ജർമനിയെ ഇനി ആര് രക്ഷിക്കും?; തുടർച്ചയായ രണ്ടാം തോൽവിക്ക് പിന്നാലെ ചോദ്യമുയർത്തി ആരാധകർ
text_fieldsവിയന്ന: പരിശീലകനെ മാറ്റിയിട്ടും കഷ്ടകാലം തീരാതെ ജർമനി. യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്ന ടീം തുടർച്ചയായ രണ്ടാം സൗഹൃദ മത്സരമാണ് തോൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ തുർക്കിയയോട് തോറ്റ ജർമനി ഇത്തവണ ആസ്ട്രിയയോടാണ് രണ്ട് ഗോളിന് നാണംകെട്ടത്.
29ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് മാഴ്സൽ സാബിറ്റ്സർ വലകുലുക്കി. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ 49ാം മിനിറ്റിൽ ലിറോയ് സാനെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ടീമിന് അപ്രതീക്ഷിത തിരിച്ചടിയായി. എതിർ താരം ഫിലിപ്പ് എംവീനിനെ കൈയേറ്റം ചെയ്തതിനായിരുന്നു സാനെക്ക് നേരെ റഫറി ചുവപ്പ് കാർഡ് വീശിയത്. 73ാം മിനിറ്റിൽ ക്രിസ്റ്റഫ് ബൗം ഗാർട്ട്നർ കൂടി ജർമൻ വലയിൽ പന്തെത്തിച്ചതോടെ പതനം പൂർത്തിയായി.
പരിശീലകനായിരുന്ന ഹാൻസി ഫ്ലിക്കിന് കീഴിൽ തോൽവി തുടർക്കഥയായതോടെയാണ് സെപ്റ്റംബറിൽ മുൻ ബയേൺ മ്യൂണിക് പരിശീലകനായ 36കാരൻ ജൂലിയൻ നെഗൽസ്മാനിൽ ടീം അഭയം തേടിയത്. സ്ഥാനമേറ്റ് ആദ്യ മത്സരത്തിൽ യു.എസ്.എയെ പരാജയപ്പെടുത്തി പ്രതീക്ഷ കാത്തെങ്കിലും തൊട്ടടുത്ത മത്സരത്തിൽ മെക്സിക്കോയോട് സമനില വഴങ്ങി. തുടർന്നുള്ള രണ്ട് മത്സരങ്ങളിലും പരാജയമറിയുകയായിരുന്നു. ഇതോടെ ടീമിനെ ഇനി ആര് രക്ഷിക്കുമെന്ന ചോദ്യമുയർത്തി ആരാധകർ രംഗത്തുവന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.