അനന്തരം 'മാലാഖ' കളമൊഴിഞ്ഞു; സ്വപ്ന തുല്യമായ പടിയിറക്കം
text_fieldsഅർജന്റീനയുടെ ‘വിശ്വസ്തനായ മാലാഖ’ ഒടുവിൽ പടിയിറങ്ങി. വിശ്വകിരീടത്തോടൊപ്പം കോൺമബോളിന്റെ പുത്തൻചൂരുള്ള കപ്പും കൈയ്യിലേന്തിയാണ് ആൽബിസെലെസ്റ്റയുടെ രക്ഷകന്റെ മടക്കം.
കൊളംബിയെക്കെതിരായ കലാശപ്പോരിനൊടുവിൽ (1-0) കിരീടം നേടുമ്പോൾ സ്വപ്ന തുല്യമായ പടിയിറക്കമാണ് ഈ റൊസാരിയോക്കാരന് ലഭിച്ചത്. പരിക്കേറ്റ് ഇതിഹാസതാരം ലയണൽ മെസ്സി പിൻമാറിയതിൽ പിന്നെ അർജന്റീനൻ നിരയുടെ നായിച്ചതും മരിയയായിരുന്നു.
നിശ്ചിത സമയവും കടന്ന് അധിക സമയത്തേക്ക് മുന്നേറിയ കളിയിൽ ലൗത്താറോ മാർട്ടിനസിന്റെ വിജയഗോൾ എത്തും വരെ മാലാഖ കളത്തിലുണ്ടായിരുന്നു. 117 മിനിറ്റുവരെ ഹാർഡ്റോക്ക് മൈതാനത്ത് പന്തുതട്ടിയാണ് താരം വിടവാങ്ങിയത്.
സാക്ഷാൽ ലയണൽ മെസ്സി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ അർജന്റീന ഏറ്റവും കൂടുതൽ കൊണ്ടാടാൻ സാധ്യതയുള്ള താരമായിരുന്നു ഈ 36കാരൻ.
2008ൽ അർജൻറീന ദേശീയ ടീമിൽ അരങ്ങേറിയ താരം വിങ്ങറായും അറ്റാക്കിങ് മിഡ് ഫീൽഡറായും 145 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു.
2008ലെ ഒളിമ്പിക്സിൽ മെസ്സിയും സംഘവും അർജന്റീനക്കായി സ്വർണം നേടിയപ്പോൾ ഫൈനലിൽ ടീമിന്റെ ജയമുറപ്പിച്ചത് ഡി മരിയയുടെ ഗോളാണ്. 2021ലെ കോപ്പ ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനയുടെ ജയവും കിരീടവുമുറപ്പിച്ചത് ഡി മരിയയുടെ ഗോളായിരുന്നു. തുടർന്ന് 2022ൽ ഫിഫ ഫൈനലിസീമയിൽ ഇറ്റലിയെ 3-0ത്തിന് അർജന്റീന കീഴടക്കിയപ്പോഴും ഡി മരിയ വലകുലുക്കി. 2022 ലോകകപ്പ് ഫൈനലിൽ ഒരു ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ഡി മിരയായിരുന്നു.
2005ൽ റൊസാരിയോ സെൺട്രലിലൂടെ പന്തു തട്ടിയാണ് ക്ലബ് കരിയറിന് തുടക്കമിടുന്നത്. ബെൻഫിക്ക, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, യുവന്റസ് തുടങ്ങിയ വമ്പൻ ക്ലബുകൾക്ക് വേണ്ടി രണ്ടുപതിറ്റാണ്ടോളം പന്തുതട്ടി. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം കളിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ ഡി മരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.