ഹാട്രിക് കിരീടത്തിൽ തട്ടി പുറത്തേക്ക് പറന്ന പന്ത്
text_fieldsമലപ്പുറം: തുടർച്ചയായ ആറു തവണ സന്തോഷ് ട്രോഫി കളിച്ച താരങ്ങൾ പുതിയ തലമുറയിൽ ഉണ്ടോ എന്ന് പോലും സംശയമാണ്. ദേശീയ, അന്തർദേശീയ കളിക്കാരെല്ലാം സന്തോഷ് ട്രോഫി ഫുട്ബാളിനെ പ്രാധാന്യത്തോടെ കണ്ടിരുന്ന കാലത്ത് ടീമിലിടം പിടിച്ച് 'ഡബിൾ ഹാട്രിക്'സ്വന്തമാക്കിയയാളാണ് മലപ്പുറം കുന്നുമ്മൽ തെക്കേപ്പുറം ഹമീദ് എന്ന ടൈറ്റാനിയം ഹമീദ്. കേരളം ഫൈനലിൽ തോൽക്കുന്ന ശീലമാക്കിയ കാലത്തായിരുന്നു സ്റ്റോപ്പർ ബാക്കായി ഹമീദിെൻറ വരവ്. തുടർച്ചയായ രണ്ട് തവണ കിരീടധാരണത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് അവിസ്മരണീയ മുഹൂർത്തങ്ങളിൽപെടുന്നു. ഹാട്രിക് കിരീടം നഷ്ടമാവുന്നതിന് ദൗർഭാഗ്യത്തിൽ കാരണക്കാരനായി എന്നതിെൻറ സങ്കടം ഇപ്പോഴുമുണ്ട്. തിരുവനന്തപുരം ടൈറ്റാനിയത്തിൽ അസി. മാനേജറാണ് ഹമീദ്.
അരങ്ങേറ്റം
1990ലെ ഗോവ സന്തോഷ് ട്രോഫിയിലായിരുന്നു അരങ്ങേറ്റം. ഫൈനലിൽ ആതിഥേയരോട് തോറ്റു. തൊട്ടടുത്ത വർഷം പാലക്കാട്ട് മഹാരാഷ്ട്രയോടും ഇതാവർത്തിച്ചപ്പോൾ കേരളത്തിെൻറ തുടർച്ചയായ നാലാമത്തെ ഫൈനൽ തോൽവിയായി. കലമുടക്കുന്നവരെന്ന ചീത്തപ്പേരും കിട്ടി. 1992ലെ കോയമ്പത്തൂർ സന്തോഷ് ട്രോഫി. കേരളം വീണ്ടും ഫൈനലിൽ. വി.പി. സത്യനായിരുന്നു നായകൻ. പരാജയയാത്രക്ക് വിരാമമിട്ട് ഗോവയെ 3-0ത്തിന് തോൽപിച്ച് 19 വർഷത്തിന് ശേഷം കിരീടം.
അക്ഷരാർഥത്തിൽ ആഘോഷമായിരുന്നു കേരളത്തിൽ. ടീമിന് തുറന്ന വാഹനത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ സ്വീകരണം. പിറ്റേ വർഷം കൊച്ചിയിൽ മഹാരാഷ്ട്രയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് കിരീടം നിലനിർത്തി. 1994ലെ കട്ടക്ക് സന്തോഷ് ട്രോഫി. കേരളം-ബംഗാൾ കലാശക്കളി. മത്സരം 2-2 സമനിലയിൽ അവസാനിച്ചു. ടൈ ബ്രേക്കറിന് പെനൽറ്റി ഷൂട്ടൗട്ട്. ഹമീദിെൻറ കിക്ക് ലക്ഷ്യം തെറ്റി പോസ്റ്റിെൻറ വലതുഭാഗം ചാരി പുറത്തേക്ക്. കേരളത്തിന് ഹാട്രിക് നഷ്ടം.
1990ലെ ഗോവ സന്തോഷ് ട്രോഫി
1995ലെ മദ്രാസ് സന്തോഷ് ട്രോഫിയിലും ഹമീദ് ഇറങ്ങി. കുറേ വർഷങ്ങൾക്ക് ശേഷം കേരളം സെമി ഫൈനലിൽ പുറത്ത്. കട്ടക്ക് ഫൈനലിൽ പെനൽറ്റി മിസായത് ഇപ്പോഴും കണ്ണിൽ തെളിയുമെന്ന് ഹമീദ്. കിരീട നേട്ടങ്ങളുടെ ആരവങ്ങൾകൊണ്ട് അത് മറക്കാൻ ശ്രമിക്കും. സ്വന്തം നാട്ടിൽ സന്തോഷ് ട്രോഫി എത്തുമ്പോൾ അതിയായി സന്തോഷിക്കുകയാണ്.
പഴയ പൊലിവില്ലെങ്കിലും മലപ്പുറത്തെ സംബന്ധിച്ച് ലോകകപ്പ് തന്നെയാണെന്ന അഭിപ്രായക്കാരനാണ് ഹമീദ്. ഫുട്ബാളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം തിരക്കുകൾ മാറ്റിവെച്ച് എപ്പോഴും നാട്ടിലേക്ക് ഓടിയെത്താറുണ്ട്. ഇരുമ്പുഴിയിലാണ് കുടുംബവീടിപ്പോൾ. തെക്കേപ്പുറം ഹംസയും ഇത്തിക്കുട്ടിയുമാണ് മാതാപിതാക്കൾ. തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥയായ ഷമീം ആണ് ഭാര്യ. മക്കൾ: ഷഫ്ന, ഫിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.