ബ്രസീലിന് മുന്നിൽ ഉറുഗ്വായ്
text_fieldsലാസ് വെഗാസ് (യു.എസ്.എ): കോപ അമേരിക്കയിൽ നാളെ വമ്പൻ ക്വാർട്ടർ ഫൈനൽ പോരാട്ടം. രാവിലെ ഇന്ത്യൻ സമയം 6.30ന് കരുത്തരായ ബ്രസീലും ഉറുഗ്വായിയും അല്ലെജയന്റ് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും. തട്ടിമുട്ടിയാണ് ബ്രസീൽ ക്വാർട്ടറിലേക്ക് കടന്നത്. കോസ്റ്ററീകയും കൊളംബിയയുമായും സമനില പാലിച്ച മഞ്ഞപ്പട, പരഗ്വേയെ 4-1ന് തോൽപിച്ചാണ് ഗ്രൂപ്പിലെ ഏക ജയം സ്വന്തമാക്കിയത്.
കൊളംബിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഉറപ്പാക്കിയത്. രണ്ട് മഞ്ഞക്കാർഡ് കണ്ടതിനാൽ ബ്രസീലിന്റെ റയൽ മഡ്രിഡ് അറ്റാക്കർ വിനീഷ്യസ് ജൂനിയർ പുറത്തിരിക്കുന്നത് ഗോൾ നേടാൻ വലയുന്ന ടീമിന് തിരിച്ചടിയാകും. പരഗ്വേക്കെതിരെ വിനീഷ്യസ് രണ്ട് ഗോൾ നേടിയിരുന്നു. റയലിൽ ചേരാനിരിക്കുന്ന കൗമാരതാരം എൻഡ്രിക് പകരം കളിക്കും. റോഡ്രിഗോ, ലുകാസ് പക്വേറ്റ, റാഫിഞ്ഞ, ജോവോ ഗോമസ്, ഡാനിലോ, അല്ലിസൺ തുടങ്ങിയ മിടുക്കരും ടീമിലുണ്ട്.
സി ഗ്രൂപ്പിൽ മൂന്ന് കളികളും ജയിച്ചാണ് ഉറുഗ്വായിയുടെ വരവ്. കഴിഞ്ഞ ഒക്ടോബറിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടി ലോകകപ്പ് യോഗ്യത മത്സരത്തിൽ 2-0ന് ബ്രസീൽ തോറ്റിരുന്നു. യു.എസ്.എക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഫോർവേഡ് മാക്സിമിലിയാനോ അരൗയോ നാളെ കളിക്കില്ല. ക്രിസ്റ്റ്യൻ ഒലിവേറ പകരക്കാരനാകും. ഡാർവിൻ നുനസ് നയിക്കുന്ന മുന്നേറ്റ നിര തകർപ്പൻ ഫോമിലാണ്. പ്രാഥമിക ഘട്ടത്തിൽ ഒമ്പത് ഗോളുകളാണ് ഉറുഗ്വായ് അടിച്ചുകൂട്ടിയത്. വഴങ്ങിയത് ഒന്ന് മാത്രം.
ഇന്ന് രാവിലെ 6.30ന് കാനഡ വെനസ്വേലയെ നേരിടും. ഞായറാഴ്ച പുലർച്ചെ 3.30ന് കൊളംബിയയും പാനമയും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.