ബെൻസേമയുടെ അഭാവത്തിൽ കളംനിറഞ്ഞ് വിനീഷ്യസ്; ഓസാസുനയെ വീഴ്ത്തി റയൽ മഡ്രിഡ്; ബാഴ്സയുമായി ലീഡ് വ്യത്യാസം അഞ്ചാക്കി
text_fieldsസ്പാനിഷ് ലാ ലീഗയിൽ ഓസാസുനയെ വീഴ്ത്തി റയൽ മഡ്രിഡ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയലിന്‍റെ ജയം. ഇതോടെ ലീഗിൽ ഒന്നാമതുള്ള ബാഴ്സയുമായുള്ള പോയന്‍റ് വ്യത്യാസം അഞ്ചാക്കി കുറച്ചു.
സൂപ്പർതാരം കരീം ബെൻസേമക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയറുടെ മിന്നുംപ്രകടനമാണ് റയലിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കിയ താരം, രണ്ടു തവണ വലകുലുക്കിയെങ്കിലും ലൈൻസ്മാൻ ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. യുറുഗ്വായ് താരം ഫ്രെഡറികോ വാൽവെർദെ (78ാം മിനിറ്റിൽ), രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+2ാം മിനിറ്റിൽ) സ്പാനിഷ് താരം മാർകോ അസെൻസിയോ എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
എൽ സദർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചു. വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്നാണ് മിഡ്ഫീൽഡർ വാൽവെർദെ ഗോൾ നേടിയത്. യുറുഗ്വായ് താരത്തിന്റെ സീസണിലെ പതിനൊന്നാം ഗോളാണിത്. അൽവാരോ റോഡ്രിഗസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ശനിയാഴ്ച ലിവർപൂളുമായി മത്സരമുള്ളതിനാൽ ബെൻസേമക്ക് പരിശീലകൻ കാർലോ ആഞ്ചലോട്ടി വിശ്രമം അനുവദിക്കുകയായിരുന്നു.
മത്സരശേഷം വിനീഷ്യസിനെ പരിശീലകൻ വാനോളം പ്രശംസിച്ചു. വിനീഷ്യസ് ഒരു മാറ്റമുണ്ടാക്കുന്ന കളിക്കാരനാണെന്ന് അദ്ദേഹം പറഞ്ഞു. അവൻ നന്നായി കളിച്ചു. അദ്ദേഹം ഒരു അസാധാരണ ഫുട്ബാൾ കളിക്കാരനാണെന്നും ആഞ്ചലോട്ടി പ്രതികരിച്ചു. ജയത്തോടെ 22 മത്സരങ്ങളിൽനിന്ന് 51 പോയിന്‍റുമായി പോയന്‍റ് പട്ടികയിൽ രണ്ടാമതാണ് റയൽ. 21 മത്സരങ്ങളിൽനിന്ന് 56 പോയന്റുമായി ബാഴ്സയാണ് ഒന്നാമത്.
സീസണിൽ പകുതിയിലേറെ മത്സരം ബാക്കിയുള്ളതിനാൽ കിരീട പോരിൽ റയലിനും പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.