മെസ്സിയുടെ ഇന്‍റർ മയാമിക്ക് ജപ്പാനിൽ തോൽവി; വിസൽ കോബെയോട് തോറ്റത് പെനാൽറ്റി ഷൂട്ടൗട്ടിൽ
text_fieldsപ്രീ സീസൺ ടൂറിലെ അവസാന മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി. ജപ്പാൻ ക്ലബ് വിസൽ കോബെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലയണൽ മെസ്സിയെയും സംഘത്തെയും വീഴ്ത്തിയത്.
ടോക്കിയോയിലെ ജപ്പാൻ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. 4-3 എന്ന സ്കോറിനായിരുന്നു ജപ്പാൻ ക്ലബിന്‍റെ ജയം. ഏഷ്യൻ ടൂറിൽ ഇന്റർ മയാമി സൗദി ക്ലബുകളായ അൽ ഹിലാൽ, അൽ നസ്ർ എന്നിവരോടും പരാജയപ്പെട്ടിരുന്നു. ഹോങ്കോങ് ഇലവനോട് മാത്രമാണ് ജയിക്കാനായത്.
സൂപ്പർതാരം മെസ്സി രണ്ടാം പകുതിയിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്. മത്സരത്തിലുടനീളം വിസൽ കോബെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നീക്കങ്ങളൊന്നും ഗോളിലെത്തിയില്ല. എന്നാൽ, ഇന്റർ മയാമി താളം കണ്ടെത്താനാകാതെ വിയർക്കുന്നതാണ് കണ്ടത്. 61ാം മിനിറ്റിൽ അർജന്‍റൈൻ താരം കളത്തിൽ എത്തിയതോടെയാണ് മയാമി മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.
പിന്നാലെ മികച്ച നീക്കങ്ങളുമായി ടീം കളംനിറഞ്ഞെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. 79ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറിയ മെസ്സിയുടെ ഷോട്ട് ഗോൾ കീപ്പർ തട്ടിയകറ്റി. റിബൗണ്ട് പന്തിൽനിന്നുള്ള മെസ്സിയുടെ ഷോട്ട് വിസൽ കോബെയുടെ യൂക്കി ഹോണ്ട ഗോൾലൈനിൽനിന്ന് ക്ലിയർ ചെയ്തു.
സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്, ബുസ്ക്വറ്റ്സ്, ജോഡി ആൽബ എന്നിവരെല്ലാം മിയാമിയുടെ പ്ലെയിങ് ഇലവനിൽ ഇടംനേടിയിരുന്നു. ഹോങ്കോങ് ഇലവനുമായുള്ള മത്സരത്തിൽ ഇന്‍റർ മയാമിക്കായി മെസ്സി കളിക്കാനിറങ്ങാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മത്സരത്തിൽ 4-1നാണ് മയാമി ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.