യുറുഗ്വായ് ഇതിഹാസം എഡിൻസൻ കവാനി ബൂട്ടഴിച്ചു; അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു
text_fieldsയുറുഗ്വായിയുടെ ഇതിഹാസ സ്ട്രൈക്കർ എഡിൻസൻ കവാനി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ടൂർണമെന്‍റ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് 37കാരനായ കവാനി വിരമിക്കൽ പ്രഖ്യാപിച്ചത്. ബൊക്ക ജൂനിയേഴ്സ് മുന്നേറ്റ താരമായ കവാനി യുറുഗ്വായ് ദേശീയ ടീമിനായി 14 വർഷത്തെ കരിയറിൽ 136 മത്സരങ്ങളിൽനിന്ന് 58 ഗോളുകൾ നേടിയിട്ടുണ്ട്.
യുറുഗ്വായിക്കായി ഏറ്റവും കൂടുതൽ ഗോളടിച്ചവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കവാനി. സൂപ്പർതാരം ലൂയിസ് സുവാരസാണ് ഒന്നാമത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2022 ലോകകപ്പിനുശേഷം താരം ദേശീയ ടീമിനായി കളിച്ചിട്ടില്ല. പി.എസ്.ജി, മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബുകൾക്കായി പന്തു തട്ടിയിട്ടുണ്ട്. 2008ൽ കൊളംബിയക്കെതിരെ സൗഹൃദ മത്സരത്തിലാണ് ദേശീയ ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. നാലു ലോകകപ്പിൽ ടീമിനായി കളിച്ചു.
ദക്ഷിണാഫ്രിക്കയിൽ നടന്ന 2010ലെ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ യുറുഗ്വായ് ടീമിൽ അംഗമായിരുന്നു. 2011 കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും കവാനി ഉണ്ടായിരുന്നു. ‘ഇന്ന് എന്‍റെ വാക്കുകൾ വളരെ കുറവാണെങ്കിലും ആഴമേറിയതാണ്. വർഷങ്ങളായി ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തികൾക്കും നന്ദി. ഈ ലോകത്ത്, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്‍റെ രാജ്യത്തെ പ്രതിനിധീകരിച്ച് ജഴ്സി ധരിക്കാനായതിൽ അന്നും എന്നും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും’ -ഇൻസ്റ്റഗ്രാം കുറിപ്പിൽ കവാനി പറഞ്ഞു.
എത്ര അത്ഭുതകരമായ വർഷങ്ങളായിരുന്നു കടന്നുപോയത് എന്നതിൽ സംശയമില്ല. എനിക്ക് പറയാനും ഓർക്കാനും ഒരായിരം കാര്യങ്ങൾ ഉണ്ട്, കരിയറിലെ ഈ പുതിയ ഘട്ടത്തിനായി സമർപ്പിക്കുകയാണ്. ഒടുവിൽ മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു, പക്ഷേ ഹൃദയമിടിപ്പ് തുടരുകയാണ്. ആരാധകരെ ശക്തമായ ആലിംഗനം ചെയ്യുന്നുവെന്നും താരം കുറിപ്പിൽ പറയുന്നു.
2022 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഘാനക്കെതിരെയാണ് താരം അവസാനമായി ദേശീയ ടീമിനായി കളിച്ചത്. യുറുഗ്വായ് പിന്നാലെ പുറത്താകുകയും ചെയ്തു. ജൂൺ 23ന് പനാമക്കെതിരെയാണ് കോപ്പ അമേരിക്ക ടൂർണമെന്‍റിൽ യുറുഗ്വായിയുടെ അരങ്ങേറ്റ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.