'വെള്ളംകളി'യിൽ അർജന്റീനയെ തളച്ച് വെനസ്വേല
text_fieldsലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച് വെനസ്വേല. സ്വന്തം തട്ടകമായ മോനുമന്റൽ സ്റ്റേഡിയത്തിൽ 1-1 നാണ് ആതിഥേയർ ലോകചാമ്പ്യന്മാരെ പിടിച്ചുകെട്ടിയത്.
കനത്ത മഴയെ തുടർന്ന് നിശ്ചിത സമയത്തിന് അരമണിക്കൂർ കഴിഞ്ഞാണ് മത്സരം ആരംഭിച്ചത്. വെള്ളം നിറഞ്ഞ മൈതാനത്ത് പന്തുതട്ടൽ ഏറെ ശ്രമകരമായിരുന്നെങ്കിലും മത്സരം ചൂടുപിടച്ചതോടെ കളിക്കാർ പ്രതിസന്ധി മറികടന്നു.
പരിക്ക് മൂലം ദേശീയ ടീമിൽ കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാനാവാതിരുന്ന ലയണൽ മെസ്സിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് അർജന്റീന വെനസ്വേലയെ നേരിട്ടത്. സ്റ്റാർ ഗോൾ കീപ്പർ മാർട്ടിനെസിനെ പുറത്തിരുത്തി ഗെറോണിമോ റുല്ലിയാണ് അർജന്റീനയുടെ ഗോൾവല കാത്തത്.
13ാം മിനിറ്റിൽ നിക്കോളസ് ഓട്ടമെൻഡിയിലൂടെ അർജന്റീനയാണ് ആദ്യം ലീഡെടുക്കുന്നത്. അർജന്റീനക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലയണൽ മെസി പോസ്റ്റിലേക്ക് പായിച്ചെങ്കിലും വെനസ്വേല ഗോളി തട്ടിയകറ്റി. റീബൗണ്ട് ചെയ്തെത്തിയ പന്ത് ഓട്ടമെൻഡി വലയിലാക്കുകായിരുന്നു(1-0).
വെള്ളം നിറഞ്ഞ മൈതാനം പന്തിന്റെ സ്വഭാവിക ഒഴുക്കിന് തടസ്സപ്പെട്ടതോടെ ഇരുടീമും നടത്തിയ മുന്നേറ്റങ്ങളെല്ലാം ഫലം കാണാതെ മടങ്ങുകയായിരുന്നു. രണ്ടാം പകുതിയിൽ 65 ാം മിനിറ്റിലാണ് ആതിഥേയർ സമനില ഗോൾ നേടുന്നത്. യെഫേഴ്‌സന്‍ സേറ്റല്‍ഡോയുടെ പാസില്‍ ഹെഡറിലൂടെ സാലോമോൻ റോണ്ടനാണ് ഗോൾ കണ്ടെത്തുന്നത് (1-1).
സമനിലയിൽ കുരുങ്ങിയെങ്കിലും യോഗ്യത മത്സരങ്ങളിൽ 19 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന. 16 പോയിന്റുമായി കൊളംബിയ രണ്ടും 15 പോയിന്റുമായി യുറുഗ്വായ് മൂന്നും സ്ഥാനത്ത് തുടരുന്നു. ഇന്നത്തെ യോഗ്യത മത്സരത്തിൽ ചിലിയെ തോൽപ്പിച്ചതോടെ 13 പോയിന്റുമായി ബ്രസീൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.