1950ൽ ഇന്ത്യ ലോകകപ്പ് കളിച്ചിരുന്നെങ്കിൽ?
text_fieldsലോകകപ്പിന്‍റെ മഹാ വേദിയിൽ ഇന്ത്യയുടെ നീലക്കുപ്പായക്കാർ ബൂട്ടണിഞ്ഞ് നിൽക്കുക.. പലദേശക്കാർ ഒന്നിക്കുന്ന സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയും കടന്ന് 'ജന ഗണ മന...' എന്ന ദേശീയ ഗാനം ഉയർന്നു കേൾക്കുക.. മൈതാനത്ത് ത്രിവർണം പാറിപ്പറക്കുക. ഫുട്ബാളിനെ ലഹരിയായി നെഞ്ചേറ്റുന്ന ഇന്ത്യൻ കളിയാരാധകന് ആ സ്വപ്നം ഇന്നും വിദൂരതയിലാണ്. ക്ലബ് ഫുട്ബാളുകൾ സജീവമാവുകയും, അക്കാദമികൾ ഉയർന്നു വരികയും, കളിയെ ഗൗരവമായെടുക്കുന്നൊരു തലമുറ പിറക്കുകയും ചെയ്തിട്ടും ഫുട്ബാൾ പണ്ഡിറ്റുകളും പറയുന്നു ഇന്ത്യയുടെ ലോകകപ്പ് പ്രവേശനത്തിന് ഇനിയുമേറെ കാത്തിരിക്കണമെന്ന്.
എന്നാൽ, കാലം ഒരു 72 വർഷം പിറകിലേക്ക് മറിച്ചിട്ടാൽ ഇന്ത്യകൂടി പന്തു തട്ടേണ്ട ഒരു ലോകകപ്പ് ഫുട്ബാളുണ്ടായിരുന്നു. ബ്രസീലിൽ നടന്ന വിശ്വമേളയിലേക്ക് സ്വതന്ത്ര്യ ഇന്ത്യയുടെ ഫുട്ബാൾ സംഘത്തെ രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ ക്ഷണിച്ചിട്ടും, പലകാരണങ്ങളാൽ പങ്കെടുക്കാനാവാതെ നിരാശപ്പെടുത്തിയ ഇന്ത്യ. അന്ന് ലോകകപ്പിൽ ബൂട്ട് കെട്ടിയിരുന്നെങ്കിൽ, ഇന്ത്യയുടെ ഫുട്ബാൾ ചരിത്രം മറ്റൊന്നാവുമായിരുന്നുവെന്ന് ആ ടീമിൽ അംഗമാവേണ്ടിയിരുന്നു.ശൈലൻ മന്നയാണ് പിൽക്കാലത്ത് പറഞ്ഞത്.
1950 ലോകകപ്പിലേക്ക് ഇന്ത്യക്ക് അവസരം ഒരുങ്ങിയ കഥ ഇങ്ങനെ. രണ്ടാം ലോകയുദ്ധത്തിെൻറ വെടിയും പുകയും അടങ്ങിയ ശേഷമായിരുന്നു ബ്രസീലിൽ നാലാം ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. യുദ്ധ പശ്ചാത്തലത്തിൽ ഒട്ടനവധി രാജ്യങ്ങൾക്ക് ഫിഫ വിലക്കേർപ്പെടുത്തുകയും മറ്റു ചിലർ ഭീതിദമായ രാഷ്ട്രീയ സാഹചര്യത്തിൽ പിൻവാങ്ങുകയും ചെയ്തപ്പോൾ ഇന്ത്യൻ ഫുട്ബാളിന് മുന്നിൽ സുവർണാവസരം തുറന്നു. യോഗ്യത റൗണ്ടിൽ ഏഷ്യൻ മേഖലയിൽ ബർമ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയവർ പിൻവാങ്ങിയതോടെ ഒരു കളി പോലും കളിക്കാതെ ഇന്ത്യക്ക് സ്വാഭാവിക യോഗ്യത ഉറപ്പായി. ബ്രസീലിലേക്ക് രാജ്യാന്തര ഫുട്ബാൾ ഫെഡറേഷന്‍റെ ക്ഷണവും ലഭിച്ചു. ചരിത്ര മുഹൂർത്തത്തിനുള്ള തയാറെടുപ്പിലായിരുന്നു ഇന്ത്യ. 1950 മേയ് 22ന് ലോകകപ്പിൽ മത്സരിക്കേണ്ട രാജ്യങ്ങളുടെ നറുക്കെടുപ്പും നടന്നു. ഗ്രൂപ് മൂന്നിൽ ഇറ്റലി, സ്വീഡൻ, പരഗ്വേ എന്നിവർക്കൊപ്പം ഇന്ത്യയും ഇടം പിടിച്ചു. അന്നത്തെ റാങ്കിങ് സംവിധാനമായ എലോ റേറ്റിങ്ങിൽ 36ലായിരുന്നു നമ്മുടെ രാജ്യം.
