വിനീഷ്യസ് പെനാൽറ്റി പാഴാക്കി; വെനിസ്വേലയോട് സമനില വഴങ്ങി ബ്രസീൽ
text_fieldsമതൂരിൻ (വെനിസ്വേല): ക്ലബ് ഫുട്ബാളിലെ മിന്നുംതാരങ്ങൾ ഒന്നിച്ചിറങ്ങിയിട്ടും ദേശീയ ജഴ്സിയിലെ ശനിദശ വിട്ടുമാറാതെ ബ്രസീൽ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വെനിസ്വേലക്കെതിരെ മതൂരിനിലെ മൊന്യൂമെന്റൽ സ്റ്റേഡിയത്തിൽ കളത്തിലിറങ്ങിയ ബ്രസീലിന് നിരാശാജനകമായ സമനിലയായിരുന്നു ഫലം. 1-1നാണ് ആതിഥേയ സംഘം മഞ്ഞപ്പടയെ കെട്ടിപ്പൂട്ടിയത്. റയൽ മഡ്രിഡിന്റെ ഗോളടിവീരൻ വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി. ബാഴ്സലോണയിൽ അപാരഫോമിൽ കളിക്കുന്ന റഫീഞ്ഞയാണ് തകർപ്പൻ ഫ്രീകിക്കിലൂടെ ബ്രസീലിനുവേണ്ടി വല കുലുക്കിയത്.
ഈ സമനിലയോടെ പത്തു ടീമുകളുള്ള തെക്കനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ 17 പോയന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്തെത്തി. 22 പോയന്റുമായി അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതുണ്ട്.
കളിയുടെ തുടക്കത്തിൽ ബ്രസീലിന് അവസരങ്ങളേറെ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. വിനീഷ്യസ് നൽകിയ പാസിൽ റഫീഞ്ഞയുടെ ഗോളെന്നുറച്ച അവസരം അവിശ്വസനീയമായി പുറത്തേക്കായിരുന്നു. ജെഴ്സണിന്റെ തകർപ്പൻ ഷോട്ട് വെനിസ്വേല ഗോളി റാഫേൽ റോമോ മുഴുനീളത്തിൽ ഡൈവ് ചെയ്ത് തട്ടിയകറ്റി. എന്നാൽ, 43-ാം മിനിറ്റിൽ പോസ്റ്റിന്റെ 25 വാര അകലെനിന്ന് റഫീഞ്ഞ തൊടുത്ത റോക്കറ്റ് തടയാൻ റാഫേലിനായില്ല. വളഞ്ഞുപുളഞ്ഞ ഫ്രീകിക്ക് പോസ്റ്റിലുരുമ്മി വലയിലേക്ക് വഴിമാറിയൊഴുകി. നെയ്മറിന്റെ പത്താംനമ്പർ കുപ്പായത്തിൽ കളത്തിലിറങ്ങിയ റഫീഞ്ഞ സൂപ്പർ താരത്തിന്റെ ആഹ്ളാദ പ്രകടനം അനുകരിച്ചാണ് ഗോൾനേട്ടം ആഘോഷിച്ചത്.
കാണികളുടെ പിന്തുണയോടെ ആഞ്ഞടിച്ച വെനിസ്വേല ഇടവേള കഴിഞ്ഞ് രണ്ടു മിനിറ്റിനകം പകരംവീട്ടി. പകരക്കാരനായി രണ്ടാം പകുതിയുടെ തുടക്കംമുതൽ കളത്തിലെത്തിയ ടെലാസ്കോ സെഗോവിയയായിരുന്നു സ്കോറർ. ഇടതുവിങ്ങിൽനിന്ന് നവാരോയുടെ പാസ് സവാരിനോയിലേക്ക്. സവാരിനോ തട്ടിനീക്കിയ പന്തിൽ ബോക്സിന് പുറത്തുനിന്ന് സെഗോവിയ തൊടുത്ത ചാട്ടുളി ബ്രസീൽ വലയിലേക്ക് പാഞ്ഞുകയറി.
കളി കൃത്യം ഒരു മണിക്കൂർ പിന്നിടവേ മുന്നിലെത്താൻ ബ്രസീലിന് വഴിതെളിഞ്ഞു. എതിർഗോളി റോമോ വിനീഷ്യസിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ‘വാറി’ലാണ് പെനാൽറ്റി സ്ഥിരീകരിക്കപ്പെട്ടത്. കിക്കെടുക്കാനെത്തിയതും വിനി തന്നെ. ബാലൺ ഡി ഓർ റണ്ണറപ്പായ വിനി നിലംപറ്റെ വലയുടെ വലതുമൂലയിലേക്ക് പായിച്ച ഷോട്ട് തട്ടിയകറ്റാൻ റോമോക്ക് ഏറെ ആയാസപ്പെടേണ്ടിവന്നില്ല. റീബൗണ്ടിൽ വീണ്ടും വിനിക്ക് മുന്നിൽ വഴിതെളിഞ്ഞെങ്കിലും ഷോട്ട് അവിശ്വസനീയമായി പുറത്തേക്ക്. അതുനൽകിയ ആത്മവിശ്വാസത്തിൽ ശേഷിക്കുന്ന സമയം പ്രതിരോധം കനപ്പിച്ച് വെനിസ്വേല ഒരു പോയന്റ് പൊരുതി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.