തകർപ്പൻ ജയം; ഫലസ്തീൻ പ്രീക്വാർട്ടറിൽ
text_fieldsദോഹ: അറ്റമില്ലാത്ത ഇസ്രായേൽ ആക്രമണം തീർക്കുന്ന വേദനകൾക്കിടയിൽ ഫലസ്തീനികൾക്ക് ആഘോഷിക്കാൻ കാൽപന്തുമൈതാനിയിൽനിന്നും വലിയ സമ്മാനമൊരുക്കി ദേശീയ ഫുട്ബാൾ ടീം. ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തരിപ്പണമാക്കി ഫലസ്തീൻ തകർപ്പൻ ജയവുമായി ഏഷ്യൻ കപ്പിന്റെ പ്രീക്വാർട്ടർ ബർത്തുറപ്പിച്ചു. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉദയ് ദബ്ബാഗിന്റെ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു ഫലസ്തീന്റെ മിന്നുംജയം.
കളിയുടെ 12, 60 മിനിറ്റിൽ ദബ്ബാലും, 48ാം മിനിറ്റിൽ സൈദ് ഖുൻബറും സ്കോർ ചെയ്തപ്പോൾ വൻകരയുടെ ചാമ്പ്യൻഷിപ്പിലെ ഏറ്റവും തിളക്കമുള്ള ഗോളായി മാറി. ഒാരോ ജയവും സമനിലയുമായി ഫലസ്തീന് നാലു പോയന്റാണുള്ളത്. എന്നാൽ, ഗോൾവ്യത്യാസത്തിൽ തലനാരിഴ വ്യത്യാസത്തിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം നഷ്ടമായവർ, മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നാമനായി തന്നെ പ്രീക്വാർട്ടർ ടിക്കറ്റുറപ്പിച്ചു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം നൂറു ദിവസം പിന്നിടുകയും മരണം കാൽലക്ഷം കവിയുകയും ചെയ്യുന്നതിനിടെ ഏഷ്യൻ കപ്പിൽ ബൂട്ടുകെട്ടിയിറങ്ങിയ ഫലസ്തീന് വലിയ പിന്തുണയാണ് ആരാധകരിൽനിന്നുള്ളത്. താരങ്ങളിൽ പലരുടെയും ബന്ധുക്കളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതും വാർത്തയായിരുന്നു.
ഗ്രൂപ് ‘സി’യിൽ ഇറാനും (ഒമ്പത് പോയന്റ്), യു.എ.ഇക്കും (4) പിറകിലാണ് ഫലസ്തീൻ. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ഇറാൻ 2-1ന് യു.എ.ഇയെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.