ആദ്യപന്തുമുതൽ വെടിക്കെട്ടുതുടങ്ങുന്ന വീരുവിന് 42ാം പിറന്നാൾ
text_fieldsന്യൂഡൽഹി: ''നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുേമ്പാൾ ആരുടെ ബാറ്റിങ്ങാണ് ഏറ്റവും ആസ്വദിച്ചിട്ടുള്ളത?''. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറോട് ഒരു അഭിമുഖത്തിനിടെ വന്ന ചോദ്യം ഇതായിരുന്നു. പലതലമുറകളിലായി അനേകം ബാറ്റ്സ്മാൻമാർക്കൊപ്പം പങ്കാളിയായ സചിൻ കൂടുതൽ ആലോചിക്കാതെ പറഞ്ഞു 'വീരേന്ദർ സെവാഗ്'. ബൗണ്ടറികളുടെ മാലപ്പടക്കത്തിന് ആദ്യ പന്തുമുതൽ തിരികൊളുത്തുന്ന ഇന്ത്യൻ ക്രിക്കറ്റിെൻറ വീരുവിന് ഇന്ന് 42ാം പിറന്നാൾ.
1999 ഏപ്രിൽ ഒന്നിന് പാകിസ്താനെതിരെ ഇന്ത്യയുടെ ആകാശനീലക്കുപ്പായത്തിൽ അരങ്ങേറിയ നജഫ്ഗഡുകാരൻ വീരേന്ദർ സെവാഗ് ടീമിൽ ഇരിപ്പുറപ്പിച്ചത് 2001ലാണ്. സൗരവ് ഗാംഗുലിയുടെ നിർദേശത്തിൽ ഓപ്പണറായി ബാറ്റുകെട്ടിയ വീരു കരിയർ അവസാനിപ്പിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിലൊരാളെന്ന വിശേഷണം സ്വന്തമാക്കിയായിരുന്നു.
സാങ്കേതികത്തികവിെൻറ അഭാവമെന്ന പഴി പലകുറികേട്ടെങ്കിലും അതിനെയെല്ലാം സെവാഗ് തെൻറ പ്രഹരശേഷി കൊണ്ട് നിഷ്ഫലമാക്കി. ഏതുപിച്ചിലും ഏതു ബൗളറെയും അടിച്ചുതകർക്കാനുള്ള സെവാഗിെൻറ ചങ്കൂറ്റവും പാടവവും സെവാഗിന് ഏറെ ആരാധകരെ നേടികൊടുത്തു.
വെടിക്കെട്ട് ബാറ്റ്സമാൻമാർ പൊതുവേ പതറിപ്പോകുന്ന ടെസ്റ്റ് ക്രിക്കറ്റിെൻറ വിളനിലങ്ങളിലാണ് സെവാഗ് കൂടുതൽ പൂത്തുലഞ്ഞതെന്ന യാഥാർഥ്യം ക്രിക്കറ്റ് പണ്ഡിതരിൽ ഇപ്പോഴും ആശ്ചര്യം സൃഷ്ടിക്കുന്നു. 104ടെസ്റ്റിൽ നിന്നായി 8,586 റൺസും 251 ഏകദിനങ്ങളിൽ നിന്നായി 8,273 റൺസും 19 ട്വൻറി 20 മത്സരങ്ങളിൽ നിന്നായി 394 റൺസും സെവാഗ് ഇന്ത്യക്കായി കുറിച്ചു. ടെസ്റ്റിലെ രണ്ട് ട്രിപ്പിൾ സെഞ്ചുറിയും ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിയും ഇതിലുൾപ്പെടും.
ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനും കിങ്സ് ഇലവൻ പഞ്ചാബിനും വേണ്ടിക്കളിച്ച സെവാഗ് 2629 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 82.23ഉം ഏകദിനത്തിൽ 104.34ഉം ഐ.പി.എല്ലിൽ 155.44മാണ് സെവാഗിെൻറ സ്ട്രൈക് റേറ്റ്.
2013ൽ ഇന്ത്യക്കായി അവസാന ഏകദിനവും ടെസ്റ്റും കളിച്ച സെവാഗിന് പിന്നീട് ടീമിലേക്ക് വിളിയെത്തിയില്ല. തുടർന്ന് 2015ൽ താരം വിരമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
നേടിയ റൺസുകളേക്കാൾ കളിയോടുള്ള സമീപനമാണ് സെവാഗിനെ വേറിട്ടുനിർത്തിയത്. ആദ്യ പന്തുമുതൽ പ്രഹരിച്ചുതുടങ്ങുന്ന സെവാഗ് ക്രീസുകൾക്ക് ഉത്സവപ്രതീതി നൽകി. 2011 ലോകകപ്പിൽ ഫൈനൽ മത്സരം ഒഴികെയുള്ളതിലെല്ലാം നേരിട്ട ആദ്യ പന്ത് തന്നെ സെവാഗ് ബൗണ്ടറിയാക്കിയിരുന്നു. കണ്ണെത്തുന്നിടത്ത് പന്തെത്തിക്കാനുള്ള സെവാഗിെൻറ പാടവം അമ്പരപ്പിക്കുന്നതായിരുന്നു.കളിയാരാധകരുടെ മനസ്സിൽ ആ വസന്തം ഇന്നും അവസാനിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.