മെസ്സി, നെയ്മർ, റാേമാസ്, എംബാപ്പെ...ഇനി പി.എസ്.ജിയുടെ പെനാൽറ്റി കിക്കുകൾ ആരെടുക്കും?
text_fieldsപാരിസ്: ആധുനിക ഫുട്ബാളിലെ മിന്നുംതാരം ലയണൽ മെസ്സി കൂടി അണിയിലെത്തിയതോടെ താരനിബിഢമായ പി.എസ്.ജിയിൽ ഇനി പെനാൽറ്റി കിക്കുകൾ എടുക്കുന്നത് ആരാവും? ലയണൽ മെസ്സി, നെയ്മർ, സെർജിയോ റാേമാസ്, കിലിയൻ എംബാപ്പെ എന്നീ 'പെനാൽറ്റി കിക്ക് സ്പെഷലിസ്റ്റു'കളിൽ ആരാകും അതിനായി നിയോഗിക്കപ്പെടുക? ഫുട്ബാൾ ലോകത്ത് ഇപ്പോൾ ഉയരുന്ന മില്യൺ ഡോളർ ചോദ്യം കൂടിയാണിത്.
ടീമിലെ സ്റ്റാർ എന്ന നിലയിൽ മെസ്സിയായിരിക്കും സ്പോട്ട് കിക്കുകൾ എടുക്കുകയെന്ന 'തോന്നൽ' ശക്തമാണെങ്കിലും സമീപകാല 'കണക്കുകൾ' റാമോസിന് അനുകൂലമാണ്. കഴിഞ്ഞ പത്തു പെനാൽറ്റികളിൽ പത്തും വലയിലെത്തിച്ചത് ഈ നാലുപേരിൽ റാമോസ് മാത്രം. നെയ്മറും എംബാപ്പെയും ഒമ്പതു വീതം കിക്കുകൾ ഗോളാക്കി മാറ്റിയപ്പോൾ മെസ്സി തന്‍റെ അവസാന പത്തു പെനാൽറ്റി കിക്കുകളിൽനിന്ന് എട്ടുതവണയാണ് ലക്ഷ്യം കണ്ടത്.
ഫ്രീകിക്കിന്‍റെ കാര്യത്തിലും ഈ ആശയക്കുഴപ്പം പി.എസ്.ജി അധികൃതർക്കുണ്ടാവും. എന്നാൽ, ഫ്രീകിക്കുകളിൽനിന്ന് ഗോൾ കണ്ടെത്തുന്നതിൽ ഈ നാലുപേരിൽ ഏറ്റവും മിടുക്കൻ മെസ്സിയാണെന്നതിൽ രണ്ടു പക്ഷമില്ലാത്തതിനാൽ അർജന്‍റീനക്കാരൻതന്നെ അതിനായി നിയോഗിക്കപ്പെടാൻ സാധ്യതയേറെയാണ്.
വമ്പൻ താരങ്ങളിൽ പെനാൽറ്റി കിക്കുകളും ഫ്രീകിക്കുകളും എടുക്കുന്നത് ആരാവണമെന്ന കാര്യത്തിൽ കോച്ച് മൗറിഷ്യോ പോഷെറ്റിനോക്ക് തലപുകക്കേണ്ടിവരും. ഓരോ മത്സരത്തിൽ ഓരോരുത്തരെയായി കോച്ച് അതിന് നിയോഗിക്കുമോയെന്നും കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.