ഇനി ഫുട്ബാൾ യൂത്ത് ഫെസ്റ്റ്; അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിന് നാളെ കിക്കോഫ്
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും കഴിഞ്ഞ മണ്ണിൽ തിങ്കളാഴ്ച മുതൽ കാൽപന്തിന്റെ യൂത്ത് ഫെസ്റ്റിവൽ. വമ്പൻ പോരാട്ടങ്ങളും സൂപ്പർ താരങ്ങളുടെ പ്രദർശനവും കടന്നുപോയ വഴിയിൽ ഇനി നാളെയുടെ താരങ്ങൾ ബൂട്ടുകെട്ടുന്ന അണ്ടർ 23 ഏഷ്യൻ കപ്പിന് കിക്കോഫ് വിസിൽ മുഴങ്ങുന്നു.
ഏപ്രിൽ 15ന് തുടങ്ങി മേയ് മൂന്നു വരെ നീളുന്ന യൂത്ത് ഫുട്ബാളിൽ പ്രബലരായ 16 സംഘങ്ങൾ മാറ്റുരക്കും. വൻകരയുടെ പുതു യുവജേതാക്കളെ നിർണയിക്കുകയെന്നതിനൊപ്പം ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിലേക്കുള്ള ഏഷ്യൻ ഫുട്ബാൾ യോഗ്യത കൂടിയാണ് ഖത്തറിലെ ഈ പോരാട്ടം. ടൂർണമെൻറിലെ ആദ്യ മൂന്നു സ്ഥാനക്കാർ നേരിട്ട് ഒളിമ്പിക്സ് യോഗ്യത നേടും. സെമി ഫൈനലിലെത്തുന്ന നാലാമത്തെ ടീമിന് ആഫ്രിക്കൻ ടീമുമായുള്ള േപ്ലഓഫിലൂടെയും ഒളിമ്പിക്സ് ബർത്തുറപ്പിക്കാൻ അവസരമുണ്ട്.
ടൂർണമെന്റിൽ മാറ്റുരക്കുന്ന ടീമുകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിലായി ഖത്തറിലെത്തിയിരുന്നു. രണ്ടു മാസം മുമ്പ് സമാപിച്ച ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ താമസ, പരിശീലന സൗകര്യങ്ങൾ തന്നെയാണ് ടീമുകൾ ഉപയോഗിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സൗദിയുടെ യുവസംഘം ശനിയാഴ്ച ഉച്ചയോടെ ദോഹയിലെത്തി..
ആറ് അറബ് ടീമുകൾ
ആതിഥേയരായ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഇറാഖ്, ജോർഡൻ എന്നീ അറബ് ടീമുകൾ കൂടി പങ്കുചേരുന്ന അണ്ടർ 23 ഏഷ്യൻ കപ്പ് മേഖലക്കും സവിശേഷമാണ്. ആദ്യ മൂന്നിൽ ഒന്നായി ആരാവും ഒളിമ്പിക്സിന് യോഗ്യത നേടാൻ അവസരം സ്വന്തമാക്കുകയെന്ന് അറിയാനുള്ള കാത്തിരിപ്പ്. ആതിഥേയരായ ഖത്തർ നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരാണെങ്കിലും 1992ന് ശേഷം ഒളിമ്പിക്സ് ഫുട്ബാളിൽ പന്തു തട്ടിയിട്ടില്ല. 1984 ലോസ് ആഞ്ജലസ് ഉൾപ്പെടെ ഇതുവരെ രണ്ടു തവണ മാത്രമേ ഒളിമ്പിക്സിൽ കളിച്ചിട്ടുള്ളൂ.
യു.എ.ഇ 2012 ലണ്ടൻ ഒളിമ്പിക്സിൽ മാത്രമാണ് യോഗ്യത നേടിയത്. മേഖലയിലെ കരുത്തരും നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരുമായി ബൂട്ടുകെട്ടുന്ന സൗദി അറേബ്യയും തങ്ങളുടെ മൂന്നാം ഒളിമ്പിക്സ് ഫുട്ബാളിലേക്കാണ് ലക്ഷ്യം വെക്കുന്നത്. 1996ലും ഏറ്റവും ഒടുവിലെ ടോക്യോ ഒളിമ്പിക്സിലും സൗദി കളിച്ചിരുന്നു. കുവൈത്ത് 1992, 2000 ഒളിമ്പിക്സുകളിലും ഇറാഖ് 2004, 2016 ഒളിമ്പിക്സിനും യോഗ്യത നേടിയിരുന്നു. ആറാമത്തെ അറബ് രാജ്യമായ ജോർഡൻ ഇതുവരെ ഒളിമ്പിക്സിൽ ബൂട്ടുകെട്ടിയിട്ടില്ല.
ചേട്ടൻമാരെ പകർത്താൻ ഖത്തർ
തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പിൽ മുത്തമിട്ട ഹസൻ അൽ ഹൈദോസിന്റെയും അക്രം അഫിഫിന്റെയും പിൻമുറക്കാരായി അഹമ്മദ് അൽ റാവിയും തമീം മൻസൂറും ഉദിച്ചുയരുമോയെന്നാണ് ആരാധകരുടെ കാത്തിരിപ്പ്. 2016 മുതൽ എല്ലാ അണ്ടർ 23 ഏഷ്യൻ കപ്പിലും കളിച്ച ഖത്തറിന് പക്ഷേ, കിരീടത്തിൽ ഇതുവരെ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. ആദ്യം സെമി ഫൈനലും 2018ൽ മൂന്നാം സ്ഥാനവും കൊണ്ട് മടങ്ങി.
