ചാൾട്ടണ് ജയത്തോടെ ആദരമർപ്പിച്ച് യുനൈറ്റഡ്
text_fieldsലണ്ടൻ: ഇതിഹാസതാരം ബോബി ചാൾട്ടണിന്റെ മരണവാർത്ത പുറത്തുവന്നതിന് പിറകെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുനൈറ്റഡിനെ അവരുടെ തട്ടകത്തിൽ 2-1നാണ് തോൽപിച്ചത്. മത്സരം നടക്കുമ്പോൾ ‘ഒരേയൊരു ചാൾട്ടൺ’എന്ന് ഗാലറിയിലിരുന്ന് ഉരുവിട്ടു മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ. 28ാം മിനിറ്റിൽ സ്കോട്ട് മക് ടോമിനയുടെ ഗോളിൽ ലീഡെടുത്തു സന്ദർശകർ. 34ാം മിനിറ്റിൽ ഒലിവർ മക്ബേണി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ സമനില. 77ാം മിനിറ്റിൽ ഡിയോഗോ ഡാലട്ട് വിജയഗോളും നേടി. ചാൾട്ടണോടുള്ള ആദരവ് തങ്ങൾ പ്രകടപ്പിച്ചുവെന്നാണ് കരുതുന്നതെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.
അതേസമയം, ഈ സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ആഴ്സനൽ രണ്ടുഗോളിന് പിന്നിൽനിന്ന ശേഷം തിരിച്ചുവന്ന് ചെൽസിയോട് സമനില പിടിച്ചുവാങ്ങി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആഴ്സനലിനെ മലർത്തിയടിക്കാമെന്ന് കണക്കുകൂട്ടി തന്നെയാണ് ചെൽസി ഇറങ്ങിയത്. ഇരട്ട ഗോളിന്റെ ലീഡുമായി 77ാം മിനിറ്റ് വരെ വിജയപ്രതീക്ഷയിൽ നിന്ന ചെൽസിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് ഗണ്ണേഴ്സ് ഉയിർത്തെഴുന്നേറ്റു. 15ാം മിനിറ്റിൽ ചെൽസിക്ക് അനുകൂലമായ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ആദ്യ ലീഡെടുക്കുന്നത്. യുവ സ്ട്രൈക്കർ കോൾ പാൽമറാണ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൈഖൈലോ മുദ്രികിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. 48ാം മിനിറ്റിൽ ബോക്സിന്റെ ഇടത് വിങ്ങിൽനിന്ന് ആഴ്സനൽ ഗോൾകീപ്പർ ഡേവിഡ് റയക്ക് മുകളിലൂടെ മുദ്രിക് മഴവിൽ കണക്കെ പന്ത് വലയിലെത്തിക്കുകയായിരുന്നു (2-0).
രണ്ടു ഗോളിന്റെ വ്യക്തമായ ലീഡുറപ്പിച്ച ചെൽസിയുടെ കണക്കുകൂട്ടൽ തെറ്റിച്ച ആഴ്സനൽ ഗോൾ എത്തിയത് 77ാം മിനിറ്റിലാണ്. ചെൽസി ഗോൾ കീപ്പർ റോബർട്ട് സാഞ്ചസ് വരുത്തിയ പിഴവ് മുതലെടുത്ത് ഡെക്ലൻ റൈസാണ് ഗോൾ നേടിയത്. സാഞ്ചസിന്റെ മിസ് പാസ് സ്വീകരിച്ച റൈസ് ഗംഭീരമായി ഫിനിഷ് ചെയ്യുകയായിരുന്നു.
85ാം മിനിറ്റിൽ ലിയാൺട്രോ ട്രൊസാർഡിലൂടെ ആഴ്സനൽ സമനില പിടിച്ചു. സാകയുടെ ക്രോസിൽനിന്ന് ട്രൊസാർഡാണ് സമനില ഗോൾ നേടിയത് (2-2). ഇതുവരെ തോൽവി വഴങ്ങാത്ത ആഴ്സനൽ ഒമ്പത് മത്സരങ്ങളിൽനിന്ന് ആറ് ജയവും മൂന്ന് സമനിലയും ഉൾപ്പെടെ 21പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കും 21പോയന്റാണെങ്കിലും ഗോൾ ശരാശരിയുടെ വ്യത്യാസത്തിലാണ് മുന്നിൽ നിൽക്കുന്നത്. ഒമ്പത് മത്സരങ്ങളിൽനിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയും മൂന്ന് സമനിലയും ഉൾപ്പെടെ 12 പോയന്റുമായി ചെൽസി 10ാം സ്ഥാനത്താണുള്ളത്. യുനൈറ്റഡ് (15) ഒമ്പതാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.