വയനാടിന് കൈത്താങ്ങ്; പ്രദർശന മത്സരത്തിൽ മുഹമ്മദൻസിന് വിജയം
text_fieldsമഞ്ചേരി: കേരളത്തിന്‍റെ കണ്ണീരായ വയനാടിനെ വീണ്ടെടുക്കാൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന അതിജീവന പോരാട്ടത്തിൽ പെയ്തൊഴിഞ്ഞ പേമാരിക്കും മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന്‍റെ മുന്നേറ്റത്തിനും മുന്നിൽ പിടിച്ചുനിൽക്കാനാകാതെ സൂപ്പർ ലീഗ് കേരള ഇലവന് അടി തെറ്റി. 2-1 എന്ന സ്കോറിനാണ് മുഹമ്മദൻസ് വിജയക്കൊടി പാറിച്ചത്.
21ാം മിനിറ്റിൽ റംസാനിയ, 75ാം മിനിറ്റിൽ അബ്ദുൽ ഖാദിരി എന്നിവർ ഗോൾ നേടി. 25ാം മിനിറ്റിൽ ക്യാപ്റ്റൻ ബെൽഫോർട്ട് പെനാൽറ്റിയിലൂടെ കേരള ഇലവന്റെ ഏക ഗോൾ നേടി. ഐ ലീഗ് ചാമ്പ്യന്മാരായി മലപ്പുറത്തെത്തിയ മുഹമ്മദൻസ് ആക്രമണത്തിലും പ്രതിരോധത്തിലും മികച്ചുനിന്നു.
ആദ്യപകുതിയിൽ ഒപ്പത്തിനൊപ്പം
കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ മുഹമ്മദൻസിന് ലഭിച്ച സുവർണാവസരം നഷ്ടമായി. വലതുവിങ്ങിൽനിന്ന് പ്രണിയ നൽകിയ പന്ത് ഏഴാം നമ്പർ താരം റോച്ചം സേലക്ക് പോസ്റ്റിലേക്ക് തട്ടിവിടാനാകാതെ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ മുഹമ്മദൻസ് ബോക്സിലേക്ക് കേരള ഇലവൻ പന്തെത്തിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടി മടങ്ങി. 14ാം മിനിറ്റിൽ ആദ്യ കോർണർ നേടി കേരള ഇലവൻ അവസരം തുറന്നെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ 16ാം മിനിറ്റിൽ ക്യാപ്റ്റൻ ബെൽഫോർട്ടിനെ വീഴ്ത്തിയതിന് ബോക്സിനടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ബാറിന് തൊട്ടുരുമ്മി പുറത്തേക്കുപോയി.
ഇതിനിടെ 21ാം മിനിറ്റിൽ ലഭിച്ച രണ്ടാം അവസരം ഗോളാക്കി മാറ്റി മുഹമ്മദൻസ് മുന്നിലെത്തി. വലതുഭാഗത്തുനിന്ന് ലഭിച്ച പന്ത് ബോക്സിൽനിന്ന് റംസാനിയ ഇടങ്കാൽ കൊണ്ട് മനോഹരമായി ഗോൾ കീപ്പറെ മറികടന്ന് വലയിലെത്തിച്ചു (1: 0). എന്നാൽ, മുഹമ്മദൻസിന്റെ ഗോളിന് അധികം ആയുസ്സുണ്ടായില്ല. ഗോൾ വഴങ്ങി നാലാം മിനിറ്റിൽ തന്നെ തിരിച്ചടിച്ച് കേരള ഇലവൻ ഒപ്പമെത്തി. പന്തുമായി മുന്നേറിയ സിയാൻഡയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ബെൽഫോർട്ട് അനായാസം വലയിലെത്തിച്ചു. (1-1). 25ാം മിനിറ്റിൽ ഗോൾ വഴങ്ങിയെങ്കിലും മുഹമ്മദൻസിെൻറ മുന്നേറ്റത്തിന് കുറവുണ്ടായില്ല. തൊട്ടടുത്ത മിനിറ്റിൽ റംസാനിയയുടെ ഷോട്ട് പുറത്തേക്ക് പോയി. 29ാം മിനിറ്റിൽ സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് മുഹമ്മദൻസ് കീപ്പർ പദം ഛേത്രി തട്ടിയകറ്റി. 37ാം മിനിറ്റിൽ മുഹമ്മദൻസ് ഘാന താരം ജോസഫ് അഡെ എതിർ പോസ്റ്റിലേക്ക് ലക്ഷ്യംവെച്ചെങ്കിലും നഷ്ടമായി.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ കേരള ഇലവൻ തുടരെ രണ്ട് കോർണറുകൾ നേടിയെടുത്തെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയുടെ 28ാം മിനിറ്റിൽ മലയാളി താരം സൗരവിനെ കോച്ച് ബിനോ ജോർജ് പിൻവലിച്ചു.
സൂപ്പർ സബ് ഖാദിരി
മുഹമ്മദൻസിന്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ഉണർന്നത്. രണ്ടാം പകുതി ആരംഭിച്ചതോടെ കേരള ഇലവൻ ഗോൾ കീപ്പർ മിഖായേലിനെ പിൻവലിച്ചു. ആക്രമണത്തിന് മൂർച്ച കൂട്ടി മുഹമ്മദൻസ് എതിർ ബോക്സിൽ നിരന്തരം ഗോൾ ശ്രമം നടത്തി. 75ാം മിനിറ്റിൽ ഇതിന് ഫലവും കണ്ടു. സബ് ആയി ഇറങ്ങിയ ഘാന താരം അബ്ദുൽ ഖാദിരിയുടെ ഉഗ്രൻ വലങ്കാലൻ ഷോട്ട് ഗോൾ കീപ്പറെ മറികടന്ന് പോസ്റ്റിന്റെ വലത് മൂലയിൽ പതിച്ചു (2-1). കളിയുടെ അവസാന മിനിറ്റിൽ വിജയഗോൾ നേടിയ ഖാദിരിയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതോടെ രണ്ടാം ഗോൾ നേടാനുള്ള അവസരം നഷ്ടമായി. 85ാം മിനിറ്റിൽ മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ സൂപ്പർ ലീഗ് കേരള ഇലവനുവേണ്ടി കളത്തിലിറങ്ങി. കറുത്ത മുത്തിന്റെ കാലിൽ പന്ത് കിട്ടിയപ്പോഴെല്ലാം ഗാലറിയിൽ ആരവം നിറഞ്ഞു.
ഐ ലീഗ് ചാമ്പ്യന്മാരായി ഐ.എസ്.എല്ലിലേക്ക് ടിക്കറ്റ് എടുത്ത മുഹമ്മദൻസിന് അടുത്തമാസം 16ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ കന്നി എതിരാളികൾ. മത്സരത്തിന് മുന്നോടിയായി നടന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. അർജുൻ സുന്ദരേശന്റെ നേതൃത്വത്തിലിറങ്ങിയ അർജ്യൂ സൂപ്പർ ഇലവനും സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ ക്യാപ്റ്റനായ സീക്രട്ട് സൂപ്പർ ഇലവനും തമ്മിലായിരുന്നു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.