കെ.പി.എൽ ആവേശത്തിൽ വയനാട്
text_fieldsകൽപറ്റ: സ്കോർലൈൻ കേരള പ്രീമിയർ ലീഗിന്റെ (കെ.പി.എൽ) സെമിഫൈനൽ പോരാട്ടങ്ങളുടെ ആവേശത്തിലേക്ക് വയനാട്. കൽപറ്റ മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ മാർച്ച് 13 മുതൽ 16 വരെയാണ് ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾ. 19നാണ് ഫൈനൽ.
വയനാട് യുനൈറ്റഡ് എഫ്.സി, ഗോകുലം കേരള എഫ്.സി, കേരള യുനൈറ്റഡ് എഫ്.സി, കോവളം എഫ്.സി ടീമുകളാണ് ഗ്രൂപ് റൗണ്ടും സൂപ്പര് സിക്സും പിന്നിട്ട് അവസാന നാലിലെത്തിയിരിക്കുന്നത്. 13ന് വയനാട് യുനൈറ്റഡ് എഫ്.സിയും കേരള യുനൈറ്റഡ് എഫ്.സിയും 14ന് ഗോകുലം കേരള എഫ്.സിയും കോവളം എഫ്.സിയും തമ്മിലുള്ള ആദ്യപാദ സെമി ഫൈനലുകൾ നടക്കും. 15ന് കേരള യുനൈറ്റഡ് എഫ്.സി-വയനാട് യുനൈറ്റഡ് എഫ്.സി, 16ന് കോവളം എഫ്.സി- ഗോകുലം കേരള എഫ്.സി രണ്ടാം പാദ സെമിഫൈനലുകളും നടക്കും. രാത്രി 7.30നാണ് കിക്കോഫ്.
കേരള പ്രീമിയർ ലീഗ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അപ്രതീക്ഷിതമായി വയനാട്ടിലേക്ക് മാറ്റിയതോടെയാണ് ഇത്തരമൊരു പ്രധാനപ്പെട്ട ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ജില്ലക്ക് അവസരമൊരുങ്ങിയത്. ഫ്ലഡ് ലിറ്റ് സംവിധാനങ്ങളോടെയുള്ള വയനാട് ജില്ല സ്റ്റേഡിയം ഉദ്ഘാടനം ചെയ്തശേഷം ആദ്യമായി നടക്കുന്ന ഫുട്ബാൾ ടൂർണമെന്റ് കൂടിയാണിത്. 2022 സെപ്റ്റംബർ 26നാണ് വയനാട്ടിലെ ആദ്യ സിന്തറ്റിക് ട്രാക്കോടെയുള്ള അത്യാധുനിക സ്റ്റേഡിയം നാടിന് സമർപ്പിക്കുന്നത്.
ഹീറോ സൂപ്പർ കപ്പ് നടക്കുന്ന കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും പരിശീലന ഗ്രൗണ്ടായ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും ഒരുക്കം നടത്തേണ്ടതിനാലാണ് വയനാട് യുനൈറ്റഡ് എഫ്.സിയുടെ ഹോം ഗ്രൗണ്ട് കൂടിയായ മരവയലിലെ ജില്ല സ്റ്റേഡിയത്തിലേക്ക് സെമിഫൈനൽ മത്സരങ്ങൾ മാറ്റിയത്. കെ.പി.എല്ലിൽ അപരാജിതരായി സൂപ്പർ സിക്സിൽ ചാമ്പ്യന്മാരായ വയനാട് യുനൈറ്റഡ് എഫ്.സിയുടെ മികച്ച പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാവുകയാണ് ഈ ആതിഥേയത്വം.
ജില്ല സ്പോർട്സ് കൗൺസിൽ, ജില്ല ഫുട്ബാൾ അസോസിയേഷൻ, വയനാട് യുനൈറ്റഡ് എഫ്.സി എന്നിവ സംയുക്തമായാണ് സംഘാടനം. വയനാട്ടിൽ ആദ്യമായെത്തുന്ന കേരള പ്രീമിയർ ലീഗിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ വൻ വിജയമാക്കാനുള്ള ഒരുക്കം ആരംഭിച്ചതായും ഗ്രൗണ്ട് സജ്ജമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും സംഘാടക സമിതി ഭാരവാഹികളായ എം. മധു, കെ. റഫീഖ് ഷമീം ബക്കർ, പ്രവീൺ, പി.കെ. അയ്യൂബ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.