കളഞ്ഞുകുളിച്ച് അവസരങ്ങൾ; നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില
text_fieldsപനാജി: ആദ്യവസാനം ആവേശം ഇരുവശത്തും കയറിയിറങ്ങിയ കളിയിൽ കളഞ്ഞുകുളിച്ച അവസരങ്ങൾക്ക് വില കൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ എ.ടി.കെക്കു മുന്നിലേറ്റ വൻതോൽവിക്ക് നോർത്ത് ഈസ്റ്റിനോട് കണക്കു ചോദിക്കാനിറങ്ങിയവർക്ക് ഗോൾരഹിത സമനില.
ആദ്യ വിസിൽ മുതലേ ഗോൾമുഖം തേടിയിറങ്ങിയ മഞ്ഞപ്പടയെ പ്രതിരോധ മതിലൊരുക്കി പൂട്ടിയും വീണുകിട്ടുന്ന അവസരങ്ങളിൽ ഗോളിലേക്ക് പറന്നും നോർത്ത് ഈസ്റ്റ് തുടക്കമിട്ട കളിയിൽ ബ്ലാസ്റ്റേഴ്സായിരുന്നു ഒരു പണത്തൂക്കം മുന്നിൽ. മധ്യനിരയിൽ പറന്നുനടന്ന പന്ത് ആദ്യമായി ശരിക്കും ഗോളിനരികെയെത്തുന്നത് 36ാം മിനിറ്റിൽ.
ഗോളി മാത്രം മുന്നിൽ നിൽക്കെ ഒഴിഞ്ഞുകിട്ടിയ പന്തുമായി ഓടിയെത്തിയ ജോർജ് ഡയസ് അനായാസമായി തട്ടിയിട്ടത് പുറത്തേക്ക്. ഗോളാരവത്തിന് കാത്തുനിന്ന പരിശീലകനും സഹതാരങ്ങളും നിശ്ശബ്ദമായ നിമിഷം.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം കളിയുണർന്നപ്പോൾ പിന്നെയും എതിർ നിരയിൽ അപകടം വിതച്ച് ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ആറുമിനിറ്റിനിടെ വിൻസി തുടക്കമിട്ട നീക്കം കാലിൽ കിട്ടിയ സഹൽ ഗോളിലേക്ക് പായിക്കാൻ വൈകി.
പിന്നെയും നിരവധി തവണ നോർത്ത് ഈസ്റ്റ് ഗോൾമുഖത്ത് അപായമണി മുഴക്കി ജോർജ് ഡയസും സംഘവും പാഞ്ഞെത്തിയെങ്കിലും ലക്ഷ്യം കാണാൻ മറന്നപ്പോൾ കളി ഗോളില്ലാ സമനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.