റേസ ഫർഹത്ത്: ചില്ലറക്കാരിയല്ല, സഹലിന്‍റെ ജീവിതസഖി
text_fieldsപി.വി. സിന്ധുവിന്റെയും സൈന നെഹ്‍വാളിന്റെയും കളിമികവിനെ പ്രണയിച്ച് ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരമാകാൻ കൊതിച്ച ഒരു മലയാളി പെൺകുട്ടി. അണ്ടർ 15, അണ്ടർ 17 കാറ്റഗറികളിൽ സംസ്ഥാനത്തെ ആദ്യ മൂന്നുപേരിൽ ഇടംപിടിച്ച താരം. അണ്ടർ 10 വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യൻ....ഇന്ത്യൻ ഫുട്ബാൾ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെയും മുന്നണിപ്പോരാളിയായ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പ്രതിശ്രുത വധു റേസ ഫർഹത്ത് ബാഡ്മിന്റൺ സർക്യൂട്ടിൽ ഏറെ അറിയപ്പെടുന്ന കളിക്കാരിയാണ്.
റേസയുടെ കുടുംബം കാസർകോടുനിന്ന് കൊച്ചിയിലേക്ക് കൂടുമാറുകയായിരുന്നു. കടവന്ത്രയിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം. ശേഷം എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്ന് ബി.കോം പൂർത്തിയാക്കി.
നിരവധി സംസ്ഥാന, ദേശീയ തല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുകളിൽ റേസ ഫർഹത്ത് റാക്കറ്റേന്തിയിട്ടുണ്ട്. ഡബ്ൾസ് സ്‍പെഷലിസ്റ്റായ റേസ കരിയറിൽ വനിതാ, മിക്സഡ് ഡബ്ൾസ് ഇനങ്ങളിൽ ഏറെ നേട്ടങ്ങൾ കൊയ്തു. കരിയറിന്റെ തുടക്കത്തിൽ സിംഗ്ൾസിലും കഴിവു തെളിയിച്ചിരുന്നു. 2019ൽ കൊട്ടാരക്കരയിൽ നടന്ന ഓൾ കേരള സീനിയർ റാങ്കിങ് ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും വെള്ളി മെഡൽ നേടിയിട്ടുണ്ട്.
അതേ വർഷം ഒറ്റപ്പാലത്തുനടന്ന ഓൾ കേരള സീനിയർ റാങ്കിങ് ടൂർണമെന്റിൽ വനിതാ ഡബ്ൾസിൽ ചാമ്പ്യനായി. മിക്സഡ് ഡബ്ൾസിൽ വെങ്കലമെഡൽ നേട്ടത്തിലെത്തി. 2012ൽ വിജയവാഡയിൽ നടന്ന ഓൾ ഇന്ത്യ റാങ്കിങ് ടൂർണമെന്റിൽ ഡബ്ൾസിൽ റണ്ണറപ്പായി ദേശീയ തലത്തിൽ റേസ ശ്രദ്ധയാകർഷിച്ചിരുന്നു.
കടവന്ത്ര റീജ്യനൽ സ്പോർട്സ് സെന്ററിനടുത്താണ് റേസയും കുടുംബവും താമസിച്ചിരുന്നത്. കൂട്ടുകാരികൾ അവിടെയെത്തി ബാഡ്മിന്റൺ കളിക്കുന്നത് കണ്ടാണ് റേസയും റാക്കറ്റേന്തി തുടങ്ങുന്നത്. കളിയിൽ ഏറെ ഭാവിയുണ്ടെന്ന് കോച്ച് എം.ജെ. മോഹനചന്ദ്രനാണ് ആദ്യം തിരിച്ചറിഞ്ഞതെന്ന് മാതാവ് സജ്ന പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ റേസയെ റീജ്യനൽ സ്പോർട്സ് സെന്ററിൽ ചേർക്കുകയായിരുന്നു. ആദ്യം ബാലചന്ദ്രൻ തമ്പിക്കു കീഴിലായിരുന്നു പരിശീലനം. പിന്നീടാണ് മോഹനചന്ദ്രനു കീഴിൽ ശിക്ഷണം തുടർന്നത്.
അവിടെനിന്നാണ് അണ്ടർ 10 കാറ്റഗറിയിൽ സംസ്ഥാന ചാമ്പ്യനായി മാറിയത്. 2010 മുതൽ കേന്ദ്രീയ വിദ്യാലയ സംഘാടനത്തിന് കീഴിലുള്ള ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പലകുറി വിജയത്തിലെത്തി ശ്രദ്ധ നേടി. 2014ൽ ആദ്യ വാരിയത്തിനൊപ്പം അണ്ടർ 15 വിഭാഗത്തിൽ സംസ്ഥാന ഡബ്ൾസ് ചാമ്പ്യനായി. അണ്ടർ 17 കാറ്റഗറിയിൽ വയനാട്ടുകാരിയായ പി.സി. മോനിഷക്കൊപ്പം ചേർന്നും ഡബ്ൾസ് കിരീടം സ്വന്തമാക്കി. ആ സമയത്ത്, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ അണ്ടർ 15, അണ്ടർ 17 വിഭാഗങ്ങളിൽ സിംഗ്ൾസിൽ റണ്ണറപ്പുമായും പ്രതിഭ തെളിയിച്ചു. മുൻ ദേശീയ ചാമ്പ്യൻ സനാവേ തോമസിനും ജോയ് ടി. ആന്റണിക്കും കീഴിലായി പിന്നീടുള്ള പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.