അടിക്ക് തിരിച്ചടി;സ്വിറ്റ്സർലൻഡിനെ പൂട്ടി വെയ്ൽസ്
text_fieldsബാകു (അസർബൈജാൻ): നന്നായി കളിച്ചിട്ടും വിജയത്തിലേക്കെത്താനാകാതെ സ്വിറ്റ്സർലൻഡ് ബാക്കു സ്റ്റേഡിയത്തിൽ നിന്നും തിരിച്ചുനടന്നപ്പോൾ ശ്വാസം വീണത് വെയിൽസിനായിരുന്നു. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ സ്വിസ് പടയെ വെയിൽസ് ഭാഗ്യം കൊണ്ട് ചെറുത്തുനിന്നു.
49ാം മിനുറ്റിൽ ബ്രീൽ എംബോളോയിലൂടെ മുന്നിലെത്തിയ സ്വിറ്റ്സർലൻഡിനെ 74ാം മിനുറ്റിലെ കീഫർ മൂറെയുടെ ഉജ്ജ്വലഗോളിൽ വെയിൽസ് സമനിലയിൽപൂട്ടുകയായിരുന്നു. ഗ്രൂപ്പ് എയിൽ ഇരുടീമുകളും വിലപ്പെട്ട ഓരോ പോയന്‍റ് വീതം സ്വന്തമാക്കി.
ഗോളിനായി 18ഓളം ഷോട്ടുകൾ ഉതിർത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് സ്വിസ് ടീമിന് വിനയായത്. 85ാം മിനുറ്റിൽ ഗവ്റോനിവിച് സ്വിസ് ടീമിനായി രണ്ടാംഗോൾ കുറിച്ച് ആഹ്ലാദമല കയറ്റിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് വിധിച്ചതോടെ ആരവങ്ങളടങ്ങി.
എതിർഗോൾ മുഖത്തെ തുടർച്ചയായി വിറപ്പിച്ച സ്വിസ് ആക്രമണങ്ങൾക്ക് ഫലം കണ്ടത്് 49ാം മിനിറ്റിലായിരുന്നു. സൂപ്പർ താരം ഷെർദാൻ ഷാക്കിരിയുടെ കാലിൽ നിന്നും ഉയർന്നുപൊങ്ങിയ പന്ത് എംബോളോ പോസ്റ്റിൻെറ ഇടതുമൂലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. തുടർന്ന് ആക്രമണത്തിന് വെയിൽസ് കോപ്പുകൂട്ടിയെങ്കിലും ഫലം ലഭിച്ചില്ല.
70ാം മിനുറ്റിൽ ഷാഖിരിക്ക് പകരക്കാരനായി ഡിഫൻസീവ് മിഡ്ഫീൽഡറായ ഡെനിസ് സക്കരിയയെ സ്വിസ് കോച്ച് പരീക്ഷിച്ചു. 74ാം മിനുറ്റിലായിരുന്നു വെയിൽസ് കാത്തിരുന്ന നിമിഷമെത്തിയത്. ജോ മോറലിൻെറ പന്ത് വായുവിലുയർന്ന് കീഫർ മോറെ സ്വിസ് വലയിലേക്ക് തട്ടിയിട്ടപ്പോൾ നോക്കി നിൽക്കാനേ ഗോൾകീപ്പർക്കായുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.