മാറക്കാനയിലെ അക്രമം; ബ്രസീലിനെ കാത്തിരിക്കുന്ന ശിക്ഷയെന്ത്..?
text_fieldsറിയോ ഡെ ജനീറോ: ബ്രസീലിലെ മാറക്കാനയിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ലാറ്റിനമേരിക്കൻ യോഗ്യത മത്സരത്തിന് മുമ്പ് അർജൻറീനൻ ആരാധകർക്ക് നേരെയുണ്ടായ അതിക്രമങ്ങളുടെ പേരിൽ ബ്രസീലിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടി. കഴിഞ്ഞ ദിവസം അർജന്റീന-ബ്രസീൽ മത്സരത്തിന് മുമ്പാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത്.
ഗ്യാലറിയിൽ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ബ്രസീൽ പൊലീസ് അർജന്റീനൻ ആരാധകരെ ക്രൂരമായി മർധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഗ്രൗണ്ടിൽ നിന്ന് അർജന്റീനയുടെ ടീം അംഗങ്ങൾ കയറിപ്പോയിരുന്നു. തുടർന്ന് അരമണിക്കൂറോളം വൈകിയാണ് കളി ആരംഭിച്ചത്.
ഫിഫ അച്ചടക്ക നടപടിയുടെ ആർട്ടിക്കിൾ 17 പ്രകാരം, മത്സരങ്ങൾക്ക് മുമ്പും ശേഷവും സ്റ്റേഡിയത്തിലും പരിസരത്തും സുരക്ഷയൊരുക്കാൻ ആതിഥേയ ക്ലബ്ബുകൾക്കും അസോസിയേഷനുകൾക്കും ഉത്തരവാദിത്തമുണ്ട്. കോപ്പ ലിബർട്ടഡോർസ് ഫൈനലിലും സമാന സംഭവങ്ങൾ ബ്രസീലിൽ അരങ്ങേറിയത് കൊണ്ട് ഫിഫ കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കി അടച്ചിട്ട വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കുക, ഹോം മത്സരങ്ങൾ രാജ്യത്തിന് പുറത്തേക്ക് മാറ്റുക, പോയിന്റ് വെട്ടിക്കുറക്കുക. തുടങ്ങിയവയിലേതെങ്കിലും നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
തുടർച്ചയായ മൂന്ന് മത്സരത്തിൽ തോറ്റ ബ്രസീൽ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്താണിപ്പോൾ. പോയിന്‍റ് വെട്ടിക്കുറച്ചാൽ ഈ സാഹചര്യത്തിൽ ബ്രസീലിന് കനത്ത തിരിച്ചടിയാവും. കഴിഞ്ഞ ദിവസം ബ്രസീലിനെതിരെ 1-0ന് ജയം സ്വന്തമാക്കിയ അർജന്റീന ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറ് കളികളില്‍ 15 പോയിന്‍റുമായി ഒന്നാമതാണ്.
അക്രമം തുടങ്ങുന്നത് ദേശീയ ഗാനം ആലപിക്കുന്നതിനിടെ
ഇരു ടീമിന്റെയും കളിക്കാർ മത്സരത്തിന് മുമ്പ് ഗ്രൗണ്ടിൽ അണിനിരന്നപ്പോഴാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. അർജന്റീനയുടെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് ബ്രസീൽ ആരാധകർ കൂവിവിളിച്ചെന്നാരോപിച്ചാണ് അക്രമങ്ങൾ തുടങ്ങുന്നത്. ഇരുടീമിന്റെയും ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് ഇടപെട്ടതോടെ കാര്യങ്ങൾ കൈവിട്ടു.
അർജന്റീനൻ ആരാധകരെ പൊലീസ് ബ്രസീൽ ആരാധകരും ചേർന്ന് തല്ലുന്നത് കണ്ടതോടെ അർജന്റീനൻ ടീം അംഗങ്ങളും ഗ്യാലറിക്കരികിലേക്ക് നീങ്ങി. ടീം അംഗങ്ങളും പൊലീസുമായി ഉന്തുതള്ളും വരെയുണ്ടായിരുന്നു. തുടർന്നും സ്ഥിതി നിയന്ത്രണവിധേയമാകാതെ പോയതോടെ അർജന്റീനൻ ടീം ഗ്രൗണ്ട് വിട്ടു. ഏറെ നേരത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.