റിയോയിലെ ടീം നറുക്കെടുപ്പിന് പിന്നാെല അടുത്ത ദിവസം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് മുഈനുൽ ഹഖ് കൽക്കട്ടയിൽ പറന്നെത്തി. ഫുട്ബാൾ സംഘാടകരുമായി മണിക്കൂറുകൾ നീണ്ട കൂടിലാലോചനകൾക്കു ശേഷം ചെറു പത്രക്കുറിപ്പിലൂടെ ഇന്ത്യ ലോകകപ്പിൽ നിന്ന് പിൻവാങ്ങുന്നതായി അറിയിച്ചു. ഗ്രൂപ്പ് തെരഞ്ഞെടുപ്പിലെ അസംതൃപ്തിയും പരിശീലനത്തിന് വേണ്ടത്ര സമയമില്ലെന്നതുമായിരുന്നു പിൻവാങ്ങാനുള്ള കാരണമായി ആദ്യം ചൂണ്ടിക്കാണിച്ചത്. റിയോയിലേക്കുള്ള വിമാന യാത്രാച്ചെലവ് താങ്ങാനാവാത്തതാണ് കാരണമെന്നും, അതല്ല ബൂട്ടിടാതെ കളിക്കാൻ അനുവദിക്കാത്തതിനാലാണ് പിൻമാറ്റമെന്നും വാദങ്ങളുണ്ടായി. ഇന്ത്യ പിൻവാങ്ങിയതായ അറിയിപ്പു വന്നതിനു പിന്നാലെ യാത്രാ ചിലവ് വഹിക്കാമെന്ന വാഗ്ദാനവുമായി ഫിഫ ഇടപെട്ടെങ്കിലും ലോകകപ്പ് ഒഴിവാക്കാനുള്ള തീരുമാനം നമ്മുടെ ഫുട്ബാൾ സംഘാടകർ പുനഃപരിശോധിച്ചില്ല.
'ലോകകപ്പിനെക്കാൾ വലുത് അന്ന് ഒളിമ്പിക്സും ഏഷ്യൻ ഗെയിംസുമായിരുന്നു. ലോകകപ്പിനെ കുറിച്ച് പലരും കേട്ടിട്ടുപോലുമില്ലായിരുന്നു. കുറഞ്ഞ ധാരണയെങ്കിലുമുണ്ടെങ്കിൽ ഞങ്ങൾ കളിക്കാർ തന്നെ ലോകകപ്പിൽ പന്തുതട്ടാൻ മുൻകൈയെടുക്കുമായിരുന്നു. ഞങ്ങൾക്കും ഒളിമ്പിക്സും ഏഷ്യൻ ഗെയിംസുമായിരുന്നു ഏറ്റവും വലുത്' ^ഇന്ത്യയുടെ പിൻമാറ്റത്തെ കുറിച്ച് അന്നത്തെ ടീമംഗമായിരുന്ന ശൈലൻ മന്ന ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഇന്ത്യൻ ഫുട്ബാളിന്‍റെ സുവർണ നാളിലെ നായകൻകൂടിയായ മന്ന മരണംവരെ തന്‍റെ വലിയ വേദനയായ് പങ്കുവെച്ച ലോകകപ്പ് നഷ്ടത്തെ കുറിച്ച് മറ്റൊരു കാര്യം കൂടി പറഞ്ഞു ^'റിയോ ലോകകപ്പിൽ നമ്മുടെ ടീം കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ഫുട്ബാൾ മറ്റൊന്നായി മാറുമായിരുന്നു. ഇന്നു നമ്മൾ കാണുന്ന സ്വപ്നത്തിനും മുകളിലാവുമായിരുന്ന ആ യാത്ര'. സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കാലങ്ങൾക്കിപ്പുറം ലോകകപ്പിന് ഒരുപാട് ആഗ്രഹിച്ചിട്ടും ഇന്ത്യ കാതങ്ങൾ അകലെയാണ്. 2017ൽ രാജ്യം വേദിയായ അണ്ടർ 17 ലോകകപ്പിൽ പന്തുതട്ടിയാണ് ആദ്യ ലോകകപ്പ് കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.