ഓർമകളുടെ കളിമുറ്റത്ത് ഉവൈസ് ഒരിക്കൽകൂടി പന്തുതട്ടാനിറങ്ങും
text_fieldsമഞ്ചേരി: ഫുട്ബാൾ കരിയറിൽ നിർണായക വഴിത്തിരിവായി മാറിയ പയ്യനാട് സ്റ്റേഡിയത്തിൽ അന്നത്തെ കൗമാരക്കാരൻ വർഷങ്ങൾക്കു ശേഷം ഒരിക്കൽകൂടി പന്തുതട്ടുകയാണ് . രാജ്യത്തെ മികച്ച ക്ലബുകളിലൊന്നായ ജംഷഡ്പുർ എഫ്.സിക്കു വേണ്ടിയാണ് നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഉവൈസ് ബൂട്ടുകെട്ടുന്നത്. ചൊവ്വാഴ്ച രാത്രി 8.30ന് എ.എഫ്.സി ചാമ്പ്യൻലീഗ് പ്ലേ ഓഫിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് പോരാട്ടം.
ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെന്റായ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയിൽനിന്ന് ആര് കളിക്കണമെന്ന് തീരുമാനിക്കുന്ന നിർണായക മത്സരംകൂടിയാണിത്. ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) ഈ വർഷത്തെയും കഴിഞ്ഞ വർഷത്തെയും ഷീൽഡ് ജേതാക്കളാണ് മുംബൈ സിറ്റിയും ജംഷഡ്പുരും. ജയിക്കുന്നവർക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാൻ നേരിട്ട് യോഗ്യത ലഭിക്കും.
മലപ്പുറത്തുനിന്ന് ഉവൈസ് മാത്രമാണ് ടീമിലുള്ളത്. ഗോൾ കീപ്പർ ടി.പി. രഹനേഷ് ഉൾപ്പെടെ രണ്ട് മലയാളികൾ മാത്രമാണ് ജംഷഡ്പുരിനു വേണ്ടി കളിക്കുന്നത്. പ്രതിരോധത്തിൽ ടീമിന്റെ വിശ്വസ്തനാണ് ഉവൈസ്. സ്റ്റോപ്പർ ബാക്കായും റൈറ്റ്, ലെഫ്റ്റ് വിങ് ബാക്കായും കളിക്കാൻ സാധിക്കുന്ന താരംകൂടിയാണ്. പിതാവ് എം. കമാലുദ്ദീനിൽനിന്നാണ് പന്തുകളിയുടെ ബാലപാഠം പഠിച്ചത്.
2014ലാണ് ഉവൈസ് ആദ്യമായി പയ്യനാട്ടെത്തുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനസമയത്ത് നടന്ന ഫെഡറേഷൻ കപ്പിനു ശേഷം മലപ്പുറം ജില്ല ഫുട്ബാൾ ഫെഡറേഷൻ നടത്തിയ ജൂനിയർ ടീം സെലക്ഷൻ ക്യാമ്പ് ഇവിടെയാണ് നടന്നത്. ഇന്ത്യൻ താരം ആഷിഖ് കുരുണിയൻ അടക്കം മികച്ച നിര ആയിരുന്നു അന്ന് ജില്ലക്കു വേണ്ടി പന്തുതട്ടിയത്. ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ആ വർഷം ജൂനിയർ ടീം കിരീടം നേടുകയും ചെയ്തതോടെ ഉവൈസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പയ്യനാട് തന്റെ ഭാഗ്യഗ്രൗണ്ട് കൂടിയാണെന്ന് ഉവൈസ് പറയുന്നു. പിന്നീട് അണ്ടർ 17 വിഭാഗത്തിൽ പുണെ ഭാരത് എഫ്.സിക്ക് വേണ്ടി കളിച്ചു. അണ്ടർ 18ൽ ഡൽഹി സുദേവ എഫ്.സിയെ നയിക്കാനും സാധിച്ചു. എഫ്.സി കേരള, ബാംഗ്ലൂർ യുനൈറ്റഡ്, കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബി എന്നിവക്കും ബൂട്ടുകെട്ടി. കെ.പി.എല്ലിലെ മികച്ച പ്രകടനം ഐ ലീഗിലേക്കും എത്തിച്ചു. ഗോകുലം കേരളക്ക് വേണ്ടിയായിരുന്നു ഐ ലീഗിലെ അരങ്ങേറ്റം.
ആദ്യ വർഷംതന്നെ കിരീടം നേടിയാണ് ഉവൈസും ടീമും നാട്ടിലേക്ക് മടങ്ങിയത്. തൊട്ടുപിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗിലേക്കും വിളിയെത്തി. ജംഷഡ്പുരിന് വേണ്ടിയാണ് ഐ.എസ്.എൽ കളിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടിൽ ഇത്രയും വലിയ ടൂർണമെന്റ് കളിക്കാൻ അവസരം ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ഉവൈസ് പറഞ്ഞു. ശനിയാഴ്ച രാത്രി കോഴിക്കോട്ടെത്തിയ ടീം ഞായറാഴ്ച മുതൽ പരിശീലനത്തിനിറങ്ങും. സൂപ്പർ കപ്പിൽ ജംഷഡ്പുരിന്റെ മത്സരങ്ങളെല്ലാം കോഴിക്കോടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.