മഞ്ഞപ്പടക്ക് ആശംസകളോടെ യാത്രയയപ്പ്
text_fieldsദുബൈ: പുതിയ സീസണിൽ ബൂട്ടുകെട്ടാൻ നാട്ടിലേക്ക് തിരിച്ച കേരള ബ്ലാസ്റ്റേഴ്സിന് ദുബൈയിൽ ഊഷ്മള യാത്രയയപ്പ്. ടീമിന് യു.എ.ഇയിൽ സൗകര്യമൊരുക്കിയ എച്ച് 16 സ്പോർട്സിന്‍റെ നേതൃത്വത്തിലും ടീമിന്‍റെ ഔദ്യോഗിക ഫാൻസ് ഗ്രൂപ്പായ മഞ്ഞപ്പടയുടെ നേതൃത്വത്തിലുമായിരുന്നു യാത്രയയപ്പ് ഒരുക്കിയത്. ടീം ഹോട്ടലിലായിരുന്നു എച്ച് 16 സ്പോർട്സിന്‍റെ യാത്രയയപ്പ് ചടങ്ങ് നടന്നത്. ചെയർമാൻ ഹസൻ അലി ഇബ്രാഹിം അലി അഹ്മദ് അൽ ബലൂഷിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ടീം അംഗങ്ങൾക്ക് ഉപഹാരങ്ങളും കൈമാറി. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന് എല്ലാവിധ ആശംസകളും നേരുന്നതായി അദ്ദേഹം പറഞ്ഞു. ദുബൈയിലെ പരിശീലന സൗകര്യങ്ങൾ മികവുറ്റതായിരുന്നുവെന്നും ടീമിന്‍റെ പ്രകടനത്തിൽ ഇത് നിർണായകമാകുമെന്നും കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഇവാൻ വുകുമിനോവിച് പറഞ്ഞു. സൗകര്യമൊരുക്കിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ദുബൈ വിമാനത്താവളത്തിലാണ് യാത്രയയപ്പ് നൽകിയത്. താരങ്ങൾക്ക് ആശംസ കാർഡുകൾ വിതരണം ചെയ്താണ് യാത്രയാക്കിയത്. 'മലയാളികളുടെ രണ്ടാം വീടായ യു.എ.ഇയിലെ പരിശീലനം ആസ്വദിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും നാട്ടിൽനിന്ന് അകന്നുനിൽക്കുന്ന ഞങ്ങൾക്ക് ഇതൊരു സ്വപ്നമായിരുന്നുവെന്നും' ആശംസ കാർഡിൽ കുറിച്ചു. 20 ദിവസത്തെ പരിശീലനം കഴിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് നാട്ടിലേക്ക് മടങ്ങിയത്. തിരുവോണ ദിനമായ വ്യാഴാഴ്ച രാവിലെയാണ് ടീം കേരളത്തിലേക്ക് തിരിച്ചത്. കോച്ച് ഇവാൻ വുകുമിനോവിചിന്‍റെ നേതൃത്വത്തിൽ 38 അംഗ ടീമാണ് വിമാനത്താവളത്തിൽ എത്തിയത്.
നായകൻ അഡ്രിയൻ ലൂണയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഒക്ടോബർ ഏഴിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. മൂന്ന് പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ ആഗസ്റ്റ് 17നാണ് ടീം ദുബൈയിലെത്തിയത്. എന്നാൽ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സിന്‍റെ കളി മുടങ്ങി. ഫിഫ വിലക്ക് മാറിയതോടെ റാസൽഖൈമയിൽ അൽ ജസീറ ക്ലബിനെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു. ഇതിനുപുറമെ ദിവസവും രാത്രിയിൽ ദുബൈ അൽ നസ്ർ ക്ലബിന്‍റെ ഗ്രൗണ്ടിൽ പരിശീലനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.