'മലപ്പുറംകത്തി, മെഷീന്‍ഗണ്ണ്, ക്രിസ്റ്റ്യാനോ റൊണാൾഡോ' !; ഒടുവിൽ വാറ്റ്ഫോഡിന്‍റെ തട്ടകത്തിലും പറയിപ്പിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്
text_fieldsലണ്ടൻ: ''എന്തൊക്കെയായിരുന്നു വീരവാദം... മലപ്പുറം കത്തി, അമ്പും വില്ലും, മെഷീന്‍ഗണ്ണ്, ഒലക്കേടെ മൂട്...ഒടുവില്‍ പവനായി ശവമായി...'' ശ്രീനിവാസന്‍റെ രചനയിൽ വിരിഞ്ഞ നാടോടിക്കാറ്റ് സിനിമയിലെ ഈ ഡയലോഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വാറ്റ്ഫോഡ്- മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം കണ്ടവർ ഓർക്കാതിരിക്കില്ല. പഴയ പടക്കുതിരയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ രാഗിമിനുക്കിയെടുത്ത് മൂർച്ച കൂട്ടി മാഞ്ചസ്റ്റർ യുനൈറ്റഡ് പുനരവതരിപ്പിച്ചപ്പോൾ ഇനി 'ശരിക്കുമുള്ള കളി കണ്ടോളൂ' എന്നായിരുന്നു ആരാധകരുടെ വെല്ലുവിളി.
എന്നാൽ, ടീം ഇതുവരെ സെറ്റായില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ആടിയും ഉലഞ്ഞു നീങ്ങിയ മാഞ്ചസ്റ്റർ കപ്പൽ ഒടുവിൽ വാറ്റ്ഫോഡിനു മുന്നിലും വീണു. അന്തരാഷ്ട്ര മത്സരങ്ങളുെട ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ താരങ്ങൾ 'കബ്ല് മൂഡിലേക്ക്' മാറുന്നതിനു മുന്നെയാണ് വാറ്റ്ഫോഡ് തട്ടകത്തിലെത്തി 4-1ന് തോറ്റത്. മാഞ്ചസ്റ്റർ സിറ്റിയോട് 2-0ത്തിന് തോറ്റതിനു പിന്നാലെയാണ് ഗ്ലാമർ സംഘം വാറ്റ്ഫോഡിനോടും തോറ്റത്.
ദുർബല ടീമെന്ന് കരുതി ബൂട്ടുകെട്ടിയ സോൾഷ്യെയർ സംഘത്തിന് മുൻ ചാമ്പ്യൻ കോച്ച് ക്ലൗഡിയോ റെനിയേരി പരിശീലിപ്പിച്ച വാറ്റ്ഫോഡിന്‍റെ പോരാട്ടവീര്യം അളക്കാനായില്ലെന്നതാണ് നേര്. ടെക്നിക്കൽ മികവും ഒത്തിണക്കവും കൗണ്ടർ അറ്റാക്കുമെല്ലാം ചേർന്ന വാറ്റ്ഫോഡ് ടീം ആർത്തിരമ്പിക്കളിച്ചപ്പോൾ അവർക്കു മുന്നിൽ യുനൈറ്റഡിന്‍റെ കേളിേകട്ട താരങ്ങളെല്ലാം ഒന്നുമല്ലാതായി.
9,11 മിനിറ്റുകളിൽ തന്നെ വാറ്റ്ഫോഡ് യുനൈറ്റഡിനെ പേടിപ്പിച്ച് തങ്ങളുടെ മേധാവിത്വം അറിയിച്ചിരുന്നു. ആദ്യം വാറിൽ ഗോൾ നിഷേധിക്കപ്പെട്ടപ്പോൾ, 11ാം മിനിറ്റിലെ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിയില്ല. മാഞ്ചസ്റ്റർ ഗോൾ കീപ്പർ ഡേവിഡ് ഡിഹിയയുടെ മിന്നു സേവാണ് യുനൈറ്റഡിനെ കാത്തത്. എങ്കിലും വാറ്റ്ഫോഡ് താരങ്ങൾ നിരാശരായില്ല.
തന്ത്രങ്ങൾ മാറ്റിപ്പിടിച്ച് കളിച്ച വാറ്റ്ഫോഡ് ഇരു പകുതിയിലുമായി രണ്ടു ഗോൾ വീതം അടിച്ചു. 28ാം മിനിറ്റിൽ ജോഷ്വ കിങ്ങും 44ാം മിനിറ്റിൽ ഇസ്മയില സാറും. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയം ജായോ പെഡ്രോയും(92), ഇമാനുവൽ ഡെന്നിസും(96) കൂടി ഗോൾ നേടിയതോടെ യുനൈറ്റഡ് പൂർണമായി തകർന്നു.
50ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിൽ നിന്നും ഡോണി വാൻ ഡി ബീക്കാണ് യുനൈറ്റഡിന്‍റെ ആശ്വാസ ഗോൾ നേടിയത്. 69ാം മിനിറ്റിൽ ഹാരി മഗ്വെയറിന് രണ്ടാം മഞ്ഞകാർഡ് കണ്ട് പുറത്തുപോവേണ്ടി വന്നതും യുനൈറ്റഡിന് തിരിച്ചടിയായി.
ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ കോച്ച് ഒലെ ഗണ്ണർ സോൾഷ്യെയറിന്‍റെ കസേര തെറിക്കാൻ സാധ്യത ഏറെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.