ലോകകപ്പിന് വിസിൽ മുഴങ്ങുമ്പോൾ
text_fieldsവീണ്ടുമൊരു വിശ്വകിരീടത്തിന് ഖത്തറിൽ വിസിൽ മുഴക്കത്തിനായി ലോകം കണ്ണും കാതും കൂർപ്പിച്ച് അക്ഷമയോടെ കാത്തിരിക്കുകയാണ്. ഇഷ്ടടീമിന്റെ കിരീട ധാരണത്തിനായി എല്ലാം മറന്ന് തെരുവുകൾ കൈയടക്കുന്ന ആരാധകക്കൂട്ടം ദിവസങ്ങൾക്കുമുമ്പേ വാർത്തകളിൽ ഇടംപിടിച്ചു.
സ്വന്തം രാജ്യത്തിന്റെ പതാകയുമായി ലോകകപ്പിനെ വരവേൽക്കാൻ ഇന്ത്യൻ ജനതക്ക് എപ്പോഴാണ് ഭാഗ്യമുണ്ടാവുക എന്ന ചോദ്യത്തിനുള്ള ആശാവഹമായ ഒരുത്തരം അടുത്തകാലത്തൊന്നും ഒരു ശരാശരി കളിപ്രേമി പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ അപ്പോഴും കളിയാവേശത്തിൽനിന്ന് മാറിനിൽക്കാനും അവർക്കാവില്ലെന്നതിന്റെ വലിയ തെളിവാണ് കേരളത്തിന്റെ തെരുവുവീഥികളിൽ ഉയർന്നുനിൽക്കുന്ന ലോകോത്തര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ.
ഫിഫയുടെ ഔദ്യോഗിക പേജിൽപോലും ഇടംപിടിച്ച ഈ കട്ടൗട്ടുകൾ കേരളത്തിന്റെ കളിയാവേശത്തിന്റെ നേർചിത്രങ്ങളാണ്.പക്ഷേ ഈ കളിയാവേശം അതിരുകടക്കാതെ നോക്കേണ്ടത് ആരാധകരുടെ കടമയാണ്. സ്പോർട്സ് സ്പിരിറ്റോടുകൂടി ഈ മാമാങ്കം ആസ്വദിക്കാനാവുമ്പോഴേ അതിന് സൗന്ദര്യമുള്ളൂ. തമാശക്കുള്ള ചില കളിയാക്കലുകൾപോലും ഉൾക്കൊള്ളാനാവാത്ത ദുർബലമനസ്സുള്ളവർ ചുറ്റിലുമുണ്ടാവാം. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ പരാജയത്തിൽ മനംനൊന്ത് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആരുമാനൂർ സ്വദേശി ഡിനു അലക്സിനെ അതുകൊണ്ടുതന്നെ നമ്മൾ മറന്നുപോകരുത്. എസ്കോബാറിന്റെ ജീവനെടുത്ത ഫുട്ബാളിനെയല്ല ലോകം കാത്തിരിക്കുന്നത്.
വെട്ടിയൊഴിഞ്ഞും വേഗതയിലും മഴവില്ലുപോലെ വളഞ്ഞിറങ്ങുന്ന വാരകൾക്കപ്പുറത്തു നിന്നുള്ള ഫ്രീകിക്കുകളും തകർക്കാൻ പറ്റാത്ത പ്രതിരോധ കോട്ടകളിൽ വിള്ളൽവീഴ്ത്തിയും പന്ത് എതിർവലകൾ തുളക്കുകയും ആ മാസ്മരിക നിമിഷങ്ങൾക്കൊടുവിൽ പുതിയൊരു വിശ്വരാജാക്കന്മാർ പിറവി കൊള്ളുന്നതിനുമാണ് ലോകം കാത്തിരിക്കുന്നത്. അതെ, ഒരു രാജ്യം... ഒരു രാജ്യം മാത്രമേ വിജയിക്കുന്നുള്ളൂ...ആരാധകരെ, ശാന്തരാകുവിൻ!
നിങ്ങൾക്ക് വായനക്കാരുമായി പങ്കുവെക്കാനുള്ള ചിത്രങ്ങളും അഭിപ്രായങ്ങളും മറ്റുവിവരങ്ങളും INBOXലേക്ക് അയക്കുക. mail: saudiinbox@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.