അബഹയിലെ കാലാവസ്ഥ കളിക്കാൻ അനുകൂലം -സഹൽ അബ്ദുൽ സമദ്
text_fieldsഅബഹ: ഇന്ത്യ-അഫ്ഗാൻ ഫുട്ബാൾ മത്സരത്തിന് അബഹയിലെ കാലാവസ്ഥ അനുയോജ്യമാണെന്ന് ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ്. അബഹയിൽ എത്തിയ ടീം ഈ ദിവസങ്ങളിൽ മികച്ച പരിശീലനം നടത്തി പൂർണ സജ്ജമായെന്നും മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സൗദിയിൽ ആദ്യമായി കളിക്കാൻ എത്തുന്ന ഇന്ത്യൻ ടീമിന് അബഹയിലെ പ്രമുഖ പ്രവാസി ഫുട്ബാൾ ക്ലബ്ബുകളായ ഫാൽക്കൺ എഫ്.സി, മെട്രോ സ്പോട്സ്, അബഹ പ്രവാസി മലയാളി കൂട്ടായ്മയായ സ്റ്റാർ ഓഫ് അബഹ എന്നിവ സ്വീകരണം നൽകി.
അബഹയിൽ അഫ്ഗാനിസ്താനെ നേരിടാൻ ടീം സജ്ജമാണെന്ന് ഇന്ത്യൻ ടീം കോച്ച് കൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാക് പ്രതികരിച്ചു. അബഹയിലെ കിങ് ഫഹദ് റോഡിൽ ബാഹസ് പാലത്തിന് സമീപമുള്ള ദമക്ക് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 10നാണ് മത്സരം. 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കും 2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യകപ്പ് ടൂർണമെൻറിലേക്കുമുള്ള യോഗ്യത റൗണ്ട് മത്സരത്തിലെ ഒരു കളിയാണ് അബഹയിൽ നടക്കുന്നത്.
ഫുട്ബാളിന് നല്ല സ്വീകാര്യതയുള്ള അബഹയിൽ ഇങ്ങനെ ഒരു മത്സരം വരുന്നത് ഇന്ത്യൻ പ്രവാസികളെ ആവേശത്തിലാക്കിയിട്ടുണ്ട്. അബഹയിലെയും പരിസരപ്രദേശങ്ങളിലെയും ഇന്ത്യൻ സ്കൂളുകളിലെയും കുട്ടികൾക്ക് കളി കാണാൻ അവസരം നൽകണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് സേവനവിഭാഗം മെമ്പർ ബിജു കെ. നായർ പറഞ്ഞു. ഇങ്ങനെ ഒരു അവസരം എല്ലാ ഇന്ത്യക്കാരും മുതലാക്കണമെന്ന് ഫാൽക്കൻ എഫ്.സി മനേജർ ജമീൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.