2022ൽ ഉസ്ബകിസ്താനിൽ ഗ്രൂപ് റൗണ്ടിൽ തന്നെ മടങ്ങാനായിരുന്നു വിധി. ഇത്തവണ പോർചുഗീസുകാരനായ പരിശീലകൻ ഹിലിയോ സൂസയുടെ കീഴിലാണ് ഖത്തറിന്റെ യുവനിര ബൂട്ടുകെട്ടുന്നത്. പരിചയസമ്പന്നരായ യുവതാരങ്ങൾ സ്ട്രൈക്കർ അഹമ്മദ് അൽ റാവി, മധ്യനിര താരം തമീം മൻസൂർ മിഫ്താഹ്, ഗോളി അമീർ ഹസൻ, ജാസിം ജാബിർ എന്നിവരുടെ മികച്ച ലൈനപ്പാണ് അന്നാബിയുടെ കരുത്ത്.
സ്വന്തം മണ്ണും ആരാധകരുമെന്ന സാധ്യതക്കൊപ്പം കൂടുതൽ മത്സരങ്ങളുടെ പരിചയവും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ ഖത്തർ നിരാശപ്പെടുത്തിയിരുന്നു. ഇപ്പോൾ, സൗഹൃദങ്ങൾ ഉൾപ്പെടെ പ്രധാന മത്സരങ്ങളുമായാണ് ഏഷ്യൻ കപ്പിന് ഒരുങ്ങുന്നത്.
തിങ്കളാഴ്ച ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് ഇന്തോനേഷ്യയാണ് എതിരാളി. അൽ റയാനിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വൈകീട്ട് 6.30നാണ് മത്സരം.
നാല് വേദികൾ
- ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം
- അൽ ജനൂബ് സ്റ്റേഡിയം
- ജാസിം ബിൻ ഹമദ് സ്റ്റേഡിയം
- അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം
ഗ്രൂപ് റൗണ്ട് മാച്ചുകൾ
(ഏപ്രിൽ 15 മുതൽ)
- 15- 4.00 pm ആസ്ട്രേലിയ x ജോർഡൻ (അബ്ദുല്ല സ്റ്റേഡിയം)
- 15- 6.30 pm ഖത്തർ x ഇന്തോനേഷ്യ (ജാസിം സ്റ്റേഡിയം)
- 16- 4.00 pm ജപ്പാൻ x ചൈന (ജാസിം സ്റ്റേഡിയം)
- 16 -6.30 pm ദക്ഷിണ കൊറിയ x യു.എ.ഇ (അബ്ദുല്ല സ്റ്റേഡിയം)
- 16 -6.30 pm ഇറാഖ് x തായ്ലൻഡ് (അൽ ജനൂബ്)
- 16 -9.00 pm സൗദി x തജികിസ്താൻ (ഖലീഫ സ്റ്റേഡിയം)
- 17-4.00 pm ഉസ്ബകിസ്താൻ x മലേഷ്യ (ഖലീഫ സ്റ്റേഡിയം)
- 17- 6.30 pm വിയറ്റ്നാം x കുവൈത്ത് (അൽ ജനൂബ്)
- 18- 4.00 pm ഇന്തോനേഷ്യ x ആസ്ട്രേലിയ (അബ്ദുല്ല സ്റ്റേഡിയം)
- 18- 6.30 pm ജോർഡൻ x ഖത്തർ (ജാസിം സ്റ്റേഡിയം)
- 19 -4.00 pm ചൈന x ദക്ഷിണ കൊറിയ (അബ്ദുല്ല സ്റ്റേഡിയം)
- 19 -6.30 pm യു.എ.ഇ x ജപ്പാൻ (ജാസിം സ്റ്റേഡിയം)
- 19- 6.30 pm തായ്ലൻഡ് x സൗദി (ഖലീഫ സ്റ്റേഡിയം)
- 19- 9.00 pm തജികിസ്താൻ x ഇറാഖ് (അൽ ജനൂബ്)
- 20- 4.00 pm മലേഷ്യ x വിയറ്റ്നാം (ഖലീഫ സ്റ്റേഡിയം)
- 20- 6.30 pm കുവൈത്ത് x ഉസ്ബകിസ്താൻ (അൽ ജനൂബ്)
- 21 - 6.30 pm ഖത്തർ x ആസ്ട്രേലിയ (ജാസിം സ്റ്റേഡിയം)
- 21-6.30 pm ജോർഡൻ x ഇന്തോനേഷ്യ (അബ്ദുല്ല സ്റ്റേഡിയം)
- 22- 4.00 pm യു.എ.ഇ x ചൈന (അബ്ദുല്ല സ്റ്റേഡിയം)
- 22- 4.00 pm ജപ്പാൻ x ദക്ഷിണ കൊറിയ (ജാസിം സ്റ്റേഡിയം)
- 23 -6.30 pm കുവൈത്ത് x മലേഷ്യ (അൽ ജനൂബ്)
- 23- 6.30 pm ഉസ്ബകിസ്താൻ x വിയറ്റ്നാം (ഖലീഫ സ്റ്റേഡിയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.