റയലിന് തിരിച്ചടി; ചാമ്പ്യൻസ് ലീഗിലെ സൂപ്പർ പോരിൽ ബ്രസീൽ താരം കളിക്കില്ല
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ലിവർപൂളിനെ നേരിടാനിരിക്കുന്ന സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന് തിരിച്ചടി. ബ്രസീലിന്‍റെ സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയർ കാൽ മസിലിനേറ്റ പരിക്കിനെ തുടർന്ന് കളിക്കാനിറങ്ങില്ല. ലിവർപൂളിന്‍റെ തട്ടകമായ ആൻഫീൽഡിൽ വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1.30നാണ് മത്സരം.
റയലിന്‍റെ ലാ ലിഗ ഉൾപ്പെടെയുള്ള ഏതാനും മത്സരങ്ങളും താരത്തിന് നഷ്ടമാകും. കഴിഞ്ഞദിവസം ലാ ലിഗയിൽ ലെഗനീസിനെതിരെ തകർപ്പൻ ജയം നേടിയ മത്സരത്തിൽ റയലിനായി 90 മിനിറ്റും വിനീഷ്യസ് കളിച്ചിരുന്നു. റയൽ മെഡിക്കൽ സംഘം നടത്തിയ വൈദ്യ പരിശോധനയിലാണ് താരത്തിന്‍റെ ഇടതുകാലിന്‍റെ മസിലിൽ പരിക്ക് കണ്ടെത്തിയതെന്ന് ക്ലബ് പത്രക്കുറിപ്പിൽ അറിയിച്ചു.
റോഡ്രിഗോ, എദർ മിലിറ്റാവോ, ഡാനി കാർവഹാൽ, ലൂകാസ് വസ്ക്വസ്, ഡേവിഡ് അലാബ എന്നിവരുടെ പരിക്കിൽ റയൽ വലയുന്നതിനിടെയാണ് മറ്റൊരു സൂപ്പർതാരം കൂടി പരിക്കേറ്റ് ടീമിന് പുറത്താകുന്നത്. വരാനിരിക്കുന്ന മത്സരങ്ങളിൽ താരത്തിന്‍റെ അഭാവം ക്ലബിന് വലിയ തിരിച്ചടിയാണ്. ലാ ലിഗയിൽ അത്ലറ്റിക് ക്ലബ്, ജിറോണ, അറ്റ്ലാന്‍റ തുടങ്ങിയ ക്ലബുകൾക്കെതിരെ ടീമിന് മത്സരങ്ങളുണ്ട്. കൂടാതെ, ഡിസംബർ 18ന് ഖത്തറിൽ നടക്കുന്ന ഫിഫ ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ഫൈനലിനും റയൽ കളിക്കാനിറങ്ങുന്നുണ്ട്.
കളിച്ച നാലു മത്സരങ്ങളും ജയിച്ച് 12 പോയന്‍റുമായി ലിവർപൂളാണ് ചാമ്പ്യൻസ് ലീഗ് പട്ടികയിൽ ഒന്നാമത്. തകർപ്പൻ ഫോമിലുള്ള ആർനെ സ്ലോട്ടിന്‍റെ സംഘം ഇംഗ്ലീഷ് പ്രീയിമർ ലീഗിലും ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. രണ്ടു വീതം ജയവും തോൽവിയുമായി റയൽ ചാമ്പ്യൻസ് ലീഗിൽ 18ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.