സബാഷ്, മിസ്റ്റർ ഹാലർ
text_fieldsആത്മവീര്യത്തെയും ദൃഢനിശ്ചയത്തെയും അന്വർഥമാക്കുന്ന കാഴ്ചകൾ വിരളമാണ്. അങ്ങനെയൊന്ന് സംഭവിക്കയെന്നാൽ അവിടെയൊരു ഇതിഹാസം രചിക്കപ്പെട്ടു എന്നർഥം. അത്തരമൊരു ഐതിഹാസിക പിറവിക്ക് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫുട്ബാൾ ലോകം സാക്ഷിയാണ്, പ്രത്യേകിച്ച് ആഫ്രിക്കൻ വൻകര. അർബുദമെന്ന മഹാവ്യാധിക്ക് വിധിയെഴുതപ്പെട്ട ഐവറികോസ്റ്റ് ഇതിഹാസം സെബാസ്റ്റ്യൻ ഹാലറിന്ന് ആഫ്രിക്കൻ വൻകരയുടെ ജേതാവാണ്. കാൻസറിനെ തോൽപിച്ച് കളി ജയിച്ചവൻ. തനിക്കെതിരെ വരുന്ന എതിരാളികളെ പരാജയപ്പെടുത്തുക എന്ന മത്സരവീര്യത്തെ മുൻനിർത്തി ഹാലർ പോരാടിയത് എതിർടീമിനോട് മാത്രമായിരുന്നില്ല, മഹാരോഗത്തോടും കൂടിയാണ്.
ഈയിടെ അവസാനിച്ച ആഫ്രിക്കൻ കപ്പ് ടൂർണമെന്റ് ഫൈനലിൽ നൈജീരിയക്കൊപ്പം മറുപുറത്ത് ഹാലറടങ്ങിയ ഐവറികോസ്റ്റായിരുന്നു. 38ാം മിനിറ്റിൽ ലീഡുയർത്തി മുന്നേറിയ നൈജീരിയയെ ഏതാണ്ട് കളിയാസ്വാദകരും വിധികർത്താക്കളും വിജയികളായി പ്രഖ്യാപിച്ചു തുടങ്ങിയ സമയം. അപ്രതീക്ഷിതമായി 62ാം മിനിറ്റിൽ ഫ്രാങ്ക് ക്രെസിയിലൂടെ ഐവറികോസ്റ്റ് തിരിച്ചുവരുന്നു.
മൈതാനത്തെ ആഘോഷമുഖരിതമാക്കി 81ാം മിനിറ്റിൽ സൈമൺ അഡിൻഗ്ര നൽകിയ തകർപ്പൻ ക്രോസ് സെബാസ്റ്റ്യൻ ഹാലർ പോസ്റ്റിലേക്ക് ഫ്ലിക്ക് ചെയ്തിടുമ്പോൾ കളി ജയിച്ചത് ഐവറികോസ്റ്റ് മാത്രമായിരുന്നില്ല. അർബുദത്തെ അതിജീവിച്ച 29കാരനായ സെബാസ്റ്റ്യൻ ഹാലറും കൂടിയായിരുന്നു. അന്ന് ഐവറികോസ്റ്റുകാർ സ്തംഭിച്ചത് ടീമിന്റെ ജയം കണ്ടായിരുന്നില്ല. സെബാസ്റ്റ്യൻ ഹാലറെന്ന ഇതിഹാസത്തിന്റെ തിരിച്ചു വരവിലായിരുന്നു.
വെസ്റ്റ്ഹാം യുനൈറ്റഡിനും അജാക്സിനും ശേഷം ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് ചേക്കേറിയതിന് ആഴ്ചകൾക്കുള്ളിൽ 2022 ജൂലൈയിലാണ് ഹാലറിന് വൃഷണാർബുദം സ്ഥിരീകരിക്കുന്നത്. ശേഷം ആറുമാസക്കാലം തീവ്ര പരിചരണത്തിൽ. സർജറികളും തുടർച്ചയായ കീമോകളും ഹാലറിനെ ശാരീരികമായി തളർത്തിയിരുന്നു. കഠിനമായ വേദനയിലും മാനസികമായി തളരാൻ ഒരുക്കമല്ലാതിരുന്ന ഹാലറിന് കളിക്കളത്തിൽ വീണ്ടും മടങ്ങിയെത്തുമെന്ന ആത്മവിശ്വാസം വേണ്ടുവോളമുണ്ടായിരുന്നു. ആ വീര്യത്തിനു മുന്നിലാണ് ഇന്ന് കാൻസർ അടിയറവ് പറഞ്ഞത്.
ഫ്രഞ്ച് പിതാവിനും ഐവറികോസ്റ്റുകാരിയായ മാതാവിനും പിറന്ന ഹാലർ ജന്മംകൊണ്ട് ഫ്രാൻസുകാരനാണ്. ഫ്രഞ്ച് മൈതാനങ്ങളിൽ കളിയുടെ ആദ്യപാഠങ്ങൾ ഗ്രഹിച്ച ഹാലർ, യൂറോപ്പിലും മറ്റു രാജ്യങ്ങളിലുമായി നിരവധി ക്ലബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ഫ്രാൻസ് അണ്ടർ-16 ടീമിലിടം നേടിയ ഹാലർ അണ്ടർ-21 വരെ ഫ്രാൻസ് ടീമിനായി ബൂട്ടുകെട്ടി. ശേഷം 2020ലാണ് അമ്മയുടെ നാടായ ഐവറികോസ്റ്റ് ദേശീയടീമിലേക്ക് ചേക്കേറുന്നത്. 2023 ജനുവരിയിൽ വീണ്ടും ഡോർട്ട്മുണ്ടിനായി കളത്തിലിറങ്ങിയ ഹാലർ നിലവിൽ രാജ്യത്തിനും ക്ലബിനുമായി നേടുന്ന ഓരോ നേട്ടവും പ്രതിസന്ധികളെ അതിജയിച്ച വീരപുരുഷന്റെ വീരപ്രവൃത്തികളായാണ് ലോകം വാഴ്ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.