ഇന്ത്യയേക്കാൾ സൂപ്പറോ ലീഗ്; ഏഷ്യൻ ഗെയിംസ് ഫുട്ബാളിന് രണ്ടാംനിരയെ അയക്കുന്നതിന് ഉത്തരവാദിയാര്?
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിനെ സംബന്ധിച്ച് നേട്ടങ്ങളുടെ വർഷമാണ് 2023. ത്രിരാഷ്ട്ര ടൂർണമെന്റിലും ഇന്റർ കോൺടിനന്റൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലും കിരീടം നേടിയ ടീം അഞ്ച് കൊല്ലത്തെ ഇടവേളക്കുശേഷം ഫിഫ റാങ്കിങ്ങിൽ നൂറിനകത്തെത്തി. കിങ്സ് കപ്പിൽ നാലാം സ്ഥാനക്കാരായി മടങ്ങിയെങ്കിലും 70ാം റാങ്കുകാരായ ഇറാഖിനെ സമനിലയിൽ തളച്ച് പെനാൽറ്റി ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്.
2026ലെ ലോകകപ്പിൽ 48 ടീമുകൾക്ക് അവസരമുള്ളതിനാൽ ആഞ്ഞുപിടിച്ചാൽ ആ സ്വപ്നം സഫലമാവുമെന്ന പ്രതീക്ഷകളിൽ മുന്നോട്ടുപോകവേയാണ് ജ്യോതിഷിയെ നിയമിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകൾ സ്വീകരിച്ച നിലപാട് കാരണം ഏഷ്യൻ ഗെയിംസിന് നേരത്തേ പ്രഖ്യാപിച്ച ടീമിന് പകരം രണ്ടാംനിരയെ പ്രഖ്യാപിക്കേണ്ടിയും വന്നിരിക്കുന്നു അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്.
ഏഷ്യാഡും ഐ.എസ്.എല്ലും ഒരുമിച്ചു വന്നതെങ്ങനെ
ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടിൽ വരുന്ന താരങ്ങളെയും ടീമുകളെയും മാത്രം വൻകരയുടെ ഗെയിംസിന് ചൈനയിലെ ഹാങ്ചൗവിലേക്ക് അയച്ചാൽ മതിയെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും നിലപാട്. ഈ മാനദണ്ഡംവെച്ച് ഫുട്ബാളിൽ പങ്കെടുക്കാൻ കഴിയില്ലെന്നായി. ഏഷ്യൻ ഫുട്ബാൾ റാങ്കിങ്ങിൽ 18ാം സ്ഥാനത്താണ് ഇന്ത്യൻ പുരുഷ ടീം.
ദേശീയ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കടക്കം കത്തെഴുതുകയും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ കേന്ദ്രമന്ത്രിമാരെ നേരിട്ട് കണ്ട് അഭ്യർഥിക്കുകയും ചെയ്ത ശേഷമാണ് അനുമതി നേടിയെടുത്തത്. എല്ലാ വർഷവും ഫുട്ബാൾ കലണ്ടർ തയാറാക്കുമ്പോൾ അന്തർ ദേശീയ, ദേശീയ ടൂർണമെന്റുകൾ പരിശോധിക്കാറുണ്ട്. ദേശീയ ടീമിന്റെയും ക്ലബുകളുടെയും മത്സരങ്ങൾ ഒരേ സമയത്ത് വരുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ആഭ്യന്തര ടൂർണമെന്റുകൾ ഷെഡ്യൂൾ ചെയ്യാറ്.
തീയതികൾ പ്രഖ്യാപിച്ചില്ലെങ്കിലും സാധാരണപോലെ ഐ.എസ്.എൽ സീസൺ മുൻകൂട്ടി തീരുമാനിച്ചു. റാങ്കിങ്ങിൽ ആദ്യ എട്ടിലില്ലാത്തതിനാൽ ഇന്ത്യൻ ടീം ഏഷ്യൻ ഗെയിംസിൽ കളിക്കില്ലെന്ന ധാരണയും ഇതിന് കാരണമായി. ഇന്ത്യക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ചതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ഐ.എസ്.എൽ സംഘാടകരാവട്ടെ ഒരടി പിറകോട്ടുപോയതുമില്ല.
