾ ഒരുങ്ങുന്നത്. ഈ മത്സരം ഞങ്ങൾക്കു മാത്രമല്ല, ജപ്പാനും കടുത്തതായിരിക്കും -കോച്ച് ഇലിഡിയോ വാലെ വ്യക്തമാക്കി. തമീം അൽ അബ്ദുല്ല, ഖാലിദ് അലി സബാഹ്, ജോർഡനെതിരെ അവസാന മിനിറ്റിൽ സ്കോർ ചെയ്ത മുഹമ്മദ് നാസർ അൽമന്നാഇ തുടങ്ങിയ താരങ്ങൾ ദേശീയ ടീമിന്റെ ഭാവിതാരങ്ങളായാണ് കളത്തിൽ മികവു തെളിയിക്കുന്നത്. ഗോൾവലക്കു കീഴിൽ സുരക്ഷിത കോട്ടയൊരുക്കുന്ന ഗോൾകീപ്പർ യൂസുഫ് അബ്ദുല്ലയും, പ്രതിരോധത്തിൽ അൽ ഹാഷിമി, മുഹമ്മദ് ഇമാദ് ഉൾപ്പെടെ താരങ്ങളും മികച്ച ഫോമിലാണ്.
നോക്കൗട്ടിൽ ഗോൾഡ് ടിക്കറ്റും
ദോഹ: അണ്ടർ 23 ഏഷ്യൻ കപ്പ് പോരാട്ടം നോക്കൗട്ട് സ്റ്റേജിലേക്ക് പ്രവേശിച്ചതോടെ ആരാധകർക്ക് പ്രീമിയം ഗോൾഡ് ടിക്കറ്റുമായി സംഘാടകർ. സ്റ്റേഡിയത്തിനരികിൽ റിസർവ് പാർക്കിങ് സൗകര്യം, ഗാലറിയിൽ പ്രീമിയം സീറ്റിങ്, ലോഞ്ചിൽനിന്നും പിച്ച് വ്യൂ, സ്റ്റേഡിയം ലോഞ്ചിൽ ലഘുപാനീയങ്ങളും മറ്റും ഉൾപ്പെടെ വി.വി.ഐ.പി സൗകര്യത്തോടെ കളികാണാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഹയ്യ ആപ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 15 റിയാൽ മുതൽ മാച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.