ദൈവത്തിെൻറ കൈകൾ ചേർത്തുപിടിച്ച നിമിഷം..
text_fieldsജീവിതത്തിെല ഏറ്റവും വലിയ ഭാഗ്യമായിരുന്നു മറഡോണയെന്ന ഫുട്ബാൾ ദൈവത്തെ കാണാനും അദ്ദേഹത്തോടൊപ്പം ചേർന്നുനിൽക്കാനും ആ കൈകളിൽ സ്പർശിക്കാനും സാധിച്ചത്. ഞാനൊക്കെ ഫുട്ബാൾ തട്ടിത്തുടങ്ങിയതുതന്നെ മറഡോണയെപ്പോലെ കളിക്കാനായിരുന്നു. പക്ഷേ, ഫുട്ബാളിൽ ദൈവം ഒന്നേയുള്ളൂവെന്ന് മനസ്സിലാക്കാൻ അധികകാലം വേണ്ടിവന്നില്ല.
മറഡോണ കണ്ണൂരിൽ വരുന്നുണ്ടെന്ന് അറിഞ്ഞ് ബോബി ചെമ്മണ്ണൂരിെൻറ ക്ഷണം അനുസരിച്ചാണ് ഞാനും ജിമ്മി ജോർജിെൻറ സഹോദരൻ ജോസ് ജോർജും കണ്ണൂരിലെത്തുന്നത്. അദ്ദേഹത്തെ ഒന്ന് അടുത്തു കാണാനും പറ്റുമെങ്കിൽ ഫോട്ടോയെടുക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പരിപാടിക്ക് തലേദിവസം തന്നെ കണ്ണൂരിലെ ബ്ലൂ നൈൽ ഹോട്ടലിലെത്തി.
എങ്ങും ശക്തമായ സുരക്ഷ. അദ്ദേഹത്തിെൻറ പി.എയെ ആഗ്രഹം അറിയിച്ചു. അങ്ങനെയൊന്നും അദ്ദേഹം ആർക്കും മുഖം തരില്ലെന്ന് മറുപടി. 'എല്ലാത്തിനും അദ്ദേഹത്തിെനാരു മൂഡുണ്ട്. നിങ്ങൾക്ക് ഭാഗ്യമുണ്ടേൽ നടക്കും. ചോദിച്ചുനോക്കെട്ട'... പി.എ അറിയിച്ചു. പിന്നെയൊരു പ്രാർഥനയായിരുന്നു. ഒപ്പം വല്ലാത്തൊരു നെഞ്ചിടിപ്പും.
കാണാൻ അദ്ദേഹം സമ്മതമറിയിച്ചെന്നറിഞ്ഞപ്പോൾ സത്യം പറയട്ടേ, ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടിയിട്ടുപോലും ഞാൻ ഇത്രയും സന്തോഷിച്ചുകാണില്ല. മുറിയുടെ വാതിൽ തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി; പേടിയോടെ. ദേ സാക്ഷാൽ ഡീഗോ മറഡോണ... അതും എെൻറ മുന്നിൽ. പോർച്ചുഗീസ് ഭാഷയായിരുന്നു അദ്ദേഹത്തിെൻറത്. ട്രാൻസ്ലേറ്റർ വഴി അദ്ദേഹം ഞങ്ങളെ പരിചയപ്പെട്ടു.
ദൈവത്തിെൻറ കൈകൾകൊണ്ട് ഞങ്ങൾക്ക് ഹസ്തദാനം നൽകി. എന്തൊരു തണുപ്പായിരുന്നു ആ വിരലുകൾക്ക്. മാന്ത്രികത ഒളിപ്പിച്ച ആ കാലുകളെ ഞാൻ കൊതിയോടെ നോക്കി. പ്രായം തളർത്താത്ത ആ കണ്ണുകളിൽ ഫുട്ബാളിനോടുള്ള ആവേശം എന്നെ അതിശയപ്പെടുത്തി.
ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചപ്പോൾ ആവേശപൂർവം കൈപ്പിടിച്ച് ഒപ്പം നിർത്തി ഫോട്ടോക്ക് പോസ് ചെയ്തു. എെൻറ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോ. തണുത്ത് വിറക്കുന്ന 309ാം നമ്പർ എ.സി റൂമിൽ ഞാൻ അപ്പോഴേക്കും വിയർത്തുകുളിച്ചിരുന്നു. ഫോട്ടോയിൽ ശ്രദ്ധിച്ചുനോക്കിയാൽ ഞാൻ നിന്ന് വിയർക്കുന്നത് കാണാം.
അദ്ദേഹവുമായി ചെലവഴിച്ച ആ 10 മിനിറ്റ് ഒരിക്കലും മറക്കില്ല. അടുത്തദിവസം മറഡോണ സ്റ്റേജിൽ നടത്തിയ പ്രകടനം ഇപ്പോഴും കൺമുന്നിൽ മായാതെ നിൽപ്പുണ്ട്. എന്നെപ്പോലെ കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബാൾ പ്രേമികളുടെ ഹൃദയത്തിൽ മറഡോണക്ക് മരണമില്ല, ആ ടച്ചുകൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.