നാണംകെട്ട് റയൽ, തലതാഴ്ത്തി ആഴ്സനൽ
text_fieldsമഡ്രിഡ്: റയൽ മഡ്രിഡിന് തൊട്ടതെല്ലാം പിഴച്ച ദിനം. മൂന്നു പെനാൽറ്റിയും ഒരു സെൽഫ് േഗാളും വഴങ്ങി വലൻസിയക്ക് മുന്നിൽ 4-1ന് തോറ്റമ്പിയ റയൽ മഡ്രിഡ് ഒരു ചരിത്രവും കുറിച്ചു. ഇതാദ്യമായാണ് റയൽ ഒരു മത്സരത്തിൽ മൂന്ന് പെനാൽറ്റി വഴങ്ങുന്നത്.
കളിയുടെ 23ാം മിനിറ്റിൽ കരിം ബെൻസേമയുടെ ഗോളിലൂടെ റയലിെൻറ ലീഡോടെയാണ് കളി തുടങ്ങിയത്. എന്നാൽ, പിന്നീട് ചിത്രം മാറി. ഹാൻഡ്ബാളും സെൽഫ് ഗോളുമായി ചാമ്പ്യന്മാർക്ക് അബദ്ധങ്ങൾ ആവർത്തിച്ചപ്പോൾ, വലൻസിയ അവസരങ്ങളൊന്നും പാഴാക്കിയുമില്ല. പെനാൽറ്റികൊണ്ട് ഹാട്രിക് തികയ്ക്കുകയെന്ന അപൂർവ നേട്ടവുമായി വലൻസിയയുടെ കാർലോസ് സോളർ റയലിനെ കുഴിച്ചുമൂടി.
ലൂകാസ് വാസ്ക്വസ്, സെർജിയോ റാമോസ് എന്നിവരുടെ ഹാൻഡ്ബാളും, മാഴ്സലോയുടെ ടാക്ലിങ്ങുമാണ് വലൻസിയക്ക് മൂന്നു പെനാൽറ്റിക്ക് അവസരമൊരുക്കിയത് (35, 54, 63 മിനിറ്റ്). ഇതിനിടയിൽ 43ാം മിനിറ്റിൽ റാഫേൽ വറാനെയുടെ ഗോൾസേവിനുള്ള ശ്രമം പന്തിനെ സ്വന്തം വലയിൽ തന്നെയെത്തിച്ചു.
ആഴ്സനലിനെ ചുരുട്ടിക്കെട്ടി വില്ല
ലണ്ടൻ: കരുത്തരായ ആഴ്സനലിനെയും തകർത്ത് ആസ്റ്റൻവില്ലയുടെ പടയോട്ടം തുടരുന്നു. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തിയ ആത്മവിശ്വാസത്തോടെ സ്വന്തം ഗ്രൗണ്ടിലിറങ്ങിയ ആഴ്സനലിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ആസ്റ്റൻവില്ല നിശ്ശബ്ദരാക്കിയത്. ഒബുമെയാങ്, വില്യൻ, അലക്സാണ്ടർ ലകസെറ്റ തുടങ്ങിയ വമ്പന്മാരെല്ലാം അണിനിരന്നിട്ടും, നിറഞ്ഞു കളിച്ച വില്ലക്കെതിരെ കണ്ണുരുട്ടാൻപോലും കഴിഞ്ഞില്ല.
കളിയുടെ 25ാം മിനിറ്റിൽ ആഴ്സനൽ താരം ബുകായോ സാക നൽകിയ സെൽഫ് ഗോളിലാണ് വില്ല മുന്നിലെത്തിയത്. ഒരു ഗോളിെൻറ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.രണ്ടാം പകുതിയിൽ സുപ്രധാന മാറ്റങ്ങളുമായി ആഴ്സനൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മൂന്ന് മിനിറ്റ് ഇടവേളയിൽ (72, 75) വാറ്റ്കിൻസ് നേടിയ ഇരട്ട ഗോളിൽ പീരങ്കിപ്പടയുടെ കഥകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.