അർജന്റീനക്കാർക്ക് എംബാപ്പെയോടുള്ള കലിപ്പിന് യഥാർഥ കാരണമെന്താണ്?
text_fieldsദോഹ: ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് കിരീടമണിഞ്ഞത് മുതൽ തുടങ്ങിയതാണ് കിലിയൻ എംബാപ്പെക്കെതിരായ അർജന്റീന താരങ്ങളുടെയും ആരാധകരുടെയും പരിഹാസം. അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് ഇതിന് തുടക്കമിട്ടത്. ഫൈനൽ കഴിഞ്ഞയുടൻ അര്‍ജന്‍റീന ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ മാർട്ടിനസ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ബ്വേനസ് ഐറിസിലെ വിക്‌ടറി പരേഡിലും എമിയുടെ പരിഹാസം തുടർന്നു. എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയിൽ പിടിച്ച് നിൽക്കുന്ന മിർട്ടിനസിന്‍റെ ദൃശ്യം പുറത്തുവന്നു. പിന്നാലെ താരത്തിന്‍റെ ആഘോഷം അതിരുകടന്നെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. വിജയാഹ്ലാദ പ്രകടനത്തിനിടെ ആരാധകർ എംബാപ്പെയുടെ കോലം കത്തിച്ച് അതിന് ചുറ്റും നൃത്തംവെക്കുന്ന വിഡിയോയും പുറത്തുവന്നു. താരത്തിന്‍റെ 24ാം ജന്മദിനത്തിലായിരുന്നു അർജന്‍റീന ആരാധകരുടെ രോഷപ്രകടനം.
അർജന്റീനക്കാർക്ക് എംബാപ്പെയോട് ഇത്ര കലിപ്പുണ്ടാകാൻ കാരണമെന്താണെന്ന സംശയം പലരും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഫൈനലിൽ അർജന്റീനക്കെതിരെ ഹാട്രിക് നേടി അവരെ വിറപ്പിച്ചതാണോ രോഷത്തിനിടയാക്കിയത്? പല കാരണങ്ങളാണ് അതിന് പറയുന്നത്.
കിരീടം യൂറോപ്പിലേക്ക് തന്നെ പോകുമെന്ന് ലോകകപ്പ് തുടങ്ങുംമുമ്പ് എംബാപ്പെ പ്രതികരിച്ചത് പലരെയും രോഷം കൊള്ളിച്ചിരുന്നു. ‘‘യൂറോപ്പിൽ നേഷൻസ് ലീഗ് പോലെ എല്ലായ്പോഴും ഏറ്റവും മികച്ച ഫുട്ബാൾ തന്നെ കളിക്കുന്നുവെന്നതാണ് ഞങ്ങളുടെ സവിശേഷത. ലോകകപ്പിനെത്തുമ്പോൾ ഞങ്ങൾ ഒരുക്കം പൂർത്തിയായവരാണ്. എന്നാൽ, ലാറ്റിനമേരിക്കയിൽ അർജന്റീനക്കും ബ്രസീലിനും അതില്ല. ഫുട്ബാൾ മറ്റൊരിടത്തും യൂറോപ്പിനെ പോലെ അത്ര മുന്നിലല്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ യൂറോപ്യൻമാർ തന്നെ വിജയം കണ്ടത്’’- എന്നായിരുന്നു ലോകകപ്പ് തുടങ്ങും മുമ്പ് എംബാപ്പെ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഫൈനലിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ മാർട്ടിനസ് ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ‘‘അദ്ദേഹത്തിന് ഫുട്ബാളിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. അദ്ദേഹം ലാറ്റിനമേരിക്കയിൽ കളിച്ചിട്ടില്ല. നിങ്ങൾക്ക് അനുഭവം ഇല്ലെങ്കില്‍, അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ഞങ്ങൾ ഒരു മികച്ച ടീമാണ്’’, എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അർജന്റീനക്ക് തീർക്കാനുള്ള കണക്കുകൾ
എംബാപ്പെക്കെതിരെ മറ്റു ചില കണക്കുകൾ കൂടി അർജന്റീനക്ക് തീർക്കാനുണ്ടായിരുന്നു. പാരിസ് സെന്റ് ജെർമെയ്ൻ ക്ലബിൽ സർവപ്രതാപിയായി മാറിയ ഫ്രഞ്ച് സ്ട്രൈക്കർ, ക്ലബിലുണ്ടായിരുന്ന അർജന്റീന താരങ്ങളെ ഒഴിവാക്കാൻ സമ്മർദം ചെലുത്തിയെന്നത് പരസ്യമായിരുന്നു. ബ്രസീലിന്റെ സ്റ്റാർ സ്ട്രൈക്കർ നെയ്മറുമായുള്ള ഉടക്കും ലോക ശ്രദ്ധ നേടി. നെയ്മറെയും ക്ലബിന് പുറത്തെത്തിക്കാനുള്ള നീക്കമുണ്ടായെങ്കിലും പുലർന്നില്ല. നെയ്മറുടെ അടുത്ത സുഹൃത്തായ ലയണൽ മെസ്സിയുമായും സീസണിന്റെ തുടക്കത്തിൽ എംബാപ്പെ വലിയ രസത്തിലായിരുന്നില്ല. പി.എസ്.ജി താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, ലിസാൻഡ്രോ പരേഡെസ്, മൗറോ ഇക്കാർഡി എന്നിവർ കഴിഞ്ഞ സീസണിൽ ക്ലബ് വിടാൻ കാരണം എംബാപ്പെയാണെന്നാണ് ആരോപണം. ഇവരിൽ ഇക്കാർഡി ഒഴികെയുള്ള രണ്ടുപേരും ഇപ്പോൾ അർജന്റീനയുടെ ലോകകപ്പ് ടീമിലുണ്ട്.
അർജന്റീനക്കാരനായ കോച്ച് മൗറിഷ്യോ പോഷെറ്റിനോയുടെ സ്ഥാനചലനത്തിനും കാരണം എബാപ്പെയാണെന്ന ശ്രുതിയുണ്ടായിരുന്നു. പോഷെറ്റിനോയെ മാറ്റി ക്രിസ്റ്റോഫ് ഗാൾട്ടിയറാണെത്തിയത്. റയൽ മഡ്രിഡിലേക്ക് ചേക്കേറാനുള്ള തന്റെ പദ്ധതികൾ മാറ്റി പാരിസ് സെന്റ് ജെർമെയ്നിൽ തുടരാൻ എംബാപ്പെ തീരുമാനിച്ചത് തന്റെ ഒട്ടേറെ വിവാദ ആവശ്യങ്ങൾ ക്ലബ് ഉടമകൾ അംഗീകരിച്ചതിനെ തുടർന്നാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.