വിജയ'നാട്ടിൽ' ഗോകുല വിജയം...
text_fieldsമഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ സ്വന്തം തട്ടകത്തിൽ തുടർച്ചയായ മൂന്നാം വിജയവുമായി ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ തകർപ്പൻ തിരിച്ചുവരവ്. തിങ്കളാഴ്ച രാത്രി സ്വന്തം കാണികളെ സാക്ഷികളാക്കി രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മലബാറിയൻസ് പോയന്റ് പട്ടികയിൽ രണ്ടാമതെത്തി. കളം നിറഞ്ഞ് കളിച്ച രാജസ്ഥാൻ നിര ആദ്യ പകുതിയിൽ വരിഞ്ഞുമുറുക്കിയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നാണ് ഗോകുലം വിജയം പിടിച്ചെടുത്തത്.
51ാം മിനിറ്റിൽ വിശ്വാസ്തതാരം വി.എസ്. ശ്രീകുട്ടന്റെ മികച്ച ഗോളിലാണ് ആതിഥേയർ ഐ ലീഗിലെ തുടർച്ചയായ രണ്ടാം വിജയം നേടിയത്. കളി തുടങ്ങുമ്പോൾ ലീഗിൽ നാലാം സ്ഥാനത്തായിരുന്ന ഗോകുലം ബൂട്ടഴിക്കുമ്പോൾ ഏഴ് കളികളിൽനിന്ന് നാല് വിജയത്തോടെ റിയൽ കാശ്മീരിന് പിറകെ എത്തി.
പതറിയ പകുതി...
ആദ്യപകുതിയിൽ കളി തുടങ്ങിയതുമുതൽ തകർത്തുകളിച്ച രാജസ്ഥാൻ യുനൈറ്റഡ് ഗോകുലം പോസ്റ്റിലേക്ക് നിരവധി ഷോട്ടുകളാണ് തൊടുത്തുവിട്ടത്. തുടരെ തുടരെ മികച്ച മുന്നേറ്റങ്ങളുമായി ഗോകുലം പ്രതിരോധനിരയെ രാജസ്ഥാൻ നിരന്തരം പരീക്ഷിച്ചു. എടുത്തു പറയാനൊരു ഷോട്ടുപോലുമില്ലാതെയാണ് ആതിഥേയർ ആദ്യപകുതി വിട്ടത്.
അഞ്ച് കോർണറുകളാണ് രാജസ്ഥാൻ നേടിയെടുത്തത്. 33ാം മിനിറ്റിൽ രാജസ്ഥാന്റെ മലയാളി മധ്യനിര താരം പി.എം. ബ്രിട്ടോ നൽകിയ ക്രോസ് ബെക്ക്തുർ അംമഗൽദിയേവ് ഗോകുലം പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഗോളി പിടിച്ചെടുത്തു. ബ്രിട്ടോയും വില്ല്യം പൗലിങ്കും രാജസ്ഥാനായി വിയർത്തു കളിച്ചെങ്കിലും ഫലം കണ്ടില്ല.
19ാം മിനിറ്റിൽ രാജസ്ഥാൻ താരം മാർട്ടിൻ നികോളാസിന്‍റെ ബുള്ളറ്റ് ഷോട്ട് ഗോകുലം വലക്ക് മുകളിലൂടെ പറന്നകന്നു. 23ാം മിനിറ്റിൽ ശ്രുകുട്ടൻ നൽകിയ മികച്ച ക്രോസ് മുന്നേറ്റതാരം അഗസ്റ്റിൻ ജൂനിയർ ബൗസോലങക്ക് മുതലാക്കാനായുമായില്ല. ആദ്യ പകുതിയുടെ അവസാന സമയത്ത് രാജസ്ഥാന്‍റെ നിരവധി മുന്നേറ്റങ്ങൾ പിറന്നു.
പറന്നുയർന്ന രണ്ടാം പകുതി
രണ്ടാംപകുതിയിൽ കൂടുതൽ ഊർജം സംഭരിച്ച കേരള ടീമിനെയാണ് കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലം രാജസ്ഥാനെതിരെ മുൻതൂക്കം നേടി. 51ാം മിനുറ്റിൽ മുന്നേറ്റ താരം വി.എസ്. ശ്രീകുട്ടൻ ഇടതുവിങ്ങിലൂടെ ഒറ്റയാൾ പോരാട്ടം നടത്തി മൂന്ന് രാജസ്ഥാൻ താരങ്ങളെയും ഗോൾകീപ്പറേയും കാഴ്ചക്കാരാക്കി തൊടുത്തുവിട്ട ഷോട്ട് രാജസ്ഥാന്റെ വല കുലുക്കി. പോസ്റ്റിന് മുകളിൽ ബാറിൽ തട്ടി ഉള്ളിലേക്ക് പതിച്ച ഗോൾ ഈ ലീഗിലെ മികച്ച ഗോളുകളിലൊന്നായി.
രാജസ്ഥാൻ പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും ഗോകുലം പ്രതിരോധം പൂർവാധികം കരുത്തോടെ ചെറുത്തുനിന്നു. 55ാം മിനിറ്റിൽ ഗോകുലം താരങ്ങളായ ശ്രീകുട്ടനും ഷിജിനും ഗോളവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായില്ല. 49 മിനിറ്റിൽ രാജസ്ഥാൻ മധ്യനിര താരത്തിന്റെ മനോഹരമായ ഷോട്ട് ഗോകുലം ഗോളി കുത്തിയകറ്റിയതോടെ രാജസ്ഥാന്‍റെ 'സമനനില' തെറ്റി.വ്യാഴാഴ്ച വൈകീട്ട് 4.30ന് പയ്യനാട് സ്റ്റേഡിയത്തിൽ നെരോക എഫ്.സിയുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.