ലോകകപ്പ് സുവനീർ ടിക്കറ്റുകൾ വേണോ? ഇപ്പോൾ അപേക്ഷിക്കാം
text_fieldsദോഹ: ഖത്തർ ലോകകപ്പിലെ മത്സരങ്ങൾ നേരിട്ടു കണ്ടയാളാണോ നിങ്ങൾ? ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായതിന്റെ ഓർമക്കായി എക്കാലവും സൂക്ഷിച്ചുവെക്കാൻ പറ്റിയ സാധാരണ ടിക്കറ്റ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതിനുള്ള സമയമിതാണ്. മൊബൈൽ ടിക്കറ്റ് ഉടമകൾക്ക് ഖത്തർ 2022 ലോകകപ്പിലെ ഫിസിക്കൽ ടിക്കറ്റുകൾ സുവനീറായി വേണമെങ്കിൽ ഫിഫക്ക് അപേക്ഷ നൽകാം.
സുവനീർ ടിക്കറ്റുകൾ ഇപ്പോൾ പ്രിന്റിനായി വെബ്‌സൈറ്റിൽ ലഭ്യമാണ്. ടിക്കറ്റ് വാങ്ങിയ ആൾക്ക് അതിഥികൾക്ക് ഉൾപെടെ അയാൾ വാങ്ങിയ മൊബൈൽ ടിക്കറ്റുകളുടെ സുവനീർ ടിക്കറ്റുകൾ ഇനി ലഭിക്കും. തനിക്കും ഗസ്റ്റുകൾക്കുമായി എടുത്ത ടിക്കറ്റുകളുടെ സുവനീർ ടിക്കറ്റുകൾ വാങ്ങാൻ ലോകകപ്പ് ടിക്കറ്റ് വാങ്ങിയവർക്ക് FIFA.com/tickets ആക്‌സസ് ചെയ്ത് തങ്ങളുടെ ഫിഫ ടിക്കറ്റിങ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. സുവനീർ ടിക്കറ്റ് ഇതുവഴി മാത്രമേ സ്വന്തമാക്കാൻ കഴിയൂ എന്നും ഫിഫ അറിയിച്ചിട്ടുണ്ട്. അതിഥികൾക്ക് നേരിട്ട് സുവനീർ ടിക്കറ്റുകൾ വാങ്ങാൻ കഴിയില്ല.
ഒരു സുവനീർ ടിക്കറ്റിന്റെ വില പത്ത് ഖത്തർ റിയാലാണ്. ഒരൊറ്റ ആപ്ലിക്കേഷൻ നമ്പറിലുള്ള എല്ലാ ടിക്കറ്റുകളും പ്രിന്റ് ചെയ്തുകിട്ടും. ആപ്ലിക്കേഷൻ നമ്പറിലുള്ള ഓരോ ടിക്കറ്റിനും പത്ത് റിയാൽ വീതം നൽകണമെന്നു മാത്രം. ഉദാഹരണത്തിന്, ഒരു ഒറിജിനൽ ടിക്കറ്റ് വാങ്ങിയയാളുടെ അപേക്ഷയിൽ ആറ് ടിക്കറ്റുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ 60 റിയാൽ നൽകണം.
നിങ്ങളുടെ ഫിഫ ടിക്കറ്റിങ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസത്തിലേക്ക് സുവനീർ ടിക്കറ്റുകൾ സാധാരണ തപാൽ വഴി അയക്കും. 2023 ഫെബ്രുവരി അവസാനമോ 2023 മാർച്ചിന്റെ ആദ്യമോ മുതൽ ടിക്കറ്റുകൾ അയച്ചുതുടങ്ങും. ടിക്കറ്റുകൾ അയക്കുന്നത് ഒരു മാസത്തോളം തുടരും. അതനുസരിച്ച്, 2023 മാർച്ച് അവസാനമോ 2023 ഏപ്രിലിന്റെ തുടക്കമോ ആയിരിക്കും സുവനീർ ടിക്കറ്റുകൾ വിലാസക്കാരന് ലഭിക്കുന്നത്. ഷിപ്പിങ് ചെലവുകൾ ഉൾപെടെയാണ് സുവനീർ ടിക്കറ്റുകളുടെ വിലയായി 10 റിയാൽ ഇടാക്കുന്നതെന്നതിനാൽ, ടിക്കറ്റ് ചാർജിന് പുറമെ കൂടുതൽ പണം നൽകേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.