ക്ലബുകൾക്കുതന്നെ മേൽക്കൈ
ഐ.എസ്.എൽ ക്ലബുകളുമായി കൂടിയാലോചിക്കാതെയാണ് എ.ഐ.എഫ്.എഫ് ഏഷ്യൻ ഗെയിംസ് ടീ പ്രഖ്യാപിച്ചത്. അണ്ടർ 23 സംഘത്തിൽ മൂന്നു സീനിയർ താരങ്ങളെ ഉൾപ്പെടുത്താൻ അനുവാദമുണ്ട്. ഇതുപ്രകാരം സ്റ്റിമാക് പരിശീലകനായ ടീമിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി, ഡിഫൻഡർ സന്ദേശ് ജിങ്കാൻ, ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു എന്നിവരെയും ചേർത്തു. ഇവരും മറ്റു 19 പേരും വിവിധ ഐ.എസ്.എൽ ക്ലബുകളുടെ താരങ്ങളാണ്.
ഇന്ത്യൻ ക്യാമ്പിലേക്ക് കളിക്കാരെ അയക്കണമെന്ന് സ്റ്റിമാക്കും എ.ഐ.എഫ്.എഫും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ ക്ലബുകൾ ഇതിനോട് പ്രതികരിച്ചില്ലെങ്കിലും ഐ.എസ്.എൽ ഫിക്സ്ചർ പ്രഖ്യാപിച്ചതോടെ മിക്കവരും രംഗത്തെത്തി. കിങ്സ് കപ്പിൽ ഇറാഖിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ മിഡ്ഫീൽഡർ ആഷിഖ് കുരുണിയനെ ഇന്ത്യൻ ടീം തിരിഞ്ഞുനോക്കിയില്ലെന്ന ഗുരുതരമായ ആരോപണമാണ് താരത്തിന്റെ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഉന്നയിച്ചത്. കളിക്കാരെ അയക്കില്ലെന്ന് ഇവർ തുറന്നുപറയുകയും ചെയ്തു.
ദേശതാൽപര്യം മാനിക്കണമെന്ന എ.ഐ.എഫ്.എഫ് ആവശ്യത്തോട് മുഖംതിരിക്കുന്നില്ലെന്നും രണ്ടാംനിരക്കാരെ വിട്ടുനൽകാമെന്നും ഈസ്റ്റ് ബംഗാൾ ഉൾപ്പെടെ നിലപാടെടുത്തു. ഏഷ്യൻ ഗെയിംസ് ഫിഫയുടെ അന്താരാഷ്ട്ര കലണ്ടറിലില്ലാത്തതിനാൽ താരങ്ങളെ അയച്ചില്ലെങ്കിലും ക്ലബുകൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നതാണ് സത്യം. ഇത് മനസ്സിലാക്കിയാണ് ദേശതാൽപര്യം മാനിച്ച് കളിക്കാരെ വിടണമെന്ന് ഫുട്ബാൾ ഫെഡറേഷൻ ആവർത്തിച്ചുകൊണ്ടിരുന്നത്.
ഛേത്രിയും ബംഗളൂരുവും സ്വീകരിച്ച മാതൃക
ആദ്യ ടീമിലെ 22ൽ 13 പേരെ മാറ്റിയാണ് പുതിയ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. സീനിയർ താരങ്ങളിൽ ഛേത്രി മാത്രമേയുള്ളൂ. ഇപ്പോഴത്തെ ടീമിലുള്ളവരിലും നല്ലൊരു ഭാഗം പേരും ഐ.എസ്.എൽ ക്ലബുകളുടെ താരങ്ങളാണെങ്കിലും പ്ലേയിങ് ഇലവനിൽ സാധ്യതയുള്ളവർ കുറവാണ്. ബംഗളൂരു എഫ്.സി മാത്രമാണ് രാജ്യതാൽപര്യത്തിന് മുൻഗണന നൽകിയത്. ഛേത്രിയുടെ ആഗ്രഹത്തിനും വിലകൽപിച്ചു അവർ.
സൂപ്പർ താരത്തെ വിട്ടുനൽകി. ഇന്ത്യൻ നായകനായ ഛേത്രിതന്നെ ഏഷ്യൻ ഗെയിംസ് സംഘത്തിന്റെ ക്യാപ്റ്റനാവുന്നത് നൽകുന്ന ആത്മവിശ്വാസവും ആവേശവും ചെറുതല്ല. ‘‘ഫുൾ സ്ട്രെങ്ത് ടീമല്ലെങ്കിലും ഛേത്രി സ്വീകരിച്ച നിലപാട് മാതൃകപരമാണ്. അദ്ദേഹത്തിന്റെ ക്ലബായ ബംഗളൂരുവും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു’’ -എ.ഐ.എഫ്.എഫ് ഉന്നതരിലൊരാൾ പി.ടി.ഐയോട് പ്രതികരിച്ചതിങ്ങനെ.സെപ്റ്റംബർ 19ന് ചൈനക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 21ന് ബംഗ്ലാദേശിനെയും 24ന് മ്യാന്മറിനെയും നേരിടും. ആറ് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.