മറഡോണയുടെ മരണം അശ്രദ്ധയോ കൊലപാതകമോ? കോടതി അന്വേഷണത്തിൽ വരുന്ന വിവരങ്ങൾ ഇങ്ങനെ..
text_fields2020 നവംബറിലാണ് ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ലോകത്തോട് വിടപറഞ്ഞത്. അക്യൂട്ട് പൾമണറി എഡിമയും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അവസാന നാളുകളിലെ അദ്ദേഹത്തിൻറെ ചുറ്റുപാടുകൾ അസ്വസ്ഥത ഉളവാക്കുന്ന കാര്യങ്ങളാണ് വരച്ചുകാട്ടുന്നത്. ചികിത്സാ പിഴവുകൾ, ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ, എന്നിവയോടൊപ്പം ഇതൊരു കൊലപാതകമാണോ എന്ന് വരെയുള്ള ചോദ്യങ്ങളിലേക്കാണ് മറഡോണയുടെ മരണം എത്തിനിൽക്കുന്നത്.
ഫുട്ബാൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച സൂപ്പർതാരത്തിന് ഇത്തരത്തിലൊരു അന്ത്യം എങ്ങനെ സംഭവിച്ചെന്ന് അറിയാതിരിക്കുകയാണ് ലോകം. മറഡോണയെ ചികിത്സിച്ച ഏഴംഗ വൈദ്യസംഘത്തെ വിചാരണ ചെയ്യുമെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നു. മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് മറഡോണക്ക് സബ്ഡ്യൂറൽ ഹെമറ്റോമയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അദ്ദേഹത്തിന് ദുർബലാവസ്ഥ ഉണ്ടായിരുന്നിട്ടും, 24 മണിക്കൂറും വൈദ്യ മേൽനോട്ടം ലഭിക്കുന്ന ഒരു ആശുപത്രിയിൽ പാർപ്പിക്കുന്നതിനുപകരം വീട്ടിൽ തന്നെ പരിചരണത്തിലാക്കി.
മെഡിക്കൽ ബോർഡിൽ നിന്നുള്ള റിപ്പോർട്ടിൽ മറഡോണയുടെ പരിചരണത്തിൽ "കുറവും അശ്രദ്ധയും" സംഭവിച്ചതായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷാകാര്യങ്ങൾ ശ്രദ്ധിക്കേണ്ടവർ സ്വീകരിച്ച തീരുമാനങ്ങളെക്കുറിച്ച് ഗുരുതര ആശങ്കകൾ ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മറഡോണയുടെ അവസാന നാളുകൾ ഒരു "ഭയാനകമായ വീടിനുള്ളിൽ" എന്നപോലെ ആയിരുന്നുവെന്ന് മുഖ്യ പ്രോസിക്യൂട്ടർ പട്രീഷ്യോ ഫെരാരി വിശേഷിപ്പിച്ചു. ശരിയായ വൈദ്യസഹായം ലഭിക്കാതെ അദ്ദേഹം 12 മണിക്കൂറിലധികം വേദന അനുഭവിച്ചതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന കാര്യമാണിത്.
മനഃപൂർവമല്ലാത്ത നരഹത്യക്ക് ഏഴ് മെഡിക്കൽ പ്രഫഷനലുകൾ നിലവിൽ വിചാരണ നേരിടുന്നുണ്ട്, കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ എട്ട് മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. ന്യൂറോസർജൻ ലിയോപോൾഡോ ലൂക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാച്ചോവ്, മനഃശാസ്ത്രജ്ഞൻ കാർലോസ് ഡയസ്, മെഡിക്കൽ ക്ലിനിഷ്യൻ പെഡ്രോ ഡി സ്പഗ്ന, ഹോം കെയർ കോഓഡിനേറ്റർ നാൻസി ഫോർലിനി, നഴ്സിങ് കോഓഡിനേറ്റർ മരിയാനോ പെറോണി, നഴ്‌സ് റിക്കാർഡോ അൽമിറോൺ എന്നിവരാണ് പ്രതിചേർക്കപ്പെട്ടവർ.
നിർണായക മുന്നറിയിപ്പ് സൂചനകൾ അവഗണിച്ചുവെന്ന് മാത്രമല്ല, മറഡോണയുടെ മരണം അനിവാര്യമാക്കുന്ന സാഹചര്യങ്ങൾക്ക് വഴിയൊരുക്കാനും ഈ ടീമിൻറെ സംഭാവനയുണ്ടെന്ന് പ്രോസിക്യൂട്ടർമാർ വാദിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.